Thu. Jan 23rd, 2025
ന്യൂഡൽഹി:

ഷാജഹാൻപൂരിൽ ഓണറേറിയം ആവശ്യപ്പെട്ട് സമരം ചെയ്ത ആശ പ്രവർത്തകരെ ക്രൂരമായി മർദിച്ച ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമർശവുമായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആശ സഹോദരിമാർക്കെതിരെ യു പി സർക്കാർ നടത്തുന്ന ഓരോ ആക്രമണവും അവർ ചെയ്ത പ്രവർത്തനത്തിന് അപമാനമാണെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ആശ പ്രവർത്തകരെ യു പി പൊലീസ് ആക്രമിക്കുന്നതിന്‍റെ വിഡിയോയും പ്രിയങ്ക ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

‘എന്‍റെ ആശ സഹോദരിമാർ കൊറോണ കാലത്തും മറ്റ് അവസരത്തിലും തങ്ങളുടെ സേവനങ്ങൾ ഉത്സാഹപൂർവം നിർവഹിച്ചിട്ടുണ്ട്. ഓണറേറിയം അവരുടെ അവകാശമാണ്. അവരെ ശ്രദ്ധിക്കേണ്ടത് സർക്കാറിന്‍റെ കടമയാണ്. ആശ സഹോദരിമാർ ബഹുമാനം അർഹിക്കുന്നു, ഈ പോരാട്ടത്തിൽ താൻ അവർക്കൊപ്പമുണ്ടെന്നും’ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

‘ആശ സഹോദരിമാരുടെ ഓണറേറിയം അവകാശങ്ങൾക്കും അവരുടെ ബഹുമാനത്തിനും കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്. സർക്കാർ രൂപീകരിച്ചാൽ ആശ സഹോദരിമാർക്കും അംഗൻവാടി ജീവനക്കാർക്കും പ്രതിമാസം 10,000 രൂപ ഓണറേറിയം നൽകുമെന്നും’ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. 2022ലെ ഉത്തർപ്ര​ദേശ്​ നിയമസഭ തിരഞ്ഞെടുപ്പിൽ സ്​ത്രീകൾക്കായി പ്രത്യേക പ്രകടനപത്രിക പുറത്തിറക്കുമെന്ന് യു പിയുടെ തിരഞ്ഞെടുപ്പ്​ ചുമതലയുള്ള പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

അംഗൻവാടി, ആശ ​പ്രവർത്തകർക്ക്​ 10,000 രൂപ ഓണറേറിയം, റിസർവേഷൻ അടിസ്​ഥാനത്തിൽ ജോലിയിൽ സ്​ത്രീകൾക്ക്​ 40 ശതമാനം സംവരണം, വയോധികരായ വിധവകൾക്ക്​ 1000 രൂപ പെൻഷൻ, സംസ്​ഥാനത്തെ ധീര വനിതകളുടെ പേരിൽ 75ഓളം നൈപുണ്യ സ്​കൂൾ തുടങ്ങിയവയാണ്​ കോൺഗ്രസ്​ വാഗ്​ദാനം. സ്​ത്രീകൾക്ക്​ 40 ശതമാനം നിയമസഭ സീറ്റുകൾ​ മാറ്റിവെക്കും. വോട്ട്​ ബാങ്കിന്‍റെ പകുതിയോളം വരുന്ന സ്​ത്രീകളെ അധികാരത്തിൽ എത്തിക്കുകയാണ്​ ലക്ഷ്യമെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.