തിരുവനന്തപുരം:
നഗരസഭയുടെ ആദ്യ വനിതാ ലോഡ്ജ് ശ്രീകണ്‌ഠേശ്വരത്ത് മേയർ വി.കെ.പ്രശാന്ത് ഉദ്ഘാടനംചെയ്തു. നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കു സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഷീ ലോഡ്ജ് ആരംഭിക്കുന്നതെന്ന് മേയർ പറഞ്ഞു. എട്ടുപേർക്കുള്ള ഡോർമിറ്ററിയും രണ്ട് ഡബിൾ റൂമുകളും ഉൾപ്പെടെ 12 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ആദ്യം ഒരുക്കിയിട്ടുള്ളത്.
75 ലക്ഷം ചെലവിട്ട് ഒരു ബ്ലോക്ക് കൂടി പണിയുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.എസ്.സിന്ധു, കൗൺസിലർമാരായ കാഞ്ഞിരംപാറ രവി, കോമളവല്ലി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എസ്.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ബജറ്റിലാണ് ഷീ ലോഡ്ജ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. സുരക്ഷിതമായ, സൗകര്യങ്ങളെല്ലാമുള്ള താമസസൗകര്യത്തിന്റെ അഭാവം സംസ്ഥാനത്തു സ്ത്രീകള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലിചെയ്തുകൊണ്ട് അന്യനഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളാണ് ദുരിതം അനുഭവിക്കുന്നത്. ഇവരെ മുന്നില്‍ക്കണ്ടുകൊണ്ടാണ് പുതിയ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കാഞ്ഞങ്ങാട് നഗരസഭയാണ് സംസ്ഥാന സർക്കാരിന്റെ ഷീ ലോഡ്ജ് പദ്ധതി പൂർത്തിയാക്കിയ ആദ്യ നഗരസഭ. നഗരഹൃദയത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി താമസിക്കാന്‍ സംവിധാനം ഇല്ലാത്തിടത്താണ് ഷീ ലോഡ്ജിന് വിലയേറുന്നത്. പി.എസ്.സി. പരീക്ഷ മുതല്‍ മറ്റു പല ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന വനിതകള്‍ക്ക് ഷീ ലോഡ്ജ് സംവിധാനം ഏറെ സഹായകരമാകും.
സമാനമായ രീതിയില്‍ സംസ്ഥാനത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ അയ്യന്തോള്‍ പഞ്ചിക്കല്‍ ഇറക്കത്തില്‍ 1.35 കോടി രൂപ ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയായ ഷീ ലോഡ്ജില്‍ 50 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. മൂന്നുനിലക്കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലകളിലാണ് താമസസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒറ്റമുറികളും ഒന്നിലധികം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടും ആറും എട്ടും കിടക്കകളുള്ള മുറികള്‍ രണ്ടുനിലയിലുമുണ്ട്. മുകളില്‍ ഷീറ്റിട്ട് തുണിയുണക്കാനള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അയ്യായിരം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. ഇതിനുപുറമെ അടുക്കള, ഡൈനിങ് ഹാള്‍, ഓഫീസ് എന്നിവയും താഴത്തെനിലയില്‍ ക്രമീകരിച്ചിരിക്കുന്നു.
സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി ഷീ ടാക്‌സി എത്തിയതിനു പിന്നാലെയാണ് താമസിക്കാന്‍ ഷീ ലോഡ്ജുകളും എന്ന ആശയം പ്രാബല്യത്തില്‍ വന്നത്. സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെയുള്ള സഞ്ചാരത്തിന് സുരക്ഷിതമായ താമസസൗകര്യം വേണമെന്ന കാഴ്ചപ്പാടിലാണ് ഇത്തരം ലോഡ്ജുകള്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ആകെ പതിനഞ്ചിലധികം ലോഡ്ജുകളാണ് ഉള്ളത്. എല്ലാ ഷീ ലോഡ്ജുകളും ചേര്‍ത്ത് ഒരു ഓണ്‍ലൈന്‍ സംവിധാനം ഉണ്ടാക്കുകയെന്ന ആശയവും സര്‍ക്കാരിന്റെ മുന്നിലുണ്ട്.
ഇത്തരമൊരു സംവിധാനം ഒരുങ്ങിയാല്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. ആവശ്യക്കാര്‍ക്ക് എവിടെയിരുന്നും മുറി ബുക്ക് ചെയ്യാം. യാത്രപുറപ്പെടും മുമ്പേതന്നെ താമസസൗകര്യം ഉറപ്പിക്കാം എന്നതാണ് ഇതിന്റെ ഗുണം.