ജറൂസലം:
പാലസ്തീൻ ദൗത്യത്തിനായി ജറൂസലമിൽ കോൺസുലേറ്റ് വീണ്ടും തുറക്കാനുള്ള യു എസ് നീക്കത്തെ തള്ളി ഇസ്രായേൽ. തർക്കഭൂമിയായ ജറൂസലമിൽ അങ്ങനെയൊരു ഓഫിസ് കൂടി തുറക്കാൻ സാഹചര്യമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പറഞ്ഞു.
എന്നാൽ കോൺസുലേറ്റ് വീണ്ടും തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ അറിയിച്ചു. ട്രംപ് ഭരണകൂടമാണ് ജറൂസലമിലെ പാലസ്തീനികൾക്കായുള്ള യു എസ് കോൺസുലേറ്റ് അടച്ചുപൂട്ടിയത്. യു എസിൻ്റെ നീക്കത്തെ ഏതുവിധേനയും ചെറുക്കാനാണ് ഇസ്രായേൽതീരുമാനം.
”ജറൂസലം ഇസ്രായേലിൻ്റെ തലസ്ഥാനമാണ്. അത് വിഭജിക്കാൻ തയാറല്ല. അവിടെ ഒരു യു എസ് കോൺസുലേറ്റ് കൂടിതുറക്കാൻ സൗകര്യമില്ല”-ഇസ്രായേൽ വിദേശകാര്യമന്ത്രി യായ്ർ ലാപിഡും നയം വ്യക്തമാക്കി. ജറൂസലമിന് പകരം വെസ്റ്റ്ബാങ്കിലെ റാമല്ലയിൽ യു എസിന് കോൺസുലേറ്റ് തുറക്കാമെന്ന നിർദേശവും ലാപിഡ് മുന്നോട്ടുവെച്ചു. എന്നാൽ ഈ നിർദേശം സ്വീകാര്യമല്ലെന്ന് പാലസ്തീൻ അറിയിച്ചിട്ടുണ്ട്.
പാലസ്തീൻ്റെ അവിഭാജ്യഘടകമായ ജറൂസലം 1967ലാണ് ഇസ്രായേൽ പിടിച്ചെടുത്തത്. കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്രരാഷ്ട്രം വേണമെന്നാണ് പാലസ്തീൻ്റെ കാലങ്ങളായുള്ള ആവശ്യം. കാലങ്ങളായി തുടരുന്ന ഇസ്രായേൽ-പാലസ്തീൻ സംഘർഷം പരിഹരിക്കാൻ ശ്രമിക്കാതെ ഇസ്രായേലിൻ്റെ പക്ഷംചേരുന്ന സമീപനമാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്.