Fri. Apr 19th, 2024
പാലക്കാട്:

പരിസ്ഥിതി ശാസ്ത്ര സമൂഹത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്ന് പശ്ചിമഘട്ട ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ചു വെബിനാർ നടത്തി. നിർദിഷ്ട സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു.

കാസർകേ‍ാടിനെയും തിരുവന്തപുരത്തെയും ബന്ധിപ്പിക്കുന്ന പദ്ധതി കാലാവസ്ഥാ വ്യതിയാനത്തിന്റെ നടുവിലുള്ള കേരളത്തിന് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം കണക്കുകൂട്ടാൻ പോലും കഴിയില്ലെന്നും സെമിനാർ അഭിപ്രായപ്പെട്ടു.ഗാഡ്‌ഗിൽ റിപ്പേ‍ാർട്ടിന്റെ കാലിക പ്രസക്തിയെക്കുറിച്ചുള്ള ചർച്ചയ്ക്കു ഗാഡ്‌ഗിൽ വിദഗ്ധ സമിതി അംഗം ഡോ വി എസ് വിജയൻ നേതൃത്വം നൽകി. തുടർച്ചയായി ഉരുൾപൊട്ടുന്ന പ്രദേശങ്ങൾ ഗാഡ്‌ഗിൽ റിപ്പോർട്ടിലെ ഒന്നാം സോണിൽ പെടുന്നവയാണ്.

ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് ഇക്കാര്യം ചർച്ചചെയ്യുന്നത്. വനനയത്തിൽ വെള്ളം ചേർത്ത് സ്വകാര്യവൽകരണത്തിനു കേന്ദ്രം ശ്രമിക്കുന്നതായും വെബിനാർ കുറ്റപ്പെടുത്തി.വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യൻ കോഓർഡിനേറ്റർ എസ് ഗുരുവായൂരപ്പൻ അധ്യക്ഷനായി.

പോണ്ടിച്ചേരി ആരണ്യ ഫോറസ്റ്റ് ഉദ്യാനം ഡയറക്ടർ ഡി ശരവണൻ, കുമാർ കാലാനന്ദ് മണി, ഡോ സലിം അലി ഫൗണ്ടേഷനിലെ ഡോ പ്രമോദ് എന്നിവർ ചർച്ചയ്ക്കു നേതൃത്വം നൽകി. ദേശീയ തണൽ നടുന്നവരുടെ സംഗമം, ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി, ദേശീയ ഹരിതസേന എന്നിവരാണു പരിപാടി സംഘടിപ്പിച്ചത്. ഭൂകമ്പ സാധ്യതാ മേഖലകളെക്കുറിച്ച് ഇന്ന് ഉച്ചയ്ക്ക് 2.30ന് വെബിനാർ നടക്കും.