Thu. May 2nd, 2024
പൂമല:

അതിജീവന പോരാട്ടവുമായി ബിടെക്‌ ബിരുദധാരിയുടെ ഹൈടെക് പശു ഫാം. പൂമല വേളാങ്കണ്ണിപള്ളിക്കു സമീപം പുളിയൻമാക്കൽ ലൗലിയുടെയും ലാലിയുടെയും മകൻ ലിയോ പി ലൗലി (27) യാണ് ഫാമുടമ. എച്ച്എഫ്, ജേഴ്സി ഇനങ്ങളിൽപ്പെട്ട 21 പശുക്കളും 5 പശുക്കുട്ടികളെയുമൊക്കെ മികച്ച രീതിയിൽ പരിപാലിച്ചു വരികയാണ് ഈ യുവാവ്.

ഫാൻ, കറവക്കായി മിൽക്കിങ്‌ മെഷീനുകൾ, സദാ സമയവും പശുക്കളെ ശ്രദ്ധിക്കാൻ നിരീക്ഷണ ക്യാമറകൾ, പുല്ലരിഞ്ഞ് നുറുങ്ങുകളാക്കുന്ന യന്ത്രം , സൗണ്ട് ബോക്സ് തുടങ്ങിയ ഹൈടെക് സംവിധാനങ്ങളുമായാണ് ഫാമിന്റെ പ്രവർത്തനം.പശുക്കളെ കുളിപ്പിക്കുന്നതും ചാണകം നീക്കി തൊഴുത്ത് വൃത്തിയാക്കുന്നതും പുല്ല് ശേഖരിക്കാൻ പോകുന്നതും തീറ്റ നൽകുന്നതും കൂടാതെ കറവയുൾപ്പടെയുള്ള ജോലികൾ ചെയ്യുന്നത് ലിയോ തന്നെയാണ്‌.2016ൽ ജ്യോതി എൻജി കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ലിയോ ആദ്യം ബാംഗ്ലൂർ പിന്നീട് ഖത്തർ എന്നിവിടങ്ങളിലെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തു .

കൊവിഡ് വ്യാപനത്തോടെ നാട്ടിലേക്കു തിരിച്ചെത്തി.പരമ്പരാഗത മലയോര കർഷക കുടുംബാംഗമായ ലിയോക്ക് കർഷകനായ പിതാവ് ലൗലി നൽകിയ ഉപദേശം കുറച്ചു പശുക്കളെ വളർത്താനായിരുന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന വകുപ്പിൽ ഏതാനും പശുക്കളെ സബ്സിഡി നിരക്കിൽ ലഭിച്ചതോടെയായിരുന്നു ഫാമിന്റെ തുടക്കം. ഇപ്പോൾ 21 ൽപ്പരം പശുക്കളുണ്ട്‌.

പറമ്പായി പാൽ സൊസൈറ്റിയിലാണ് പ്രതിദിനം സംഭരിക്കുന്ന പാൽ കൂടുതലും നൽകി വരുന്നത്.കൂടാതെ പാക്കറ്റുകളിൽ വീടുകളിലും എത്തിക്കും. സഹോദരീ ഭർത്താവ് ചാലക്കുടി സ്വദേശി നിയോയും സഹായത്തിനുണ്ട്. സ്വകാര്യ ബാങ്ക് സീനിയർ ഐടി ഓഫീസറായ ഭാര്യ അനീറ്റയുടെ പിന്തുണയും ഈ യുവ കർഷകന് കരുത്താണ്.