Mon. Dec 23rd, 2024
പിലാത്തറ:

ചെറുതാഴത്തെ കർഷകർക്ക് വീണ്ടും കണ്ണീർ മഴ. രണ്ടാംവിളയ്ക്ക് തയ്യാറാക്കിയ ഇരുന്നൂറ് ഏക്കറിലധികം കൃഷിഭൂമിയാണ്‌ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ നശിച്ചത്. ഞാറ്റടികളും, വയൽ വരമ്പുകളും ഒഴുകിപ്പോയി.

പല സ്ഥലങ്ങളിലും തോടിന്റെ ചിറപൊട്ടി വെള്ളം വയലിലൂടെയാണ് പരന്നൊഴുകുന്നത്. നട്ട ഞാറുകളും വെള്ളത്തിൽ മുങ്ങി. ഇനി ഞാറ്റടി തയ്യാറാക്കാൻ കർഷകരുടെ കൈയ്യിൽ വിത്തുമില്ല.

അതിയടം, ശ്രീസ്ഥ പാടശേഖരത്തിൽ നടീൽ യന്ത്രങ്ങൾ ഉപയോഗിച്ച് നട്ട കൃഷി പൂർണമായും നശിച്ചു. അറത്തിൽ പാടശേഖരത്തിലെ കർഷകരുടെ വിത ഇല്ലാതായി. ഇവിടെ മുപ്പത് ഏക്കാറോളം ഉഴുതുമറിച്ച് നിലമൊരുക്കിയ സ്ഥലത്ത് വിതച്ച വിത്താണ് മഴയിൽ ഒഴുകിപ്പോയത്.

സംഭവസ്ഥലം കൃഷി ഓഫിസർ കെ സതീഷ് കുമാർ, കൃഷി അസിസ്റ്റന്റ് എം കെ സുരേഷ്‌, പി വി രവി ,കെ നാരായണൻ ,ഐ വിലക്ഷ്‌മണൻ എന്നിവർ സന്ദർശിച്ചു. വിളവെടുക്കാറായപ്പോൾ പെയ്ത മഴയിൽ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും ഒന്നാം വിള നെൽകൃഷി വെള്ളം കയറി നശിച്ചിരുന്നു. എങ്കിലും വർദ്ധിച്ച ആത്മവിശ്വാസതത്തോടെ കർഷകർ രണ്ടാംവിള നെൽകൃഷിക്കായി ഞാറ്റടി തയ്യാറാക്കിയെങ്കിലും അതും പൂർണമായും നശിച്ചു. ഇനിയെവിടുന്ന് വിത്തുകിട്ടുമെന്ന ആശങ്കയിലാണ്‌ കർഷകർ. കൃഷിയിറക്കി വീണ്ടുമൊരു പരീക്ഷണത്തിനു മുതിരണോയെന്ന ഭയവുമുണ്ട്‌.