Wed. Jan 22nd, 2025
ന്യൂഡൽഹി:

രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്​, പഞ്ചാബ് സംസ്ഥാനങ്ങളുടെ യോഗമാണ് വിളിക്കേണ്ടത്. വായു മലിനീകരണം കുറക്കാൻ ഫലപ്രദമായ മാർഗങ്ങൾ തേടണമെന്ന്​ കോടതി നിർദേശിച്ചു.

രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം തടയാൻ ഏതൊക്കെ വ്യവസായങ്ങൾ, വാഹനങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവ തൽകാലം നിർത്തലാക്കാമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഡൽഹി മലിനീകരണ പ്രതിസന്ധിയെക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി കേന്ദ്രത്തോടും ബന്ധപ്പെട്ട സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. വർക്ക് ഫ്രം ഹോം നയം പുനഃപരിശോധിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഡൽഹിയിലെ മലിനീകരണത്തിന് പ്രധാന കാരണം കർഷകർ വൈക്കോൽ കൂട്ടിയിട്ട്​ കത്തിക്കുന്നതല്ലെന്നും ഇത് തലസ്ഥാനത്തെ വൃത്തിഹീനമായ വായുവിന്‍റെ 10 ശതമാനം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂവെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുതെന്ന് ഡൽഹി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വായു മലിനീകരണത്തിന്​ കാരണമാകുന്ന “പ്രാദേശിക വാതക പുറന്തള്ളൽ നിയന്ത്രിക്കുന്നതിന് സമ്പൂർണ ലോക്​ഡൗൺ” പോലുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിന്​ പിന്നാലെയാണ്​ കേന്ദ്രത്തിന്‍റെ പ്രതികരണം​. അതേസമയം, ലോക്​ഡൗൺ ഡൽഹിയിൽ മാത്രമായി നടപ്പാക്കിയതു കൊണ്ട്​ കാര്യമില്ലെന്നും അയൽ സംസ്ഥാനങ്ങളിലും പ്രഖ്യാപിക്കണമെന്നും കെജ്രിവാൾ സർക്കാർ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ പറയുന്നു.

മലിനീകരണത്തിന്​ കാരണമായി വൈക്കോൽ കത്തിക്കൽ മാത്രം സത്യവാങ്​മൂലത്തിൽ​ എടുത്തു കാണിച്ചതിന്​ സുപ്രീം കോടതി ഡൽഹി സർക്കാറിനെ വിമർശിച്ചു.