Wed. Nov 6th, 2024

#ദിനസരികള്‍ 654

ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏതറ്റം വരെയാണ് സഞ്ചരിച്ചെത്താന്‍ കഴിയുക? ഏതെങ്കിലും വിധത്തില്‍ സ്ഥാപിതമായ വിശ്വാസങ്ങളെ ഒന്നു തൊടാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ അവ തീഗോളങ്ങളായി പൊട്ടിത്തെറിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും അതിര്‍ത്തികളില്ലാതെ വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം എന്ന ആശയത്തെ ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളോട് ഭൂരിഭാഗവും അടിപ്പെട്ടിരിക്കുന്ന നമ്മുടെ സമൂഹം പൊതുവേ വകവെച്ചു തരുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഈ ചോദ്യത്തെ നമുക്കൊന്ന് തിരിച്ചിടുക. ഇങ്ങനെ :- വിശ്വാസത്തിന് മതേതര ജനാധിപത്യ സമൂഹത്തില്‍ ഏതറ്റം വരെയാണ് പോകാന്‍ കഴിയുക?

വിശ്വാസത്തിന്റെ പേരില്‍ എന്തും പറയാനും എന്തും പ്രചരിപ്പിക്കാനും നമ്മുടെ മതജാതി കൂട്ടായ്മകള്‍ക്ക് കഴിയുന്നുണ്ട്. അവിടെ ഒരു പരിധിയും നിശ്ചയിക്കപ്പെട്ടിട്ടില്ല. യുക്തിബോധത്തിനോ ശാസ്ത്രീയതയ്ക്കോ യാതൊരു വിധത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്നു മാത്രവുമല്ല, അവയൊക്കെ നഗ്നമായി ലംഘിക്കപ്പെടുകയും ചെയ്യുന്നു.

എല്ലാം വിശ്വാസത്തിന്റെ പേരിലാകുന്നുവെന്നതുകൊണ്ടു മാത്രമാണ് അതിരുകളില്ലാത്ത ഈ സ്വാതന്ത്ര്യം ഇക്കൂട്ടര്‍ അനുഭവിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ഇതിനെതിരെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ മതസ്വാതന്ത്ര്യം അഥവാ വിശ്വാസ സ്വാതന്ത്ര്യം അപകടത്തില്‍ എന്ന് ആക്രോശിച്ചുകൊണ്ട് ‘പൊതുശത്രുവിനെതിരെ’ എല്ലാ ജാതിമതസ്ഥരും ഒറ്റക്കെട്ടായി മാറുന്നതും നമുക്കു കാണാം. നമ്മുടെ നിയമവ്യവസ്ഥിതി ആ കൂട്ടുകെട്ടിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നതാണ് ഏറ്റവും പരിതാപകരമായ മറ്റൊരവസ്ഥ.

മനുഷ്യന് മരണമുള്ളതുകൊണ്ടു മാത്രമാണ് എല്ലാ തരത്തിലുള്ള മതവിശ്വാസങ്ങളും നിലനില്ക്കുന്നത്. മരണമില്ലാത്ത ഒരവസ്ഥയായിരുന്നു ഇവിടെയെങ്കില്‍ മതത്തിനോ ദൈവത്തിനോ യാതൊരു സാധ്യതയുമില്ലാതെയാകുമായിരുന്നു. മരണത്തോടുള്ള വിപ്രതിപത്തിയും ഭയവുമാണ് ദൈവത്തെ സൃഷ്ടിച്ചതെന്നു പറയാം.

അതേ മരണഭയത്തെ ഉപയോഗപ്പെടുത്തിയാണ് മതങ്ങള്‍ രൂപം കൊണ്ടതും നിലനിന്നു പോകുന്നതും. അതുകൊണ്ടു തന്നെ വിശ്വാസം ഭംഗിയായി ഇടപെടുന്നത് മരണത്തിന്റേയും രോഗത്തിന്റേയും മേഖലയിലാണ്. ഏറ്റവും കൂടുതല്‍ അത്ഭുതപ്രവര്‍ത്തികള്‍ നടക്കുന്നത് ആരോഗ്യ രംഗത്താണെന്നത് യാദൃശ്ചികമല്ല. ഒരു പരിധിയുമില്ലാത്ത സ്വാതന്ത്ര്യം ഇവിടെ വിശ്വാസത്തിന്റെ പേരില്‍ അനുവദിക്കപ്പെടുന്നു.

ശാസ്ത്രീയമായ അറിവുകള്‍ പോലും പകച്ചു നില്ക്കുന്ന സാഹചര്യങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ എന്തെന്തു തെമ്മാടിത്തരങ്ങളാണ് ഇവിടെ പ്രഘോഷിക്കപ്പെടുന്നത്? കാന്‍സര്‍ ഭേദമാക്കുന്നു, മുടന്തനെ നടത്തുന്നു, അന്ധനെ കാഴ്ചയുള്ളവനാക്കുന്നു അങ്ങനെയങ്ങനെ സാക്ഷ്യപ്പെടുത്തലിന്റെ മഹാമാരി നിരന്തരം പെയ്തുകൊണ്ടേയിരിക്കുന്നു. എന്തു തരത്തിലുള്ള അസംബന്ധം പ്രചരിപ്പിക്കപ്പെടുമ്പോഴും വിശ്വാസത്തിന്റെ പേരില്‍ അതിനെതിരെ പ്രതികരിക്കാന്‍ ഭരണസംവിധാനങ്ങള്‍ മടിക്കുന്നതും നാം കാണുന്നതാണ്.

മേല്‍ പ്രസ്താവിച്ച തരം അസംബന്ധങ്ങളെ ശാസ്ത്രബോധമുള്ളവര്‍ ചോദ്യം ചെയ്യുവാന്‍ മുതിര്‍ന്നാല്‍‌പ്പിന്നെ കലാപങ്ങളുടെ ഘോഷയാത്രയാകുന്നു.

മതപ്രചാരണത്തിനുള്ള അവകാശങ്ങളെ അഥവാ സ്വാതന്ത്ര്യങ്ങളെ സര്‍ക്കാര്‍ നേരിട്ടതിനോ അടിച്ചമര്‍ത്തിയതിനോ വേണ്ടത്ര ഉദാഹരണങ്ങളില്ലെങ്കിലും ഭരണഘടന ഉറപ്പു നല്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിട്ടതിനും എഴുത്തുകാരേയും സാംസ്കാരിക പ്രവര്‍ത്തകരേയും ജയിലിലടച്ചതിനും എത്രവേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. Exasperating Essays ല്‍ ഡി.ഡി കൊസാംബി, സോക്രട്ടീസിന്റെ വിചാരണയെപ്പറ്റിയും യുവാക്കളെ വഴി തെറ്റിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ വിഷംകൊടുത്തു കൊന്നതിനെപ്പറ്റിയും എഴുതുന്നുണ്ട്. സ്ഥാപിതമായ വിശ്വാസങ്ങള്‍‍‌ക്കെതിരെ പറയുന്നവരേയും പഠിപ്പിക്കുന്നവരേയും ഉന്മൂലനം ചെയ്യാനുള്ള അധികാരികളുടെ വ്യഗ്രതയ്ക്ക് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്.

പറഞ്ഞുവരുന്നത് ഭരണഘടന 19(1) ആം വകുപ്പായി ഉറപ്പു തരുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളെക്കാള്‍ ഇനി വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന അസംബന്ധങ്ങളെ നിയന്ത്രിക്കുവാനുള്ള നിയമത്തിനു വേണ്ടി ശാസ്ത്രാഭിമുഖ്യമുള്ളവര്‍ രംഗത്തിറങ്ങണമെന്നാണ്. ഈ രംഗത്ത് വിപുലവും വിശാലവുമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. വ്യക്തിപരവും തെളിവില്ലാത്തതും കേവലം വിശ്വാസത്തിന്റെ അടിത്തറയില്‍ മാത്രമുള്ളതുമായ അത്ഭുതപ്രവര്‍ത്തികളേയും സാക്ഷ്യം പറച്ചിലുകളേയും എങ്ങനെയെല്ലാം നിയന്ത്രിക്കണമെന്ന ചര്‍ച്ച നമ്മുടേതു പോലെയുള്ള ഒരു സമൂഹത്തില്‍ അത്ര എളുപ്പമായിരിക്കില്ല.

മതങ്ങളുടേയും ജാതികളുടേയും അടിസ്ഥാനത്തില്‍ വോട്ടുബാങ്കുകള്‍ രൂപപ്പെടുത്തി അധികാരത്തിലെത്തുന്നവര്‍ രാജ്യത്തെ നയിക്കുന്ന ഒരു സാഹചര്യത്തില്‍ പ്രത്യേകിച്ചും. മതസമൂഹങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള മേല്‍‌ക്കൈയുടെ പ്രധാന കാരണം ഒരു വോട്ടുബാങ്കായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നതാണ്. ആ ശക്തിയുടെ മുന്നില്‍ മുട്ടുമടക്കാത്തവരില്ലെന്നു തന്നെ പറയാം. അതുകൊണ്ടാണ് മറ്റൊരു കാലത്തുമില്ലാതിരുന്ന തരത്തിലുള്ള മുന്നേറ്റം ജാതിമതശക്തികള്‍ക്ക് ഇക്കാലത്തുണ്ടായത്. ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിന് ഈ കൂട്ടുകെട്ട് വലിയ പ്രതിബന്ധമാകുന്നു.

തലയില്‍ തേങ്ങയുടച്ച് മതവൈതാളികത്വത്തിനെ പോറ്റിപ്പുലര്‍ത്താന്‍ വെമ്പിയിറങ്ങുന്ന യുവത്വത്തിന്റെ ഇക്കാലത്ത് അന്ധവിശ്വാസ നിര്‍‌മാര്‍ജ്ജന നിയമങ്ങള്‍ പാസ്സാക്കിയെടുക്കുകയെന്നത് വെല്ലുവിളി തന്നെയാണ്. എന്നാല്‍ അത്ഭുതപ്രവര്‍ത്തികളുടെ പേരില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളേയും പിന്നോട്ടടികളേയും ഫലപ്രദമായി നേരിടണമെങ്കില്‍ സമൂഹത്തിന് നിയമപരമായി ഇത്തരമൊരു പിന്തുണ ആവശ്യമാണ്. പക്ഷെ, തന്റെ കാലത്തെക്കുറിച്ചുമാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വാമനരൂപികളായ രാഷ്ട്രനേതാക്കന്മാര്‍ നമ്മുടെ നാളെയെക്കുറിച്ച് ചിന്തിക്കാനിടയില്ലാത്തിടത്തോളം കാലം ഈ ചിന്ത എങ്ങും ചെന്നു തൊടാനിടയില്ലെന്ന് നമുക്ക് നന്നായി അറിയാം.

 വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *