Sun. Dec 22nd, 2024

 

അമ്പലവയൽ, വയനാട്:

ശബരിമല പ്രവേശനത്തിന് ശ്രമിച്ച സാമൂഹികപ്രവര്‍ത്തകയും ആദിവാസി ഐക്യസമിതി നേതാവുമായ അമ്മിണിയുടെ കുടുംബത്തിനു നേരെ ആക്രമണം. അമ്മിണിയുടെ സഹോദരി ശാന്തയുടെ മകനു നേരെയാണ് സംഘപരിവാർ ആക്രമണം അഴിച്ച് വിട്ടത്. ഇന്ന് രാവിലെ 8 മണിയോടെ അമ്പലവയലിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ പ്രഫുൽ കുമാറിനെ (22 വയസ്സ്) വിദഗ്ദ്ധപരിശോധനയ്ക്കായി വൈകുന്നേരത്തോടെ സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അയ്യപ്പ ദര്‍ശനത്തിനെത്തിയ മനിതി സംഘത്തോടൊപ്പം ശബരിമല പ്രവേശനത്തിന് ശ്രമിച്ച ആദിവാസി-ദലിത് അവകാശ പ്രവര്‍ത്തക അമ്മിണി എരുമേലി വരെ എത്തിയെങ്കിലും സംഘ പരിവാർ ഗുണ്ടകളുടെ ആക്രമണം കാരണം തിരിച്ച് പോരേണ്ടി വന്നിരുന്നു.

സുരക്ഷിതമായി മല കയറാന്‍ പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ പമ്പയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അന്ന് അമ്മിണി അറിയിച്ചിരുന്നു.

ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും, കൂട്ടായ്മകള്‍ രൂപീകരിച്ചും വയനാട് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അമ്മിണി, ആദിവാസി ഐക്യസമിതിയുടെ സെക്രട്ടറി, ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഏകദേശം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവർ പൊതു പ്രവര്‍ത്തന രംഗത്തെത്തുന്നത്.

കേരള സ്ത്രീവേദിയുടെ വയനാട്ടിലെ ഘടകത്തിന്റെ ഭാഗമായാണ് തുടക്കം. പുറംലോകവുമായി അധികം ബന്ധമില്ലാതിരുന്ന നായ്ക്ക സമുദായത്തില്‍ നിന്നും, സമുദായാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമങ്ങളിലൂടെയാണ് അമ്മിണി സ്ത്രീവേദിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ആദിവാസി ചെറുപ്പക്കാരെ തന്നെ മുന്നിൽ നിറുത്തി ആദിവാസിനേതാക്കളെ കായികമായി നേരിടുന്ന തന്ത്രത്തിന്റെ പുതിയ പരീക്ഷണശാലയായി വയനാടിനെ മാറ്റാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകൻ ഡോ: പി.ജി. ഹരി വോക്ക് മലയാളത്തോട് പറഞ്ഞു.

മുമ്പും അവർക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്തുതന്നെ അമ്പലവയൽ പോലീസിന് പരാതി നല്കിയിരുന്നെങ്കിലും പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല, എന്ന് പി.ജി. ഹരി കൂട്ടിച്ചേർത്തു.

അതേ സമയം അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും ഇപ്പോഴുള്ള സംഭവം സംഘപരിവാറുമായോ ശബരിമലയാത്രയുമായോ ബന്ധപ്പെട്ടതല്ലെന്നുമാണ് അമ്പലവയൽ എസ്.ഐ. വോക്ക് മലയാളത്തോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *