ന്യൂഡൽഹി:
രാജ്യത്ത് വാക്സീൻ വിതരണം വൻ തോതില്‍ കുറയുന്നു. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതത്. വാക്സീൻ വിതരണം തുടങ്ങിയ ജനുവരി 16 മുതല്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ വാക്സീൻ നല്‍കിയത് സെപ്റ്റംബർ 11 മുതല്‍ 17 വരെയുള്ള ഒരാഴ്ചയായിരുന്നു.
ആറ് കോടി അറുപത്തിയെട്ട് ലക്ഷം ഡോസ് വാക്സീനാണ് അന്ന് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റബർ പതിനേഴിന് മാത്രം രണ്ടര കോടി ഡോസ് വാക്സീൻ വിതരണം ചെയ്ത് ഒരു ദിവസത്തെ ഏറ്റവും കൂടിയ റെക്കോര്‍ഡും സ്ഥാപിച്ചു. എന്നാല്‍ വാക്സീൻ വിതരണം രാജ്യത്ത് ഇപ്പോള്‍ ഇഴയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ വാക്സീൻ വിതരണം കുറയുന്നത് ഉത്സവകാലമായതിനാലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം. വലിയൊരു ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായെന്നും അധികൃതർ പറയുന്നു. വാക്സീൻ വിതരണം ഊര്‍ജ്ജിതപ്പെടുത്താൻ വീടുകളില്‍ വാക്സീനെത്തിക്കുന്ന പരിപാടികള്‍ക്കടക്കം സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ രാജ്യത്ത് യോഗ്യരായ എല്ലാവർക്കും വാക്സീൻ നല്‍കാനാകണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.16 കോടി വാക്സീൻ ഡോസുകൾ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാതിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.