Thu. Jan 23rd, 2025
ഗ്ലാസ്​ഗോ:

രണ്ടായിരത്തിമുപ്പതോടെ വനനശീകരണം ഇല്ലാതാക്കി വനവത്ക്കരണത്തിനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്ത് രാഷ്ട്രത്തലവന്മാര്‍. സ്കോട്ട്‌ലന്‍ഡിലെ ​ഗ്ലാസ്​ഗോയില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളുടെ സമ്മേളനത്തിലാണ് പ്രഖ്യാപനം. എന്നാല്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടില്ല. ആമസോൺ മഴക്കാട് വെട്ടിത്തെളിക്കുന്ന ബ്രസീൽ സര്‍ക്കാര്‍ ഉള്‍പ്പെടെ നൂറിലധികം രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പിട്ടു.

പദ്ധതി നടത്തിപ്പിനായി 14,000 കോടി രൂപ സമാഹരിക്കും. അന്തിമരൂപരേഖയില്‍ എതിര്‍പ്പുള്ളതിനാലാണ് ഇന്ത്യ ഔദ്യോ​ഗികമായി കരാറിന്റെ ഭാ​ഗമാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ 85 ശതമാനത്തിലധികം വരുന്ന വനമേഖല ഉള്‍ക്കൊള്ളുന്ന റഷ്യ, ചൈന, ക്യാനഡ, ബ്രസീൽ, ഇന്തോനേഷ്യ, കോംഗോ, അമേരിക്ക, ബ്രിട്ടന്‍ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടു.

പാമോയിൽ, സോയ, കൊക്കോ പോലെെയുള്ളവ കൃഷി ചെയ്യുന്നതിന് വ്യാപകമായി വനനശീകരണം നടത്തുന്നത് ഒഴിവാക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത 28 രാജ്യങ്ങള്‍ പ്രത്യേക ധാരണയിലെത്തി.