വാഷിങ്ടൺ:
കൊവിഡ്-19നെതിരെ വികസിപ്പിച്ച, വായിലൂടെ കഴിക്കാവുന്ന ആൻറിവൈറൽ ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസർ കമ്പനി. ഗുളിക ഉപയോഗിക്കുന്നവരിൽ മരണനിരക്കും ആശുപത്രിവാസവും 90 ശതമാനമായി കുറക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
എത്രയും പെട്ടെന്ന് ഗുളികക്ക് അംഗീകാരം നൽകാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് അഭ്യർഥിച്ചതായും ഫൈസർ കമ്പനി അറിയിച്ചു. കൊവിഡിനെ ചികിത്സിക്കാൻ ഗുളിക നിർമിക്കാൻ ഏറെ നാളുകളായി ലോകവ്യാപകമായ ഗവേഷണം നടക്കുകയാണ്.
ആദ്യഘട്ടത്തിൽ 775 മുതിർന്നവരിലാണ് കമ്പനി ഗുളിക പരീക്ഷിച്ചത്. ഇതിൽ കുറച്ചുപേർക്ക് മറ്റൊരു മരുന്നും നൽകി. കമ്പനിയുടെ ഗുളിക കഴിച്ചവരിൽ 89 ശതമാനം ഫലപ്രാപ്തിയുള്ളതായി കമ്പനി അവകാശപ്പെട്ടു. മരുന്നു കഴിച്ച ഒരു ശതമാനം ആളുകളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. അതിൽതന്നെ ആരും മരണപ്പെട്ടിട്ടില്ല.
മറ്റൊരു മരുന്നു കഴിച്ചവരിൽ ഏഴു ശതമാനം ആളുകൾ ആശുപത്രിയിലായി. ഏഴുപേർ മരിക്കുകയും ചെയ്തു. വാക്സിൻ സ്വീകരിക്കാത്ത കൊവിഡ് കൂടുതൽ പ്രഹരം തീർക്കുന്ന പ്രമേഹം, പൊണ്ണത്തടി, ഹൃദയസംബന്ധിയായ രോഗങ്ങളുള്ളവർ എന്നിവരെയാണ് പഠനത്തിന് വിധേയമാക്കിയത്.