Fri. Jan 24th, 2025
പാലക്കാട്:

താമസിക്കാൻ വീട് ആവശ്യപ്പെട്ടുള്ള പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാരുടെ സമരം 22 ദിവസം പിന്നിട്ടു. ലൈഫ് ഉൾപ്പെടെയുളള പദ്ധതികളിൽ നിന്ന് പഞ്ചായത്ത് ഒഴിവാക്കുന്നുവെന്നും പരാതിയുണ്ട്. വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് ബഹുജന മാർച്ച് നടത്തി.

മേൽജാതിക്കാരിൽ നിന്നും നിരവധി ജാതീയ വിവേചനങ്ങളാണ് അംബേദ്‌കർ കോളനിയിലുള്ള ചക്ലിയ വിഭാഗക്കാർ നേരിട്ടത്. ലൈഫ് ഉൾപെടെ ഉള്ള ഭവന പദ്ധതികളിൽ നിന്നും മുതലമട പഞ്ചായത്ത് തങ്ങളെ ഒഴിവാക്കുന്നു എന്ന് ആരോപിച്ചാണ് അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങിയത്. സമരം 22 ദിവസം കഴിഞ്ഞിട്ടും അധികൃതർ പ്രശ്നത്തിൽ ഇടപെടാത്തതിനെ തുടർന്നാണ് കലക്ട്രേറ്റിലേക്ക് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചത്.

അംബേദ്‌കർ കോളനിയിലെ 36 കുടുംബങ്ങൾക്കാണ് അപേക്ഷിച്ചിട്ടും വീട് ലഭിക്കാത്തത്. സി പി എം ഭരിക്കുന്ന മുതലമട പഞ്ചായത്ത് സർക്കാർ പദ്ധതികളിൽ നിന്നും ബോധപൂർവ്വം തങ്ങളെ ഒഴിവാക്കുകയാണെന്ന് സമരക്കാർ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ ശരിയല്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.