പുനലൂർ:
ഓട വൃത്തിയാക്കാത്തത് കാരണം വീടുകളിലടക്കം വെള്ളം കയറുന്നതിന് പരിഹാരം ആവശ്യപ്പെട്ട് മണിക്കൂറുകളോളം പെരുമഴ നനഞ്ഞ് ദേശീയപാതയോരത്ത് ശ്രീദേവി നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധേയമായി. ഉരുൾപൊട്ടൽ പലതവണ നാശം വിതച്ച ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്താണ് സി പി ഐ പുനലൂർ മണ്ഡലം കമ്മിറ്റി അംഗമായ ശ്രീദേവി പ്രകാശ് വേറിട്ട സമരമിരുന്നത്. തുടർച്ചയായ മഴയിൽ ഇടപ്പാളയം പള്ളിമുക്കിന് കിഴക്ക് റെയിൽവേയുടെ കലുങ്കിലൂടെ വലിയ വെള്ളം ഒലിച്ചിറങ്ങി പ്രദേശത്തെ മുഴുവൻ വീടുകളിലും വെള്ളം കയറുന്നത് പതിവാണ്.
റെയിൽവേ ലൈൻ ഭാഗത്ത് നിന്നും വരുന്ന വെള്ളം ഒഴുകിപ്പോകാൻ എൻ എച്ച് പ്രദേശത്തെ കാനകൾ വൃത്തിയാക്കാത്തതാണ് വീടുകളിൽ വെള്ളം കയറുന്നതിന് ഇടയാക്കുന്നത്. അടുത്തിടെ ഇവിടുണ്ടായ ഉരുൾപൊട്ടലിലെ നാശം കാണാൻ എത്തിയ റവന്യൂമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു.വെള്ളിയാഴ്ച രാവിലെ പെയ്ത മഴയിലും വെള്ളം വീടുകളിൽ കയറിയതോടെ ശ്രീദേവി പ്രതിഷേധവുമായി ദേശീയപാതയുടെ വശത്തെത്തി മഴ നനഞ്ഞ് ഇരിപ്പുറപ്പിച്ചു.
സംഭവമറിഞ്ഞ റവന്യൂസംഘം പൊക്ലൈനർ ഉപയോഗിച്ച് ഓട ഭാഗികമായി വൃത്തിയാക്കി. എന്നാൽ, പൂർണമായി വൃത്തിയാക്കാതെ പിന്മാറില്ലെന്നായി ശ്രീദേവി. വൈകീട്ട് മൂന്നോടെ തെന്മല പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകീട്ട് ആറോടെ പി എസ് സുപാൽ എം എൽ എ സ്ഥലത്തെത്തി റവന്യൂ അധികൃതരെ കൊണ്ട് ഓട പൂർണമായും വൃത്തിയാക്കി തടസ്സങ്ങൾ മാറ്റിയതോടെയാണ് ശ്രീദേവി സമരം അവസാനിപ്പിച്ചത്.