Mon. Dec 23rd, 2024

ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രി ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന. രവി ശാസ്ത്രിയെ കൂടാതെ ബൗളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ ശ്രീധർ എന്നിവരും അഹമ്മദാബാദിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് എത്തും. ട്വന്റി20 ലോകകപ്പോടെ ഈ മൂന്ന് പേരുടേയും ബിസിസിഐയുമായുള്ള കരാർ അവസാനിക്കും.

എന്നാൽ ഐപിഎല്ലിൽ മൂവരും ഒരുമിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ. മുഖ്യ പരിശീലക സ്ഥാനം അഹമ്മദാബാദ് മുൻപോട്ട് വെച്ചതായും രവി ശാസ്ത്രി അനുകൂലമായി പ്രതികരിച്ചതായുമാണ് സൂചന.ട്വന്റി20 ലോകകപ്പിന്റെ അവസാനത്തോടെ മാത്രമാവും രവി ശാസ്ത്രി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

അഹമ്മദാബാദ്, ലഖ്നൗ എന്നീ രണ്ട് പുതിയ ടീമുകളാണ് അടുത്ത സീസൺ മുതൽ ഐപിഎല്ലിന്റെ ഭാഗമാവുന്നത്. 7090 കോടി രൂപയ്ക്കാണ് ലഖ്നൗ ഫ്രാഞ്ചൈസിയെ സഞ്ജീവ് ഗോയങ്കയുടെ ഗ്രൂപ്പ് സ്വന്തമാക്കിയത്. സിവിസി ക്യാപിറ്റൽസ് അഹമ്മദാബാദിനായി മുടക്കിയത് 5625 കോടി രൂപ.

2022 സീസണിന് മുൻപായി ഈ വർഷം ഡിസംബറിൽ മെഗാ താരലേലം നടക്കും. നിലവിലുള്ള ഫ്രാഞ്ചൈസികൾക്ക് ടീമിൽ നാല് പേരെ മാത്രം റിടെയ്ൻ ചെയ്യാനാണ് കഴിയുക. താര ലേലത്തിൽ നിന്ന് അല്ലാതെ മൂന്ന് കളിക്കാരെ പുതിയ രണ്ട് ഫ്രഞ്ചൈസികൾക്ക് സ്വന്തമാക്കാം.