Fri. Nov 22nd, 2024
തിരുവനന്തപുരം:

ഉദ്ഘാടനശേഷം കൊവിഡ് സാഹചര്യത്തെ തുടർന്ന് നീണ്ടുപോയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തിങ്കൾമുതൽ ആരംഭിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ച വേളയിൽ അത്യാഹിത വിഭാഗം എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ എന്നിവർ ചേർന്ന് അതിനുള്ള പ്രവർത്തനം ആരംഭിക്കുകയും മുൻകൂട്ടി നിശ്ചയിച്ച നവംബർ 15നുതന്നെ പൂർത്തികരിക്കുകയുമായിരുന്നു.

2020 സെപ്തംബർ 19നാണ് പുതിയ അത്യാഹിത വിഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. പുതിയ അത്യാഹിത വിഭാഗത്തിൽ ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്.

എമർജൻസി മെഡിസിൻ വിഭാഗം എന്ന നാമമാറ്റത്തോടെ തുടങ്ങുന്ന ഈ വിഭാഗത്തിനായി പ്രത്യേകം വകുപ്പുമേധാവിയുമുണ്ടാകും. 35 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ ചികിത്സാവിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്. പിഡബ്ല്യുഡി, എച്ച്എൽഎൽ എന്നിവ നിർമാണ പ്രവർത്തനത്തിൽ പങ്കാളികളായി. രോഗികൾക്ക് ആശുപത്രിയിലെത്തുന്ന നിമിഷംമുതൽ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് ഇവിടെയുള്ളത്.

വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച്‌ സംയോജിത ചികിത്സ നൽകുന്ന റെഡ് സോൺ വിഭാഗത്തിലേക്കാണ് രോഗിയെ ആദ്യം മാറ്റുന്നത്. രോഗിയുടെ ജീവൻ നിലനിർത്താനുള്ള ചികിത്സയാണ് അവിടെ നൽകുന്നത്. അപകടാവസ്ഥ മാറിയശേഷം തുടർന്നുള്ള ചികിത്സയ്ക്ക് യെല്ലോ സോൺ, ഗ്രീൻ സോൺ തുടങ്ങിയ മറ്റു വിഭാഗങ്ങളിലേക്ക്‌ രോഗിയെ മാറ്റും.

റെഡ് സോണിൽ പന്ത്രണ്ടും യെല്ലോ സോണിൽ 40 രോഗികളെയും ഒരേ സമയം ചികിത്സിക്കാനാവും. ഇതോടൊപ്പമുള്ള മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ ഏഴു കിടക്കയും സർജിക്കൽ വിഭാഗത്തിൽ ഒമ്പത് കിടക്കയുമുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തിയറ്ററും ഡിജിറ്റൽ എക്സ്റേയും അതേ നിലയിലും അൾട്രാസൗണ്ട് സ്കാനറുകളും ഡോപ്ളർ മെഫിനും മൂന്നു സിടി സ്കാനറും എംആർഐ തൊട്ടു താഴെയുള്ള നിലയിലുമാണ്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സ്ട്രോക്ക് യൂണിറ്റ് കൂടി പൂർത്തിയാകുന്നതോടെ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും.