Sat. May 4th, 2024
യു എസ്:

ഇന്‍റർനെറ്റില്ലാതെയുള്ള ജീവിതം ബുദ്ധിമുട്ടാകുന്ന കാലത്താണ്​ നാം ജീവിക്കുന്നത്​. വീട്ടുപകരണങ്ങൾ അടക്കം സ്മാർട്ടായി മാറിയതോടെ​ ഇന്‍റർനെറ്റ്​ സേവനം അൽപ്പമൊന്ന്​ മുടങ്ങിയാൽ ദൈനംദിന പ്രവർത്തനങ്ങൾ പോലും നിലയ്​ക്കുന്ന അവസ്ഥയായി പലർക്കും​.

മുൻ കാലങ്ങളെ അപേക്ഷിച്ച്​ ഇപ്പോൾ, വ്യാവസായിക മേഖലയിലും വീടുകളിലും നിരവധി ഉപകരണങ്ങൾ സ്ഥിരമായി ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്യേണ്ടതുണ്ട്. അത്​ മുന്നിൽ കണ്ടുകൊണ്ട്​ പുതിയ വൈ-ഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ്​ ഗവേഷകർ.

വൈ-ഫൈ ഹാലോ എന്ന പുതിയ ടെക്​നോളജി, നിലവിലുള്ള വൈ-ഫൈ സംവിധാനങ്ങളിൽ നിന്ന്​ ഏറെ വ്യത്യസ്തമാണ്​. ഒരു കിലോമീറ്റർ ചുറ്റളവിൽ വരെ ഇതിന്‍റെ റേഞ്ച്​ ലഭിക്കും. കൂടാതെ, വളരെ കുറച്ച്​ വൈദ്യുതിയും മതിയാകും.

വൈ-ഫൈ കേന്ദ്രീകരിച്ചുള്ള കമ്പനികളുടെ ലോകമെമ്പാടുമുള്ള ഓർഗനൈസേഷനായ ‘വൈ-ഫൈ അലയൻസ്’ പുതിയ സാ​ങ്കേതികവിദ്യയെ​ അടുത്തിടെ അംഗീകരിച്ചിരുന്നു. കൂടാതെ, നിലവിലെ വൈ-ഫൈ പ്രോട്ടോക്കോളുകൾക്കും വൈ-ഫൈയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുമായും ചേർന്നുപോകുന്നതാണ്​ പുതിയ സാ​ങ്കേതിക വിദ്യ​. അതിനാൽ, നിലവിലെ വൈഫൈ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് പോലും പുതിയ സാ​​ങ്കേതികവിദ്യ വലിയ സ്കെയിലിൽ വിന്യസിക്കാൻ കഴിയും.