Sun. Dec 22nd, 2024

സുൽത്താൻ ബത്തേരി:

ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട കർഷക കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ വിത്തുത്സവം സുൽത്താൻ ബത്തേരി ചുള്ളിയോട് റോഡിൽ ചക്കാലക്കൽ ടൂറിസ്റ്റ് ഹോമിന് എതിർവശം പ്രത്യേകം തയ്യാറാക്കിയ മൈതാനത്തിൽ നടന്നു. ജനുവരി 24 ന് വൈകീട്ട് വിത്തുഘോഷയാത്രയോടെ ആരംഭിച്ച വിത്തുത്സവത്തിന്റെ എട്ടാമത് പതിപ്പ് ജനുവരി 28 വരെയാണ് നടന്നത്.

2012 ല്‍ ഫെയര്‍ ട്രേഡ് അലയന്‍സ് കേരള തുടക്കമിട്ട വിത്തുത്സവം എട്ടാമത് എഡിഷനില്‍ എത്തുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വിത്തുപരിരക്ഷണ സംരംഭമായി മാറുകയാണ്. പ്രളയക്കെടുതിയില്‍ പരമ്പരാഗത വിത്തിനങ്ങള്‍ പലതും നഷ്ടപ്പെട്ടപ്പോൾ, ഒരു കൈത്താങ്ങ്‌ ആയിട്ടാണ് ഇത്തവണ ഫെയർ ട്രേഡ് അലയൻസ് കേരള രംഗത്ത് വന്നിരിക്കുന്നത്.

അയ്യായിരത്തോളം വരുന്ന ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ സംഘടനാംഗങ്ങള്‍ക്കൊപ്പം കേരളത്തിലെ ജൈവ സുസ്ഥിര കൃഷിയില്‍ താല്‍പര്യമുള്ള കര്‍ഷകരും, കര്‍ഷക കൂട്ടായ്മകളും വിത്തുത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്‌ പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വിത്തിന്‍മേലുള്ള അവകാശത്തിനായി പ്രവര്‍ത്തിക്കുന്നവരും ‘അതിജീവനത്തിന്‍റെ വിത്തുകള്‍’ എന്ന പ്രമേയത്തിന്മേല്‍ നടക്കുന്ന 2019 ലെ വിത്തുത്സവത്തിന്‍റെ ഭാഗമാണ്.

കാര്‍ഷിക അനുബന്ധ വിഷയങ്ങളിലുള്ള സെമിനാറുകളും പൊതു സമ്മേളനങ്ങളും പരിശീലന പരിപാടികളും കലാ സന്ധ്യകളും നടത്തപ്പെടുന്ന വിത്തുത്സവം ഉദ്ഘാടനം ചെയ്തത് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനായ ചെറുവയൽ രാമനാണ്. നെല്ലിനങ്ങളുടെ ഒരു ജീൻബാങ്കർ ആയ ഇദ്ദേഹമാണ് 2011 ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്നു രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത്. കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 45 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നുണ്ട്.

തദ്ദേശീയവും അന്യം നിന്നു പോകുന്നതുമായ വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വളര്‍ത്തുമൃഗ ജനുസ്സുകളുടെയും, കാഴ്ചയും കൈമാറ്റവുമാണ് വിത്തുത്സവം ലക്ഷ്യമിടുന്നത്. കേരളീയ കാര്‍ഷിക മേഖലയുടെ ഉണര്‍വിനും മലയാളിയുടെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും വിത്തിന്മേല്‍ കര്‍ഷകനുള്ള അവകാശം ഉറക്കെ പ്രഖ്യാപിക്കുന്നതിനുമുള്ള വേദി കൂടിയാണ് ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ വിത്തുത്സവം.

ജൈവ വൈവിധ്യം, ഭക്ഷ്യ സുരക്ഷ, ലിംഗനീതി എന്നിങ്ങനെ മൂന്ന് അജണ്ടകള്‍ കൂടി വിത്തുത്സവം മുന്നോട്ടു വെക്കുന്നതായി പരിപാടിയുടെ പ്രൊമോട്ടറായ ടോമി മാത്യു വോക്ക് മലയാളത്തോട് പറഞ്ഞു. കാർഷിക മേഖലയുടെ ഉണർവാണ് വിത്തുത്സവം. വിത്തിന്മേൽ കർഷകനുള്ള അവകാശം സ്ഥാപിക്കുന്ന വേദികൂടിയാണിത്. ഗന്ധകശാല, ജീരകശാല, കൊടുവെളിയന്‍, തൊണ്ടി, വെളിയന്‍, കുള്ളന്‍തൊണ്ടി, ആയിരംകണ, കൃഷ്ണഗൌമുദ തുടങ്ങിയ ഇനം നെല്‍വിത്തുകളെല്ലാം മേളയിലുണ്ട് .

പരമ്പരാഗത കാർഷിക വിത്തുകൾക്കുളള അവകാശം കർഷകന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച മേളയിൽ ആറായിരത്തോളം തനത് വിത്തുകളും നാടൻ കന്നുകാലി ഇനങ്ങളേയും പരിചയപ്പെടാൻ അവസരമുണ്ടെന്നാണ് ടോമി മാത്യു പറയുന്നത്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന 136 നെൽവിത്തിനങ്ങളും മേളയിലുണ്ട്. 76 സ്റ്റാളുകളും അഞ്ച് വിത്തു ബാങ്കുകളുമാണ് ഒരുക്കിയിട്ടുളളത്. കർഷകർക്ക് ആശ്വാസമെത്തിക്കുന്ന ഫാർമേഴ്സ് ക്ലിനിക്കും വിത്തുൽസവത്തിന്‍റെ ഭാഗമാണ്.

കാർഷിക മേഖലയിലേക്കുളള കുത്തകകളുടെ കടന്നുവരവും പ്രളയക്കെടുതിയും മൂലം പ്രയാസം അനുഭവിക്കുന്ന കർഷകരെ അതിജീവനത്തിന് പ്രാപ്തരാക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് ടോമി മാത്യു പറയുന്നു. ഇതിനു സഹായകമായ രീതിയില്‍ പഠനക്ലാസ്സുകളും സിമ്പോസിയങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

വിത്തുത്സവത്തിന്‍റെ ഭാഗമായി ബത്തേരി ടൗണില്‍ നടത്തിയ വിത്തുഘോഷയാത്രയില്‍ കറ്റയും, പുല്ലും, കാപ്പി, കലപ്പ അടക്കമുള്ള കാര്‍ഷിക വിളകളും ഉപകരണങ്ങളും ഏന്തിയാണ് കര്‍ഷകര്‍ പങ്കെടുത്തത്. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ ഘോഷയാത്രയില്‍ പങ്കാളികളായി. വിവിധ നെല്ലിനങ്ങള്‍, പയർ വർഗ്ഗങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ കൂടാതെ വെച്ചൂർ, കാസർഗോടൻ കുള്ളൻ, ചെറുവള്ളി, വടകര, ഗീർ, തുടങ്ങി പന്ത്രണ്ടോളം നാടൻ പശുക്കൾ, നാടൻ കോഴിവർഗ്ഗങ്ങൾ തുടങ്ങി വിവിധ ഇനം വളർത്തു മൃഗങ്ങളും മേളയില്‍ പ്രദർശനത്തിനുണ്ട്.

വിത്തിന് മേൽ കർഷകനുള്ള അവകാശം ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്ന വിവിധ സെമിനാറുകൾ, ക്ലാസുകൾ. എന്നിവയോടൊപ്പം പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകത ഒരിക്കൽകൂടി മനസ്സിലാക്കുന്നതിനുള്ള അവസരംകൂടിയാണ് വിത്തുത്സവം. മേളയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയിൽ കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള കലാകാരന്മാർ അണിനിരന്ന കലാപരിപാടികൾ അവതരിപ്പിച്ചു.

മേളയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച, “ജൈവ വൈവിധ്യം സമഗ്ര കൃഷിയിലൂടെ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രയിലെ ഡോ. സിനി. എസ് വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ജോ.സെക്രട്ടറി സാലി ജോളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സജി പുളിക്കൽ സ്വാഗതം പറഞ്ഞു. തുടർന്ന്, ഇന്ത്യയിലെ പ്രമുഖ വിത്തുസംരക്ഷകരായ ‘അന്നദാന ബാംഗ്ലൂർ, ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കർഷകർക്കായി സമ്മാനിച്ച വിവിധ വിത്തുകളുടെ വിതരണം നടന്നു.

ഉച്ചയ്ക്ക് 2 മണിക്ക് വേദി കബനിയിൽ, “മണ്ണ് സംരക്ഷണത്തിൽ കയർ ഭൂവസ്ത്രത്തിന്റെ സാധ്യതകൾ” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ, ആലപ്പുഴ കയർഫെഡിലെ സുനോജ്.എസ് വിഷയമവതരിപ്പിച്ചു. ചടങ്ങിൽ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കണ്ണൂർ പ്രസിഡന്റ് ശ്രീ.ജോസ് പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ വയനാട് സെക്രട്ടറി രവി.കെ സ്വാഗതവും, ബീനാ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

2 മണിക്ക് വേദി നിളയിൽ, “ജൈവ രോഗ പ്രതിരോധം കുരുമുളക് കൃഷിയിൽ” എന്ന വിഷയത്തെ മുൻനിർത്തി നടന്ന സെമിനാറിൽ. നിധിൻ (RARS അമ്പലവയൽ) വിഷയമവതരിപ്പിച്ചു. ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കോഴിക്കോട് പ്രസിഡന്റ് ശ്രീ.തോമസ് പി.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കേന്ദ്ര സമിതി അംഗം ജോസ് കെ.പി സ്വാഗതവും, ത്രേസ്യാമ്മ ചാക്കോ നന്ദിയും പറഞ്ഞു. തുടർന്ന് പൊതുചർച്ച നടന്നു.

വൈകീട്ട് കബനി വേദിയിൽ “പഴവർഗ്ഗങ്ങളിലെ മൂല്യവർധിത ഉത്പന്നങ്ങൾ” എന്ന വിഷയത്തിൽ നടന്ന ശിൽപ്പശാലയിൽ ഗിരിജ സുമിത് (സൈൻ മാലോം) വിഷയമവതരിപ്പിച്ചു. ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കോഴിക്കോട് പ്രസിഡണ്ട് ഫാദർ ജോയ് കൊച്ചുപാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കേന്ദ്ര സമിതി അംഗം ജോർജ് പാലാന്തടം സ്വാഗതം ആശംസിച്ചു.

(c)

വൈകീട്ട് 5 മണിക്ക് “മണിക്ക് കർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും എന്ന വിഷയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കേന്ദ്ര സമിതി അംഗം ശ്രീ പ്രമോദ് മാസ്റ്റർ സ്വാഗതം ആശംസിക്കുകയും ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ട്രെഷറർ ശ്രീ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ ശ്രീ സജി എം എസ് കോഴിക്കോട് വിഷയാവതരണം നടത്തുകയും ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ അബ്രഹാം മണലോടിയിൽ നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് വയനാട് നാട്ടുകൂട്ടത്തിന്റെ ‘ഗോത്രഗാഥ’ വേദിയിൽ അരങ്ങേറി.

പ്രധാനമായും മലബാറിലെ നാല് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരള 2005 മുതലാണ്‌ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഫെയർ ട്രേഡ് അലയൻസ് കേരളയെ കൂടാതെ വിവിധ കർഷക സംഘടനകളും വിത്തുത്സവം നടത്തിവരുന്നുണ്ട്. വയനാട്ടിലെ പരമ്പരാഗത കർഷകരുടെ സംഘടനയായ സീഡ്‌കെയറും ജില്ലാ ആദിവാസി വികസന സമിതിയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയവും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും ചേർന്നു നടത്തുന്ന വിത്തുത്സവം സമാനമായ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഫെയർട്രേഡ് അലയൻസ് ഓഫ് കേരളയുടെ നേതൃത്വത്തിൽ 2017 ൽ കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിലും, 2016 ൽ കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിലുമാണ് വിത്തുത്സവം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *