Fri. Apr 26th, 2024
നിലമ്പൂർ:

ചാലിയാറിന്റെ ഭൂപ്രകൃതി അടുത്തറിഞ്ഞും ഇടവേളകളില്‍ നാടന്‍ ഭക്ഷണം രുചിച്ചും ‘ചാലിയാർ റിവർ പാഡിൽ 2021′ യാത്ര തുടങ്ങി. നിലമ്പൂർ മാനവേദൻ സ്‌കൂളിനോട് ചേർന്നുള്ള ചാലിയാർ കടവിൽ നിന്നാണ് നദീജല സാഹസികയാത്ര ആരംഭിച്ചത്‌. 68 കിലോ മീറ്റർ പിന്നിട്ട് 14ന് ബേപ്പൂരിലാണ് തുഴച്ചിൽ സമാപിക്കുക.

ജെല്ലി ഫിഷ് വാട്ടർ സ്പോർട്‌സ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പുമായി ചേർന്നാണ്‌ ഏഴാമത് ചാലിയാർ റിവർ പാഡിൽ 2021 സംഘടിപ്പിക്കുന്നത്‌. തുഴച്ചിൽ വേളയിൽ ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചാണ്‌ യാത്ര. പ്ലാസ്റ്റിക്കിനെതിരായ ബോധവല്‍ക്കരണത്തിനൊപ്പം ഉൾനാടൻ പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണ്‌ ജലയാത്രയെന്ന്‌ ജെല്ലി ഫിഷ് വാട്ടർ സ്പോർട്‌സ് സ്ഥാപകൻ കൗശിഖ് കൊടിതൊടിക പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്ന് നൂറോളം തുഴച്ചിലുകാർ മേളയിൽ പങ്കെടുക്കുന്നുണ്ട്. കയാക്കുകൾക്ക്‌ പുറമേ ചങ്ങാടങ്ങൾ, സ്റ്റാൻഡ് അപ്പ് പെഡൽ (എസ് യു പി) എന്നിവയും തുഴച്ചിലിനായി സജീകരിച്ചിട്ടുണ്ട്. തുഴച്ചിലുകാരുടെ വിശ്രമ കേന്ദ്രങ്ങളിൽ പ്രാദേശിക ബ്രാൻഡുകളുടെ സം​ഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്.

ബേപ്പൂരിൽ നടക്കുന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള കേരള അഡ്വെഞ്ചർ ടൂറിസം സൊസൈറ്റി സംസ്‌ഥാനത്തെ ജല സാഹസിക രംഗത്തിന്റെ വളർച്ചയ്ക്കായി തിരഞ്ഞെടുത്ത പ്രാദേശിക പരിപാടികളിൽ ഒന്നാണ് ചാലിയാർ റിവർ പാഡിൽ. ഒളിമ്പിക് വാട്ടർ സ്‌പോർട്‌സ് ഇനം ആയ സ്‌കല്ലിങ്/റോവിങ് തുടങ്ങിയ വിവിധയിനം ജലയാനങ്ങൾ ഇത്തവണ പങ്കെടുക്കുന്നുണ്ട്. യൂത്ത് ഒളിമ്പിക്‌സ് സ്വർണ മെഡൽ നേടിയ കോച്ച് രതീഷ് ഡി ബിയുടെ നേതൃത്വത്തിൽ പരിശീലനം നേടിയ യുവാക്കളാണ് ഈ ഇനത്തിൽ പ്രദർശന തുഴച്ചിൽ നടത്തുന്നത്.