പട്ടാമ്പി:
കേരളം, കവിത: ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകൾ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവലിന് ബുധനാഴ്ച പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ തുടക്കമാവും. 23 ന് രാവിലെ 9.30 ന് നടക്കുന്ന നവോത്ഥാന സെമിനാറോടെയാണ് കാർണിവലിന്റെ നാലാംപതിപ്പിന് തുടക്കമാവുന്നത്.
സെമിനാറിൽ എം. എൻ. കാരശ്ശേരി ആമുഖഭാഷണം നടത്തും. ഉച്ചയ്ക്ക് ഈ.മ.യൗ സിനിമയുടെ തിരക്കഥ പ്രകാശനം ചെയ്യും. തുടർന്നു നടക്കുന്ന ചർച്ചയിൽ ചിത്രത്തിന്റെ സംവിധായകൻ ലിജോജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് തുടങ്ങിയവർ പങ്കെടുക്കും.
നാലുദിവസത്തെ കാർണിവലിൽ ഇരുനൂറോളം കവികൾ പങ്കെടുക്കും. കോളേജ് വിദ്യാഭ്യാസവകുപ്പ്, മലയാളനാട് വെബ് കമ്യൂണിറ്റി, ബിനാലെ ഫൗണ്ടേഷൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, കേരള ഫോക്‌ലോർ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
സെമിനാറുകൾ, കവിസംവാദങ്ങൾ, ചർച്ചകൾ, കവിതാവതരണങ്ങൾ, പുസ്തക പ്രകാശനം, ചിത്രകലാപ്രദർശനം, അഭിമുഖം, ഇൻസ്റ്റലേഷനുകൾ, കവിതാക്യാമ്പ്, വിദ്യാർഥികളുടെ കാർണിവൽ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. ഇതോടൊപ്പം ഡി. വിനയചന്ദ്രൻ കാവ്യോത്സവം, കെ. വി. അനൂപ് അനുസ്മരണം എന്നിവയും നടക്കും.
കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകൾ എന്ന പ്രമേയത്തിൽ നടക്കുന്ന കവിതയുടെ കാർണിവൽ നാലാം സംഗമം പ്രളയാനന്തരം കേരളം വീണ്ടെടുക്കേണ്ട കവിതയെ സംബന്ധിച്ച വിചാരങ്ങൾക്കുള്ള വേദിയാണ് എന്നാണ് സംഘാടകരില്‍ ഒരാളായ സന്തോഷ് ഋഷികേഷ് പറയുന്നത്. അടയാളപ്പെടുത്തപ്പെട്ട സ്ഥലങ്ങളെ സംബന്ധിച്ച വീണ്ടുവായനകളും മുഖ്യധാരാസാഹിത്യവിചാരങ്ങളിൽ മറക്കപ്പെട്ട, മറയ്ക്കപ്പെട്ട പ്രാന്തവത്കരിച്ച ഇടങ്ങളുടെ വീണ്ടെടുപ്പുമാണ് കാർണിവൽ എന്നാണ് സന്തോഷ് വോക്ക് മലയാളത്തോട് പറഞ്ഞത്.
ജനുവരി 24, 25 തീയതികളിലായി അന്ധതാവെല്ലുവിളി നേരിടുന്ന എഴുത്തുകാരുടെയും വായനക്കാരുടെയും സമൂഹം കാർണിവലിൽ പങ്കാളിയാവുന്നുണ്ട്. അംഗപരിമിതരുടെ പ്രതിനിധാനം മുഖ്യധാരാസമൂഹത്തിൽ എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്സ് സംസ്ഥാന വൈസ് പ്രസിഡന്റും ഫാറൂഖ് കോളേജ് അധ്യാപകനുമായ ഡോ. ഹബീബ് ജനുവരി 24 ന് ഉച്ചയ്ക്ക് 2.30 ന് പ്രഭാഷണം നടത്തും.