Wed. Jan 22nd, 2025
മഹാരാഷ്ട്ര:

മഹാരാഷ്ട്രയിലെ ബീഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചു. ആറു മാസത്തിനിടെയാണ് അതിക്രൂര പീഡനം നടന്നത്. പീഡിപ്പിച്ചവരിൽ പൊലീസുദ്യോഗസ്ഥനുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് ജില്ലാ എസ്പി രാജാ രാമസ്വാമി വ്യക്തമാക്കി.

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥൻ പീഡിപ്പിച്ചത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്സോ കേസ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. എട്ടു മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു.

എന്നാൽ, ഭർത്താവും ബന്ധുക്കളും പതിവായി ദേഹോപദ്രവം നടത്താൻ തുടങ്ങി. അതോടെ, തിരികെ പിതാവിനരികിലേക്ക് മടങ്ങി പോയെങ്കിലും വീട്ടിൽ കയറ്റിയില്ല. തുടർന്ന്, ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്. ആ സമയത്താണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത്.

പരാതിയുമായി പലവട്ടം പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും അവർ കേസെടുത്തിരുന്നില്ല. കഴിഞ്ഞയാഴ്ചയാണ് പുതിയൊരുദ്യോഗസ്ഥൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം ശിശുക്ഷേമ വകുപ്പ് പെൺകുട്ടിയെ ഏറ്റെടുത്തതായി പോലീസ് അറിയിച്ചു.

കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാജസ്വാമി മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ശൈശവ നിയമ പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്‌സോ, ബലാത്സംഗം, പീഡനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മറ്റ് പ്രതികളെ എല്ലാവരേയും ഉടൻ പിടികൂടുമെന്നും ചിലരെ കുറിച്ച് വിവരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.