തൂത്തുക്കുടി:
തൂത്തുക്കുടി കൂട്ടകൊലപാതകത്തിൽ പരിക്കേറ്റു കിടക്കവേ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയ സൂപ്പർസ്റ്റാർ രജനികാന്തിനോട് ‘നിങ്ങൾ ആരാണ്?’ എന്ന് പ്രതിഷേധ അർത്ഥത്തിൽ ചോദിച്ച് പ്രശസ്തനായ വിദ്യാർത്ഥി നേതാവ് കെ. സന്തോഷ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റെർലൈറ്റ് കോപ്പറിനെതിരെയുള്ള പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തതായി ആരോപിച്ചാണ് വ്യാഴാഴ്ച സന്തോഷിനെ അറസ്റ്റ് ചെയ്തതെന്നാണ് മാധ്യമ റിപ്പോർട്ട്. സെക്ഷൻ 153 (എ) (ബി), 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. പന്താരംപട്ടി ഗ്രാമത്തിൽ നിന്നുള്ള 22 വയസ്സുകാരനായ കെ സന്തോഷ് രാജ് ആൾ കോളേജ് വിദ്യാർത്ഥി ഫെഡറേഷന്റെ പ്രസിഡന്റാണ്.
ബികോമ് വിദ്യാർത്ഥിയായിരുന്ന സന്തോഷ് രണ്ടാം വർഷം പഠനം ഉപേക്ഷിച്ചെങ്കിലും സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. മലിനീകരണം ഉണ്ടാക്കുന്ന തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് 2018 മെയ് 22 ന് നടന്ന സമാധാനപൂർണ്ണമായ ജനകീയ സമരത്തിന് നേരെ നടന്ന പോലീസ് വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ കൂട്ടത്തിൽ സന്തോഷും ഉണ്ടായിരുന്നു. പരിക്കേറ്റവരെ കണ്ട് ആശ്വസിപ്പിക്കാൻ ആശുപത്രിയിൽ പോയ രജനികാന്ത് സന്തോഷിൻറെ അടുക്കൽ എത്തിയപ്പോൾ ആണ് ‘നിങ്ങൾ ആരാണെന്ന?’ ചോദ്യം നേരിടേണ്ടി വന്നത്.
സന്തോഷിന്റെ ഈ പ്രതികരണം വലിയ വാർത്തയാവുകയും സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തെ വിമർശിച്ച രജിനികാന്തിന് അതൊരു കനത്ത അടിയാവുകയും ചെയ്തിരുന്നു. പലരും സന്തോഷിന്റെ പ്രതികരണത്തെ അഭിനന്ദിച്ചെങ്കിലും ഒപ്പം വിമർശനങ്ങളും ഉണ്ടായി. ഇതേതുടർന്ന് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഒരു വീഡിയോയും സന്തോഷ് പുറത്തുവിട്ടിരുന്നു. ആശുപത്രിയിൽ സന്ദർശനത്തെത്തിയ മറ്റു പല പ്രമുഖർക്കും സന്തോഷിൽ നിന്നും സമാനമായ പ്രതികരണം നേരിടേണ്ടി വന്നിരുന്നു.
അടിയന്തര ഫോൺ കോൾ ലഭിച്ചതിന് തുടർന്ന് തന്റെ മകൻ വ്യാഴാഴ്ച രാവിലെ 11.30 ന് വീട്ടിൽ നിന്നും ഇറങ്ങിയതായി സന്തോഷിൻറെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.പിന്നീട് പുത്തൂർപാണ്ടിയപുരം ടോൾ ഗേറ്റിൽ വച്ച് പോലീസ് സന്തോഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പന്താരംപട്ടിയിലെ നാട്ടുകാർ സന്തോഷിനെ വിട്ടയക്കണം എന്ന ആവശ്യം ഉന്നയിച്ച് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്തോഷിനെ മോചിപ്പിക്കുന്നത് വരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് നാട്ടുകാരുടെ നിലപാട്. സ്റ്റെർലൈറ്റ് അടക്കപ്പെട്ടിട്ടും തന്റെ മകനെ എന്തിനാണ് പിടികൂടുന്നത് എന്നും സ്റ്റെർലൈറ്റ് അടച്ചു പൂട്ടാൻ മുഖ്യമന്ത്രി തയ്യാറായിട്ടും പൊലീസ് അവനെ അറസ്റ്റ് ചെയ്യുന്നതെന്തിനെന്നും സന്തോഷിന്റെ അമ്മ മാധ്യമങ്ങളോട് ചോദിച്ചു.
2018 ഡിസംബർ 19 ന് ശ്രീവൈകുണ്ഠംത്തിന് അടുത്തുള്ള ഒരു സ്വകാര്യ കോളേജിൽ ലഘുലേഖകൾ വിതരണം ചെയ്തു എന്ന് ആരോപിച്ചു മറ്റ് മൂന്നുപേരെയും ശ്രീവൈകുണ്ഠം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ഇടയിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ് ലഘുലേഖയിലെ സന്ദേശം എന്നാണ് പോലീസിന്റെ ആരോപണം.