Wed. Nov 6th, 2024
ന്യൂഡൽഹി:

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും രാഷ്​ട്രീയ മാതാവാണെന്ന്​ ബി ജെ പി നേതാവ്​. ഭാരതീയ ജനത യുവമോർച്ച പ്രസിഡന്‍റും ലോക്​സഭാംഗവുമായ സൗമിത്ര ഖാനിൻ്റെതാണ്​ വിവാദ പരാമർശം.

ബംഗാളിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്​സിന്‍റെ അധികാര പരിധി 15 കിലോമീറ്ററിൽ നിന്ന്​ 50 കിലോമീറ്ററായി വർധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കത്തെഴുതിയതിന്​ എതിരെ പ്രതികരിക്കുകയായിരുന്നു സൗമിത്ര ഖാൻ.

മമത ബാനർജിയുടെ വാക്കുകൾ ശ്രദ്ധിക്കരുതെന്ന്​ പ്രധാനമന്ത്രിയോട്​ അഭ്യർഥിച്ച ഖാൻ, ബംഗാളിനെ നശിപ്പിച്ചതുപോലെ രാജ്യത്തെയും തകർക്കാൻ ശ്രമിക്കുകയാണ്​ മമത ബാനർജിയെന്നും അറിയിച്ചു.

മമത ബാനർജി ഇന്ത്യയെ ഒരു ധർമശാലയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ‘രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും മാതാവാണ്​ മമത ബാനർജി. കാരണം പൗരത്വ ഭേദഗതി നിയമം പാർലമെന്‍റിൽ പാസാക്കിയപ്പോൾ അവർ എതിർത്തു. പൗരൻമാർക്കായി ദേശീയ രജിസ്റ്റർ പാസാക്കി. അതിനെയും എതിർത്തു. കാരണം അവർക്ക്​ ഇന്ത്യയെ ധർമശാലയാക്കി മാറ്റണമായിരുന്നു. റോഹിങ്ക്യകൾ രാജ്യത്ത്​ പ്രവേശിച്ച്​ ആളുകളെ കൊല്ലുകയും സർക്കാറിന്‍റെ പണം കൊള്ളയടിക്കുകയും ചെയ്യുന്ന ഒരു ധർമശാലയാണോ ഇന്ത്യ​?’ -ഖാൻ ചോദിച്ചു.