Fri. Mar 29th, 2024

വിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കുതിക്കുന്നതായി റിപ്പോര്‍ട്ട്.

ജനുവരി മാസത്തില്‍ പ്രസിദ്ധീകരിച്ച 2018 ലെ വിദ്യാഭ്യാസത്തെ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കേരളം മുന്നിട്ടു നില്‍ക്കുന്നതായി കാണിക്കുന്നത്.

കണക്ക് ഉള്‍പ്പടെയുള്ള വിഷയങ്ങളിലാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ മുന്നിട്ടു നില്‍ക്കുന്നത്. രാജ്യത്തെ 596 ജില്ലകളിലെ 17730 ഗ്രാമങ്ങളിലായി 354944 വീടുകളില്‍ നിന്നുള്ള 546527 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒട്ടേറെ മുന്നിലാണെന്ന സൂചനയുള്ളത്.

മൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളിലാണ് പഠനം നടന്നത്. രാജ്യത്തെ പൊതു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പ്രൈമറി വിഭാഗത്തിലെ ഹാജര്‍ നിരക്കില്‍ കേരളം രണ്ടാം സ്ഥാനത്താണുള്ളത്. രണ്ടായിരത്തി പതിനാലിന് ശേഷം കേരളത്തില്‍ പ്രൈവറ്റ് സ്കൂളുകളുടെ എൻറോള്‍മെന്‍റ് നടന്നില്ലെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ കേരളത്തിലും ആസാമിലും പൊതുമേഖലയില്‍ പ്രീ പ്രൈമറി ക്ലാസുകള്‍ നിലനിൽക്കുന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.

ഗണിത വിഷയങ്ങളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നാമതാണ് എന്നാണ് പഠനം പറയുന്നത്. മൂന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് കൂട്ടലും കുറയ്ക്കലും ഉള്‍പ്പടെയുള്ള ലളിതമായ ഗണിത ക്രിയകള്‍ ചെയ്യാനാവുന്നുണ്ട് എന്നാണു പഠനത്തില്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം വിദ്യാര്‍ത്ഥികളിലെ പഠന നിലവാരത്തില്‍ 2016 മുതല്‍ വലിയ മാറ്റം ഉള്ളതായി പറയുന്നുണ്ട്. വായനയിലും ഗണിതവിഷയങ്ങളിലും ഏതാണ്ട് നിലവാരം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടില്‍ സൂചനയുള്ളത്.

വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം മികച്ച രീതിയിലുള്ള ബോധവല്കരണവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കാരണം. അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നതില്‍ സഹായിച്ചതായി ഈ രംഗത്തെ വിദഗ്ദ്ധനായ ജോര്‍ജ് റോയ് പറയുന്നു.

ഹൈസ്കൂളുകളും ഹയര്‍ സെക്കണ്ടറി സ്കൂളുകളും ഉള്‍പ്പടെ ഉള്ളവയില്‍ എൻറോൾ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ശതമാന കണക്കില്‍ സര്‍ക്കാര്‍ മേഖലയില്‍ 58.5 ആണെങ്കില്‍ സ്വകാര്യ മേഖലയില്‍ ഇത് 34.3 മാത്രമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. അത് പോലെ തന്നെ പതിഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ പഠന മേഖലയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ ശതമാനത്തിലും കുറവ് വന്നതായി റിപ്പോര്‍ട്ട് പറയുന്നു. 2006 ലെ 1.1 ശതമാനത്തില്‍ നിന്നു 2018 ല്‍ എത്തിയപ്പഴേക്കും 0.6 ശതമാനത്തിലേക്ക് കുറവ് വന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്.

നവകേരള മിഷന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും വേണ്ടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരില്‍ കേരള സർക്കാർ പദ്ധതി നടപ്പിലാക്കിയിരുന്നു. 2017 ജനുവരി 27 ന് തുടക്കം കുറിച്ച പദ്ധതി കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണമാണ് ലക്ഷ്യമിടുന്നത്. പദ്ധതി കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തിന് പുതിയ ഉണര്‍വ് നല്‍കിയിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തർദ്ദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പി ടി എ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *