Thu. Jan 23rd, 2025
കൊച്ചി:

കെഎസ്‌ആർടിസി പൊതുജനങ്ങൾക്കുവേണ്ടി ജില്ലയിൽ തുറന്ന ആദ്യ ഇന്ധനപമ്പിൽ വൻതിരക്ക്‌. പെട്രോളും ഡീസലുമായി 4000 ലിറ്ററോളം ഇന്ധനം എല്ലാദിവസവും ഇവിടെ ചെലവാകുന്നുണ്ട്‌. നാലു ലക്ഷത്തോളം രൂപയാണ്‌ വരുമാനം. ഇത്‌ ഇനിയും വർദ്ധിക്കുമെന്ന്‌ അധികൃതർ പറഞ്ഞു.

സെപ്‌തംബർ 18ന്‌ മൂവാറ്റുപുഴയിലാണ്‌ ജില്ലയിലെ ആദ്യ പമ്പ്‌ തുറന്നത്‌. ആദ്യം പെട്രോൾ മാത്രമായിരുന്നു. ആവശ്യക്കാർ ഏറിയതോടെ ഡീസലും നൽകിത്തുടങ്ങി. ഇപ്പോൾ കെഎസ്‌ആർടിസിയുടെ പമ്പിൽ ഇന്ധനം നിറയ്‌ക്കാനെത്തുന്ന പതിവുകാർ ഏറെ.

ഓട്ടോ, ടാക്‌സി തൊഴിലാളികളാണ്‌ കൂടുതൽ. ശരിയായ അളവിൽ ഗുണമേന്മയുള്ള ഇന്ധനമാണ്‌ ഇവിടെ ലഭിക്കുന്നതെന്ന്‌ ഇവർ സാക്ഷ്യപ്പെടുത്തുന്നു.ആലുവ തായിക്കാട്ടുകരയിൽ രണ്ടാമതൊരു പമ്പുകൂടി തുറക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന്‌ കെഎസ്‌ആർടിസി മധ്യമേഖല അസി വർക്‌സ്‌ മാനേജർ പി എം ദിൽഷാദ്‌ പറഞ്ഞു.

കെഎസ്‌ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്‌ ആരംഭിച്ച യാത്രാഫ്യുവൽസ്‌ പദ്ധതിയനുസരിച്ച്‌ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെയാണ്‌ പമ്പുകൾ തുറന്നത്‌. സംസ്ഥാനത്ത്‌ കെഎസ്‌ആർടിസി മാത്രം ഉപയോഗിച്ചിരുന്ന 75 ഡിപ്പോകളിലെ പമ്പുകളാണ്‌ പൊതുജനങ്ങൾക്കുകൂടി തുറന്നുകൊടുക്കുന്നത്‌. തിരുവനന്തപുരം, ചടയമംഗലം, കിളിമാനൂർ, ചേർത്തല, മൂവാറ്റുപുഴ, മൂന്നാർ, ചാലക്കുടി, കോഴിക്കോട്‌ എന്നിവിടങ്ങളിലാണ്‌ ഇപ്പോൾ പമ്പുകൾ ഉള്ളത്‌. 10 എണ്ണംകൂടി ഉടൻ ആരംഭിക്കും.