തിരുവനന്തപുരം:
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ പ്രതികളെ കണ്ടെത്താനാണ് തിരുവനന്തപുരം സിറ്റി ഡി.സി.പിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോൺ, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പരിശോധിച്ചതെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. സി പി എം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധന അനാവശ്യവും ചട്ടവിരുദ്ധവുമാണെന്നു പാർട്ടിവാദത്തെ എതിർത്തു കൊണ്ടാണ് എസ് പി ചൈത്ര തെരേസ ജോണ്‍ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടെന്നു വിശ്വസനീയ വിവരം ലഭിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നും കോടതിയിലുള്ള റിപ്പോർട്ടിൽ പറയുന്നു.
പരിശോധന നിയമപരമെന്ന് വ്യക്തമാക്കാൻ സേർച്ച് റിപ്പോർട്ട് അടക്കം കോടതിയിലേക്ക് സമർപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിയെ കമ്മിറ്റി ഓഫീസിൽ നിന്ന് പിടികൂടാനായില്ല. പ്രതികള്‍ക്കായി ജില്ലാ കമ്മിറ്റി ഓഫീസില്‍ അർദ്ധരാത്രിയിൽ കയറി പരിശോധിച്ചത് മാദ്ധ്യമശ്രദ്ധ കിട്ടാനാണെന്നും ഗൂഢലക്ഷ്യമുണ്ടെന്നും സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. അര്‍ധരാത്രിയില്‍ പാര്‍ട്ടി ഓഫീസില്‍ കയറിയതു മാദ്ധ്യമശ്രദ്ധ കിട്ടാനാണ്.
അനാവശ്യമായി ഓഫീസില്‍ കയറിയ ചൈത്രക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു സി.പി.എം നല്‍കിയ പരാതിയിൽ വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഡി.ജി.പിക്കു കൈമാറും.