Tue. Nov 5th, 2024
ഡൽഹി:

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നവംബർ 14 മുതൽ 29 വരെയാണ് ‘ജൻ ജാഗരൺ അഭിയാൻ’ എന്ന പേരിൽ ക്യാമ്പയിൻ നടത്തുന്നത്.

മോദി സർക്കാരിന്റെ നയങ്ങൾ മൂലം രാജ്യത്തെ ജനങ്ങൾ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോവുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഡീസൽ, പെട്രോൾ വിലയിൽ ഭയാനകമായ വർധനക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്-എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

രാജ്യത്തിന്റെ എല്ലാ മേഖലയിലും വലിയ തകർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പാവപ്പെട്ടവർക്കെതിരായ കേന്ദ്രനയങ്ങളെക്കുറിച്ച് പഠിക്കാൻ പാർട്ടി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ ഒരു കർമപരിപാടി അംഗീകരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും ഇന്ധനവില വർധനവിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.