Fri. Nov 22nd, 2024
പത്തനംതിട്ട:

ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ കിയോസ്‌കുകള്‍ സജ്ജമാക്കും. കൊവിഡ് കാലമായതിനാല്‍ തീര്‍ത്ഥാടകര്‍ വെള്ളം കുടിക്കുന്നതിനായി സ്റ്റീല്‍ ഗ്ലാസ് കരുതാം.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ബിഎസ്എന്‍എല്ലിനു പുറമേ മറ്റ് നെറ്റ്‌വര്‍ക്കുകളുടെ സേവനവും ഉറപ്പാക്കും.കൊവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്കും, 72 മണിക്കൂറിനിടെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്കും പ്രവേശനം അനുവദിക്കും. നിലയ്ക്കലില്‍ ആര്‍ടി ലാമ്പ്, ആന്റിജന്‍ ടെസ്റ്റ് ലാബ് എന്നിവ ലഭ്യമാക്കും.

ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളിലും ജില്ലയിലെ പ്രധാനപ്പെട്ട ഇടത്താവളങ്ങളിലും ആര്‍ടിപിസിആര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. ദേവസ്വം ബോര്‍ഡ് എട്ടാംതിയതി മുതല്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കും. 11 മുതല്‍ പ്രസാദ നിര്‍മാണം തുടങ്ങും.

പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ചുമതലയില്‍ നാല് ഓഫീസുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവര്‍ത്തനം ആരംഭിക്കും.

ഞുണങ്ങാര്‍ താല്‍ക്കാലിക പാലം പൂര്‍ത്തിയായിട്ടുണ്ട്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താല്‍ക്കാലിക പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങും. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂം തുറക്കും. എലിഫന്റ് സ്‌ക്വാഡ്, സ്നേക് റസ്‌ക്യു ടീമുകളും പ്രവര്‍ത്തിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പ്ലാപ്പള്ളി, എരുമേലി, പന്തളം എന്നിവിടങ്ങളില്‍ ഫയര്‍ സ്റ്റേഷനുകള്‍ സജ്ജമാക്കും.