പെരിന്തൽമണ്ണ:
സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് നഗരസഭ നടപ്പാക്കുന്ന സുധീര പദ്ധതിയിൽ പെൺകരുത്തിന്‍റെ പ്രതീകമായി കായിക പരിശീലനത്തിൽ ഏഴാമത്തെ ബാച്ചും പരിശീലനം പൂർത്തിയാക്കി. സംസ്ഥാനത്തുതന്നെ ആദ്യമായി ഇത്തരമൊരു പദ്ധതി ഏറ്റെടുത്ത് നടത്തിയത് 2013-14 വാർഷിക പദ്ധതിയിൽ പെരിന്തൽമണ്ണ നഗരസഭയാണ്. ആദ്യ ബാച്ചിൽ 150 വനിതകളാണ് പരിശീലനത്തിനായി എത്തിയത്. എന്നാല്‍ ഈ സാമ്പത്തിക വർഷം അത് 800 വനിതകളായി ഉയര്‍ന്നു.
34 വാർഡിലും സന്നദ്ധരായ എല്ലാ വനിതകൾക്കും സുരക്ഷാ- പ്രതിരോധത്തിലൂന്നിയ മാർഷ്യൽ ആർട്‌സ്, കായിക പരിശീലനങ്ങളാണ് ആദ്യഘട്ടത്തിൽ നൽകിത്തുടങ്ങിയത്. ഇത് പിന്നീട് വ്യായാമമുറകളടക്കമുള്ള പരിശീലനത്തിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോൾ ആറ് മേഖലാ കേന്ദ്രങ്ങളിൽ ഞായറാഴ്ചകളിൽ വുഷു, കരാട്ടേ, കളരി തുടങ്ങിയ കായികാഭ്യാസമുറകളിലും സൂംബ, എയ്റോബിക്, യോഗ, മെഡിറ്റേഷൻ എന്നിവയിൽ ദിവസവും പരിശീലനം നൽകും.
എല്ലാ വാർഡുകളിലും സന്നദ്ധരായ എല്ലാവർക്കും സുരക്ഷാപ്രതിരോധത്തിലൂന്നിയ മാർഷൽ ആർട്‌സ് കായികപരിശീലനമാണ് നൽകിയത്. പിന്നീട് വ്യായാമമുറകൾ അടക്കമുള്ളവയും നൽകി. എല്ലാ ഞായറാഴ്ചകളിലും ആറ് മേഖലാ കേന്ദ്രങ്ങളിൽ വുഷു, കരാട്ടേ, കളരി തുടങ്ങിയവ പഠിപ്പിക്കുന്നുണ്ട്. കൂടാതെ എല്ലാദിവസവും സുംബ, എയ്‌റോബിക്‌സ്, യോഗ, മെഡിറ്റേഷൻ എന്നിവയിലും പരിശീലനം നൽകുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഷാൻസി നന്ദകുമാർ ചെയർമാനായും എ. നസീറ ജനറൽ സെക്രട്ടറിയും എം. പ്രേമലത കൺവീനറുമായി 450 അംഗ മുനിസിപ്പൽ സുധീര സമിതിക്ക് നേരത്തെ രൂപം നൽകിയിരുന്നു.
65 വയസുള്ള ലീലാമ്മ ടീച്ചർമുതൽ ആറുവയസുകാരി സവേരി വരെ വിവിധ പ്രായത്തിലുള്ളവർ ഇന്ന് ഈ പരിശീലന കളരിയിലുണ്ട്. 3670 ഓളം പേർക്ക് ഇതിനകം പരിശീലനം നൽകിക്കഴിഞ്ഞു. ആത്മവിശ്വാസം വർധിപ്പിക്കുക, പൊതു ഇടങ്ങളിൽ സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന എല്ലാ വിധ അതിക്രമങ്ങളെയും സധൈര്യം ചോദ്യംചെയ്യാനും പ്രതികരിക്കാനും പരിശീലിപ്പിക്കുക, വനിതാ നൈപുണ്യം വളർത്തുക, ആരോഗ്യം, കായിക ക്ഷമത എന്നിവ വർധിപ്പിക്കുക, മാനസിക ആരോഗ്യം വികസിപ്പിക്കുക എന്നിവ ലക്ഷ്യംവച്ചാണ് നഗരസഭ സുധീര പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഒരുവർഷം 15 ലക്ഷം രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
മാർഷൽ ആർട്‌സിൽ ഡോക്ടറേറ്റ് നേടിയ വിന്നർ ഷെരീഫിന്റെ നേതൃത്വത്തിൽ വനിതാ പരിശീലകരായ സജിനി ഭാസ്‌കരൻ, ജെസി, റീന, അശ്വതി, രേഷ്മ എന്നിവരാണ് പരിശീലനം നൽകുന്നത്.ഫെബ്രുവരിയിൽ പദ്ധതിയിലെ 400ഓളം തെരഞ്ഞെടുത്ത വനിതകൾക്കായി പ്രസാദാത്മക ക്ലിനിക്കും പദ്ധതിയിൽ പങ്കാളിയാവാൻ താൽപ്പര്യമുള്ളവരെ മുഴുവൻ അണിനിരത്തി പെൺവസന്ത കൂട്ടായ്മയും ഒരുക്കും. പരിശീലനം നേടിയവരുടെ സംഗമം നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലീം ഉദ്ഘാടനംചെയ്തു. പി.ടി. ശോഭന അധ്യക്ഷയായി. എ. നസീറ, അമ്പിളി മനോജ്, ഷഫീന, സുന്ദരൻ കാരയിൽ, കെ. ആയിഷ, എം പ്രേമലത, വിന്നർ ഷരീഫ് എന്നിവർ സംസാരിച്ചു.