മുംബൈ:
മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവർ. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെ അടക്കം 20 പുരുഷൻമാരും 6 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൻറെ പശ്ചാത്തലത്തിൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ മഹാരാഷ്ട്രാ ആന്ധ്രാ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സുരക്ഷാ സേനകൾ അതീവ ജാഗ്രതയിലാണ്.
തലയ്ക്ക് 50ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാ പുള്ളിയാണ് കൊല്ലപ്പെട്ട മിലിന്ദ് തെൽതുംബ്ഡെ. സിപിഎം മാവോയിസ്റ്റ് കേന്ദ്രം കമ്മറ്റി അംഗം എന്നതിന് പുറമെ മഹാരാഷ്ട്രാ,മധ്യപ്രദേശ്, ഛത്തീസ്‍ഗഡ് സംസ്ഥാനങ്ങളുടെ ചുമതലയും മിലിന്ദിനായിരുന്നു. മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള മാവോയിസ്റ്റ് ശ്രമത്തിന് നൽകിയ ഏറ്റവും വലിയ തിരിച്ചടിയെന്നാണ് മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി ഏറ്റുമുട്ടിലിനെ വിശേഷിപ്പിച്ചത്.
ഭീമാ കൊറേഗാവ് കേസിൽ ജയിലിലിലുള്ള എഴുത്തുകാരനും വിദ്യാഭ്യാസപ്രവർത്തകനുമൊക്കെയായ ആനന്ദ് തെൽതുംബ്ഡെയുടെ സഹോദരനാണ് മിലിന്ദ്. ഇതേ കേസിലും മിലിന്ദ് പിടികിട്ടാപുള്ളിയാണ്. മഹാരാഷ്ട്രാ പൊലീസിലെ മാവോയിസ്റ്റ് വിരുദ്ധ യൂണിറ്റാണ് രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമുട്ടൽ നടത്തിയത്. ഇന്നലെ പുലർച്ചെ തുടങ്ങിയ ഏറ്റമുട്ടൽ 10 മണിക്കൂറിലേറെ നീണ്ട് നിന്നു.
പ്രദേശത്ത് കൂടുതൽ കമാൻഡോകളെ നിയോഗിച്ച് തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റ അഞ്ച് പൊലീസുകാരുടെ നില ഗുരുതരമല്ല. നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ദിവസം മുൻപാണ് ജാർഖണ്ഡിൽ നിന്ന് കിഷൻ ദായെന്ന മുതിർന്ന് മാവോയിസ്റ്റ് നേതാവ് പിടിയിലായത്.