Mon. Dec 23rd, 2024
ന്യൂഡൽഹി:

ഭാരത്​ ബയോടെക്കിന്‍റെ കൊവാക്​സിൻ സ്വീകരിച്ചവർക്കും ഇനി ആസ്​ട്രേലിയയിൽ പ്രവേശിക്കാം. അംഗീകരിച്ച വാക്​സിനുകളുടെ പട്ടികയിൽ ആസ്​ട്രേലിയൻ സർക്കാർ കൊവാക്​സിനും ഉൾപ്പെടുത്തി.

കഴിഞ്ഞമാസം ആസ്​ട്രേലിയ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്​ സ്വീകരിച്ചവർക്ക്​ യാത്രാനുമതി നൽകിയിരുന്നു. ബെയ്​ജിങ്ങിലെ സിനോഫാമിന്‍റെ വാക്​സിനും ആസ്​ട്രേലിയൻ ഫാർമ റെഗുലേറ്ററായ തെറാപ്യൂട്ടിക്​ ഗുഡ്​സ്​ അഡ്​മിനിസ്​ട്രേഷൻ (ടി ജി എ) അംഗീകാരം നൽകി.

‘ഇന്ന്​ കോവാക്​സിനും സിനോഫാമിന്‍റെ വാക്​സിനും സ്വീകരിച്ചവർക്ക്​ ആസ്​ട്രേലിയയിൽ പ്രവേശിക്കാൻ ടി ജി എ അനുമതി നൽകി. 12 വയസിന്​ മുകളിലുള്ള കോവാക്​സിൻ സ്വീകരിച്ചവർക്കും 18നും 60നും ഇടയിൽ പ്രായമുള്ള ബി ബി ഐ ബി പി കോർവ്​ സ്വീകരിച്ചവർക്കും യാത്രാനുമതി നൽകും’ -​പ്രസ്​താവനയിൽ പറയുന്നു.

ആസ്​ട്രേലിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഈ തീരുമാനം ഉപകാരമാകും. അതേസമയം കൊവിഡ്​ വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ ക്വാറന്‍റീൻ നിബന്ധനകളുണ്ടാകും. കൂടാതെ കൊവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റും വേണ്ടിവരും.

ലോകാരോഗ്യ സംഘടന കോവാക്​സിന്​ അടിയന്തര ഉപയോഗ അനുമതി നൽകുന്നതിന്​ ഭാരത്​ ബയോടെക്കിൽനിന്ന്​ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതിന്​ പിന്നാലെയാണ്​ ആസ്​ട്രേലിയൻ സർക്കാർ തീരുമാനം. കഴിഞ്ഞദിവസം ഒമാൻ ഭരണകൂടവും കൊവാക്​സിന്​ അനുമതി നൽകിയിരുന്നു.