ബെയ്ജിങ്:
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനക്കാരിയെന്ന ചരിത്രം കുറിച്ച് വാങ് യാപിങ്. ചൈനയുടെ നിർമാണത്തിലിരിക്കുന്ന ബഹിരാകാശ നിലയമായ ടിയങ്കോങ്ങിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെയാണ് വാങ് യാപിങ് ചരിത്രം കുറിച്ചത്. യാപിങ്ങിനൊപ്പമുള്ള ചൈനീസ് ബഹിരാകാശ യാത്രികനായ ഴായ് ഴിഗാങും കൂടെയുണ്ടായിരുന്നു.
സംഘത്തിലുള്ള മൂന്നാമൻ ഗ്വാങ്ഫു ബഹിരാകാശ നിലയത്തിനകത്തിരുന്ന് ഇരുവർക്കും സാങ്കേതിക സഹായം നൽകിയതായി ചൈനീസ് ബഹിരാകാശ സംഘടന ചൈന മാൻഡ് സ്പേസ് ഏജൻസി പറഞ്ഞു.
ബഹിരാകാശ നടത്തത്തിനിടെ ബഹിരാകാശ നിലയത്തിലുള്ള യന്ത്രക്കൈക്ക് ആവശ്യമായ ഡിവൈസും കണക്ടറുകളും ഇരുവരും സ്ഥാപിച്ചതായി ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടാതെ ബഹിരാകാശ നിലയത്തിെൻറ അനുബന്ധ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധനയും നിർവഹിച്ചു.
ഒക്ടോബർ 16ന് ടിയങ്കോങ് ബഹിരാകാശ നിലയത്തിലെത്തിയ ശേഷം ആദ്യമായാണ് ഇവർ പുറത്തിറങ്ങുന്നത്. ബഹിരാകാശ നിലയത്തിൽ നിന്ന് പുറത്തിറങ്ങി ഭൂമിയെ നോക്കി യാപിങ് കൈവീശുന്നതിൻ്റെ വിഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.