കോഴിക്കോട്:
കാട് മൂടി ആരും ശ്രദ്ധിക്കാതെ വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷൻ. കൊവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ വണ്ടികളും യാത്രക്കാരും സജീവമായെങ്കിലും സ്റ്റേഷന് മതിയായ പരിഗണന കിട്ടുന്നില്ലെന്നാണ് പരാതി. കോഴിക്കോട് നോർത് സ്റ്റേഷനായി വെസ്റ്റ്ഹില്ലിനെ വികസിപ്പിക്കുമെന്ന വാഗ്ദാനം എറെ പ്രതീക്ഷയുയർത്തിയിരുന്നു.
നോർത് ആയി വികസിക്കുന്നതോടെ കൂടുതൽ വണ്ടികൾ നിർത്തുകയും കൂടുതൽ പ്രാധാന്യം നേടുകയും അതുവഴി കൂടുതൽ വികസനം വരികയും ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എല്ലാം അസ്തമിച്ച് പ്ലാറ്റ് ഫോമടക്കം കാടു പിടിച്ച് കിടപ്പാണിപ്പോൾ. ഇഴ ജന്തുക്കളെയും മറ്റും ഭയന്നാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.
വെസ്റ്റ്ഹിൽ സ്റ്റേഷനിൽ എത്തുമ്പോൾ ഏതോ കാട്ടിൽ കയറുന്ന പ്രതീതിയാണെന്ന് യാത്രക്കാർ പറയുന്നു. ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. വരക്കൽ ഭാഗത്ത് ഫ്ലൈ ഓവർ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. സ്റ്റേഷന് സമീപം നടപ്പാലമുള്ളതാണ് ആശ്വാസം. എന്നാൽ നടപ്പാലത്തിൽ നിന്നിറങ്ങി വരുന്ന പ്ലാറ്റ് ഫോമിന് സമീപവും ചളിവെള്ളം കെട്ടിക്കിടക്കുന്നു.
എഫ്സിഐ ഗോഡൗണിലെത്തുന്ന ഗുഡ്സ് വണ്ടികളിൽ നിന്ന് വീഴുന്ന ധാന്യവും മറ്റും ചളിയിൽ കെട്ടിക്കിടന്ന് പുഴുവരിക്കുന്നു. കടുത്ത ദുർഗന്ധമുള്ള വെള്ളത്തിൽ ചവിട്ടി വേണം യാത്ര ചെയ്യാൻ. കണ്ണൂർ -കോയമ്പത്തൂർ അടക്കം കുറച്ച് ട്രെയിനുകൾ മാത്രമാണിപ്പോൾ വെസ്റ്റ്ഹില്ലിൽ നിർത്തുന്നത്. വികസനത്തിന് ആവശ്യമായ സ്ഥല സൗകര്യവും ഇവിടെയുണ്ട്.
ഫുട്പാത്തിൽ മതിയായ മേൽക്കൂരയില്ലാത്തതിനാൽ മഴയും വെയിലുമേൽക്കണമെന്ന സ്ഥിതിയുമുണ്ട്. കോഴിക്കോട് നോർത് ആയി വികസിച്ചാൽ കുറ്റ്യാടിയടക്കം കിഴക്കൻ മേഖലകളിൽ നിന്നുള്ള യാത്രക്കാർക്ക് നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് എളുപ്പം വണ്ടി കയറാനാവും.