Mon. Jan 13th, 2025

കോഴിക്കോട്:

 

നിപാ രോഗബാധക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ജീവനക്കാരുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതിനാലാണ് സമരം അവസാനിപ്പിച്ചത്. മെയ് 22 മുതല്‍ 31 വരെ ഐസലേഷന്‍ വാഡില്‍ ജോലി ചെയ്തിരുന്ന 23 ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചതെന്ന് സമര സമിതിയുടെ ഭാഗമായ കെ.യു. ശശിധരന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

https://youtu.be/P8PlQz3vDMY

നിപാ രോഗബാധക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മെഡിക്കല്‍ കോളജിന് മുന്നില്‍ ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ജനുവരി നാലിന് ആരംഭിച്ച സത്യാഗ്രഹ സമരത്തോട് അധികൃതര്‍ അനുകൂല നിലപാട് എടുക്കാത്തതിനെ തുടര്‍ന്ന് നിപാ കാലത്തെ താൽക്കാലിക ജീവനക്കാരൻ ബി.പി. രജീഷ് മരണം വരെ നിരാഹാരം ആരംഭിക്കുകയായിരുന്നു.

സ്ഥിരം ജോലി ആവശ്യപ്പെട്ട് ജീവനക്കാർ ആശുപത്രിക്കു മുൻപിൽ സത്യഗ്രഹം നടത്തി വന്ന സമരപ്പന്തലില്‍ തന്നെയാണ് നിരാഹാരവും ആരംഭിച്ചത്. രജീഷിനെ ആദരിച്ചു സംസ്ഥാന സർക്കാർ നൽകിയ പുരസ്കാരവും തുടർന്നുള്ള സ്വീകരണ യോഗത്തിൽ ലഭിച്ച പൊന്നാടയും ഫലകങ്ങളുമെല്ലാം പന്തലിൽ പ്രദർശിപ്പിച്ചാണു സമരം നടത്തിയത്. സത്യാഗ്രഹ സമരം ആരംഭിച്ച് 15 ദിവസത്തിന് ശേഷമാണ് സമരം വിജയം കണ്ടത്. മറ്റു ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാവാതിരുന്ന കാലത്ത്, ജീവന്‍ പണയം വച്ച് ജോലി ചെയ്യാന്‍ തയ്യാറായ 42 ജീവനക്കാരെ ആണ് 2018 ഡിസംബര്‍ 31 ന് പിരിച്ചു വിട്ടത്. ഇവരില്‍ 23 പേര്‍ക്കാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. മറ്റ് ജീവനക്കാരുടെ ജോലിയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ പറഞ്ഞു.

നിപാ കാലത്ത് ജോലി ചെയ്തവർക്ക് സ്ഥിരം നിയമനം നൽകുമെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നൽകിയ ഉറപ്പു പാലിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. നിപാ വൈറസ് ബാധയെ തുടര്‍ന്ന് മെയ് 22 ന് വിവിധ വകുപ്പുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് താത്കാലിക നിയമനം നടത്തിയിരുന്നു. പിന്നീട് നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താത്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സമര്‍പ്പിച്ച പട്ടികയില്‍ നിന്നും നഴ്സിംഗ് അസിസ്റ്റന്റുമാരും ശുചീകരണതൊഴിലാളികളുമടക്കമുള്ളവരെ ഒഴിവാക്കിയതായാണ് പരാതി ഉയര്‍ന്നത്. അര്‍ഹതയുള്ളവരെ ഒഴിവാക്കിയ പട്ടികയില്‍ ആ കാലയളവിന് ശേഷം ജോലി ചെയ്തവരെ ഉള്‍പ്പെടുത്തിയതായും ആക്ഷേപമുയര്‍ന്നു. നിപാ കാലത്ത് മരണഭയം പോലും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട നാല്‍പത്തി രണ്ടു പേര്‍ ‘കറിവേപ്പില’ പോലെ പുറത്ത് പോവേണ്ടി വന്നു എന്നാണ് തൊഴിലാളികളില്‍ ഒരാളായ കെ.യു. ശശിധരന്‍ വോക്ക് മലയാളത്തോട് പറഞ്ഞത്.

നിപാ രോഗികളുള്ളപ്പോൾ സേവനം നടത്തിയ 42 താത്‌കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് എം.കെ. രാഘവൻ എം.പി. ക്ക് നിവേദനം നൽകുകയും ചെയ്തു. നിപാ ബാധ ഭയന്നു സ്ഥിരം ജീവനക്കാർ കൂട്ട അവധിയെടുത്തതിനാലാണ് താല്‍കാലിക ജീവനക്കാരെ ജോലിക്കു തിരഞ്ഞെടുത്തത്. ജീവനക്കാരുടെ കുറവു നേരിടുന്നതിനാൽ രേഖകൾ പോലും പരിശോധിക്കാതെയാണു നിയമനങ്ങൾ നടന്നതെന്നും സമരക്കാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

സ്ഥിര നിയമനം നല്‍കിയില്ലെങ്കില്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും താല്‍ക്കാലിക നിയമനത്തില്‍ താല്‍പര്യമില്ലെന്നുമായിരുന്നു തൊഴിലാളികളുടെ നിലപാട്. സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത് എന്നറിഞ്ഞിട്ടും അതൊന്നും പരിഗണിക്കാതെ രോഗികളുടെ എല്ലാ കാര്യവും നോക്കിയിരുന്ന ശുചീകരണ തൊഴിലാളികള്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരാണ് സമരം ആരംഭിച്ചത്. നിപാ ഫലപ്രദമായി പ്രതിരോധിച്ച ശേഷം, അന്ന് ആരോഗ്യമന്ത്രി തന്നെയായിരുന്നു ഇവര്‍ക്ക് മുന്നില്‍ സ്ഥിര നിയമനം എന്ന വാഗ്ദാനവും വെച്ചത്.

നളന്ദ ഓഡിറ്റോറിയത്തില്‍ നിപാ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കൊടുത്ത ഉറപ്പാണ് ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നത്. “ഇപ്പോള്‍ ജോലി ചെയ്യുന്നില്ലേ. പോകാന്‍ പറയുമ്പോഴല്ലേ. അത് അപ്പോള്‍ നോക്കാം.” എന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍ ഡിസംബര്‍ 31 മുതല്‍ ഇവരെ പിരിച്ച് വിട്ടുള്ള നടപടി വന്നതോടെയാണ് ജനുവരി നാല് മുതല്‍ തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *