Wed. Nov 6th, 2024

പാലക്കാട്:

ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ പോലീസ് സ്റ്റേഷനായി ചാലിശ്ശേരി. ചാലിശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളും നാഗലശ്ശേരിയുടെ ചില ഭാഗങ്ങളും ചേർന്നതാണ് ചാലിശ്ശേരി സ്റ്റേഷൻ. പദ്ധതി നടപ്പാകുന്നതോടെ കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിലെ നടപടികളും അവർക്കുവേണ്ട നിയമസഹായവും സ്റ്റേഷനിലൂടെ ലഭ്യമാകും.

കേരള പോലീസിന്റെ ചിൽഡ്രൻ ആൻഡ്‌ പോലീസ് (സി.എ.പി.) പരിപാടിയുടെ ഭാഗമായാണിത്. പോലീസ് ഹൗസിങ്‌ ആൻഡ്‌ കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല. പോലീസ് വകുപ്പിന്‍റെ ഒമ്പതു ലക്ഷം രൂപയും വി.ടി. ബൽറാം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 17 ലക്ഷവും ചേർത്താണ് 26 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. 

ഫണ്ടിന്‍റെ അപര്യാപ്തത പോലീസ് അധികാരികൾ ചൂണ്ടിക്കാട്ടിയപ്പോൾ എം.എൽ.എ ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് വി.ടി ബൽറാം എം.എൽ.എ അറിയിച്ചു.

സമൂഹത്തില്‍ മാനസികമായോ ശാരീരികമായോ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള വിഭാഗമാണ്‌ കുട്ടികളെന്നും വലിയ തോതിലുള്ള സാമൂഹിക, സാമ്പത്തിക പരിണാമങ്ങളിലൂടെ കടന്നുപോകുന്ന കേരളം പോലുള്ള ഒരു സമൂഹത്തിൽ, ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആത്മഹത്യാ പ്രേരണ, ബാലവേശ്യാവൃത്തി, ബാലവേല, ഭിക്ഷാടനം, പോർണോഗ്രഫി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കുറ്റകൃത്യങ്ങളാണ് നമ്മുടെ കുട്ടികളുടെ മേൽ ഭീഷണിയായി ഉയർന്നു വരുന്നതെന്നും വി.ടി ബൽറാം എം.എൽ.എ പറഞ്ഞു.

കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട 1989 ലെ ഐക്യരാഷ്ട്രസഭാ കൺവൻഷനിൽ (UNCRC) അടിസ്ഥാനപരമായ പല അവകാശങ്ങളുടേയും പ്രഖ്യാപനമുണ്ട്. ജീവിക്കാനും നിലനിൽക്കാനുമുള്ള അവകാശം, സംരക്ഷണത്തിനുള്ള അവകാശം, വളർച്ചയ്ക്കും വികസനത്തിനുമുള്ള അവകാശം, പങ്കാളിത്തത്തിനുള്ള അവകാശം എന്നിവയൊക്കെ അതിന്റെ ഭാഗമാണ്.

2013 ലെ ദേശീയ ബാലനയം, 2012 ലെ പോക്സോ നിയമം, 2015 ലെ ജുവനൈൽ ജസ്റ്റിസ് നിയമം, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം, 2006 ലെ ബാലവിവാഹ നിരോധന നിയമം തുടങ്ങി നിരവധി നിയമങ്ങളും നയങ്ങളും ഇന്ത്യയിലും നിലവിലുണ്ട്. ഇവയുടെയെല്ലാം അന്തസ്സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുക എന്നത് ഭരണകൂടത്തിന്റേയും, നിയമപാലന സംവിധാനമെന്ന നിലയിൽ പോലീസിന്റേയും പ്രധാന ഉത്തരവാദിത്തമായി മാറേണ്ടതുണ്ടെന്ന് വി.ടി ബൽറാം എം.എൽ.എ പറഞ്ഞു.

850 സ്ക്വയർഫീറ്റ് കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷനിൽ ശിശുസൗഹൃദ സ്ഥലം ഒരുക്കുന്നത്. കുട്ടികളുമായി ആശയവിനിമയം നടത്താനുള്ള പ്രത്യേകമുറി, സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള മുറികൾ, മിനി ലൈബ്രറി, കളിയുപകരണങ്ങൾ, ടോയ്‌ലറ്റുകൾ, ഇൻഫർമേഷൻ ബോർഡുകൾ, ചുമർച്ചിത്രങ്ങൾ തുടങ്ങി നിരവധി ബാലസൗഹൃദ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെയൊരുക്കുക.

കുട്ടികളുടെ നിയമങ്ങളിൽ അവഗാഹമുള്ള, ഉചിതമായ മനോഭാവവും പെരുമാറ്റരീതികളുമുള്ള, പരിശീലനം സിദ്ധിച്ച ചൈൽഡ് വെൽഫയർ ഓഫീസറടക്കമുള്ള പോലീസുദ്യോഗസ്ഥരെയും ഇവിടെ പ്രത്യേകമായി നിയമിക്കും.

ബാലസൗഹൃദ പോലീസ് സ്റ്റേഷനു വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പണികള്‍ ആരംഭിക്കുമെന്നും ചാലിശ്ശേരി സ്റ്റേഷന്‍ എസ്.ഐ അരുണ്‍ കുമാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിനായി നിലവിലുള്ള പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് സ്ഥലം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *