Tue. Mar 19th, 2024

കോഴിക്കോട്:

നാടകങ്ങള്‍ ഓര്‍മ്മയാകുന്ന കാലത്ത് നാടകങ്ങളുടെ പ്രതാപകാലത്തെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാടകഗ്രാമം കൂട്ടായ്മ. കഴിഞ്ഞ 19 വർഷക്കാലമായി ഗ്രാമങ്ങളിലെ നാടകക്കൂട്ടായ്മയിലൂടെ, വേരറ്റുപോവുന്ന നാടകസൗഹൃദങ്ങളെ കൂട്ടിയിണക്കി നാടകാവതരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് നാടകഗ്രാമം. നാടകാവതരണങ്ങൾ, തിയേറ്റർ എൻറിച്ച്മെന്റ് പ്രോഗ്രാം, നാടകപ്രവർത്തകരുടെ കുടുംബ സംഗമങ്ങൾ, നാടകപ്രവർത്തകർക്കായുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയമാവുകയാണ് നാടകഗ്രാമം.

നാടകഗ്രാമത്തിന്‍റെ നേതൃത്വത്തില്‍ വെള്ളിപറമ്പ് കീഴ്‌മാട് ദയാ ഓഡിറ്റോറിയത്തിൽ നാടകാഭിനയപരിശീലനം ആരംഭിച്ചു. ഡോ. സാംകുട്ടി പട്ടംകരി (നാഷണൽ സ്കൂൾ ഓഫ് ഡ്രാമ), ടി. സുരേഷ് ബാബു (നാടകഗ്രാമം ഡയറക്ടർ) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്. ഇ.കെ. അയമുവിന്റ ‘ജ്ജ് നല്ല മന്സനാവാൻ നോക്ക്’, ആൻറൺ ചെക്കോവിന്റെ ദ വർക്ക് ഓഫ് ആർട്ട് എന്ന കഥയെ ആസ്പദമാക്കിയ ‘ഉത്കൃഷ്ട കലാസൃഷ്ടി’, എ. ശാന്തകുമാറിന്റെ ‘ഒരു ദേശം നുണപറയുന്നു’ എന്നിവയാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന നാടകങ്ങൾ.

കൂടാതെ, ഗ്രാമീണകലാസമിതി നാടകപ്രവർത്തകരെ ഉൾപ്പെടുത്തി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ജയപ്രകാശ് കൂളൂരിന്റെ ‘ഓൻ അങ്ങനെ പറഞ്ഞാൾഞ്ഞി’, ‘കടലിരമ്പുന്നു കാട് കത്തുന്നു’ എന്നീ തെരുവുനാടകങ്ങളുടെ അവതരണങ്ങൾ കൗതുകവുമുണർത്തുന്ന അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

ഗ്രാമങ്ങളിൽ നാടകം തേടിയുള്ള യാത്രയാണ് തങ്ങള്‍ നടത്തുന്നതെന്ന് നാടകഗ്രാമം ഡയറക്ടർ ടി. സുരേഷ് ബാബു വോക്ക് മലയാളത്തോട് പറഞ്ഞു. നാടകങ്ങളില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത റെട്രോസ്പെക്ടിവ് രീതി പിന്തുടര്‍ന്ന് ഒരേ സംവിധായകന്‍റെ ഒന്‍പതു നാടകങ്ങള്‍ വരെ തങ്ങള്‍ അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന നാടകത്തിന്റെ പ്രതാപം ഗ്രാമങ്ങളില്‍ നിന്ന് വീണ്ടെടുക്കാനുളള ഒരുക്കത്തിലാണ് നാടകഗ്രാമം പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *