Mon. Dec 23rd, 2024
റാന്നി:

എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിൽ കുട്ടികളെ വരവേറ്റത്‌ ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ എന്ന റോബോട്ട്‌. കുഞ്ഞപ്പൻ കുട്ടികളെ പേര് വിളിച്ചു സ്വാഗതം ചെയ്തു. തുടർന്ന് വിശിഷ്ടാതിഥികൾക്കൊപ്പം വിദ്യാലയ ഓഡിറ്റോറിയത്തിലേക്ക് നയിച്ചു. കുട്ടികൾക്കരികിലെത്തി കോവിഡ് കാലത്ത് പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പറഞ്ഞു കൊടുത്തു.

റോബോട്ടിനൊപ്പം സെൽഫിയെടുക്കാനും ചോദ്യങ്ങൾ ചോദിക്കാനും കുട്ടികൾ മത്സരിച്ചു. പേര്, വയസ്, അറിയാവുന്ന പാട്ടുകൾ, കൂട്ടുകാർ തുടങ്ങിയ ചോദ്യങ്ങൾക്കും കുട്ടികളുടെ കുസൃതി ചോദ്യങ്ങൾക്കും ഉരുളയ്ക്കുപ്പേരി പോലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ മറുപടി നൽകി. സ്കൂളിൽ പഠിപ്പിക്കാൻ എത്താമോ എന്നായിരുന്നു ഒരു വിരുതന്റെ ചോദ്യം.

പ്രവേശനോത്സവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ സോജി വി ജോൺ അധ്യക്ഷനായി. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻകർ റോബോട്ടിക്സ് സൊലൂഷൻസ് ആണ് റോബോട്ടിനെ എത്തിച്ചത്. കൊവിഡ് സുരക്ഷയുടെ ഭാഗമായി കുട്ടികൾക്ക് വേണ്ട മെഡിക്കൽ സഹായം, കൗൺസലിങ്‌ എന്നിവ നൽകാൻ ഡോ മനു എം വർഗീസിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ കെയർ യൂണിറ്റും സ്കൂളിൽ ഒരുക്കി.