Wed. Nov 6th, 2024
ബെർലിൻ:

കൊവ‍‍ിഡ് വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. ഞായറാഴ്ച അർധരാത്രി മുതൽ ലോക്​ഡൗൺ പ്രാബല്യത്തിൽ വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇരുപത്​ ലക്ഷം പേരാണ് ഇനി ഓസ്ട്രിയയില്‍ വാക്സിന്‍ സ്വീകരിക്കാനുള്ളത്.

വീണ്ടും യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങൾ എർപ്പെടുത്താനാരംഭിച്ചിരുന്നു.​ ഈ പശ്ചാത്തലത്തിലാണ്​ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്​. 12 വയസിന് മുകളിൽ പ്രായമുള്ള വാക്സിൻ എടുക്കാത്തവർക്ക്​ ജോലി,​ അവശ്യ സാധനങ്ങൾ വാങ്ങൽ, വാക്സിനേഷൻ എടുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക്​ മാത്രമെ പുറത്തിറങ്ങാൻ ഇനി അനുമതിയുള്ളു.

തുടക്കത്തിൽ 10 ദിവസമാണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്​. പുറത്തിറങ്ങുന്ന ആളുകൾ വാക്​സിനെടുത്തിട്ടുണ്ടോ എന്ന്​ പരിശോധിക്കാൻ പൊലീസിനോട്​ നിർദേശിച്ചിട്ടുണ്ട്​.

പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കുറവ്​ വാക്സിനേഷൻ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. മൊത്തം ജനസംഖ്യയുടെ ഏകദേശം 65 ശതമാനം പേർ മാത്രമാണ് പൂർണമായി വാക്സിനേഷൻ എടുത്തത്​. ഞായറാഴ്ച രാജ്യത്ത് 11,552 പുതിയ കൊവിഡ്​ കേസുകളാണ്​ റിപ്പോർട്ട് ചെയ്​തത്​.