നിവിൻ പോളി നായകനായ ‘മിഖായേൽ’ എന്ന പുതിയ ചിത്രത്തെ വിമർശിച്ച് അവലോകനം എഴുതിയ ‘മൂവി ട്രാക്കേഴ്സ്’, ‘മൂവി മുൻഷി’ തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മകൾ മാസ്സ് റിപ്പോർട്ടിങ്ങിനെ തുടർന്ന് ഫേസ്ബുക്കിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് പകർപ്പവകാശ നയം ലംഘിക്കുന്ന അവലോകനം പ്രസിദ്ധീകരിച്ചെന്ന റിപ്പോർട്ട് കാരണമാണ് ഈ കൂട്ടായ്മകൾ നീക്കം ചെയ്യപ്പെട്ടത്.
‘ആമി’, ‘വില്ലൻ’, ‘രണം’, ‘മോഹൻലാൽ’ തുടങ്ങിയ ചിത്രങ്ങളെ വിമർശിച്ച ഫേസ്ബുക്ക് കൂട്ടായ്മകൾക്ക് മുൻകാലങ്ങളിൽ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അവലോകനങ്ങൾക്കൊപ്പം ചിത്രത്തിന്റെ പോസ്റ്ററും പടങ്ങളും ഉപയോഗിച്ചെന്നതായിരുന്നു കാരണം.
ഫേസ്ബുക്ക് കൂട്ടായ്മകൾക്ക് മാത്രമല്ല വ്യക്തികൾ ഇടുന്ന വിമർശനങ്ങളെയും അസഹിഷ്ണുതയോടെ കാണുകയും അവരുടെ അക്കൗണ്ടുകൾ പൂട്ടിക്കുകയും ചെയ്യുന്ന പ്രവണതയാണ് ചിത്രത്തിന്റെ ഔദ്യോഗിക ഓൺലൈൻ പ്രൊമോട്ടേഴ്‌സിൽ നിന്നും ഉണ്ടാവുന്നത്. ഇതിനെതിരെ വിമർശനങ്ങളും ചോദ്യങ്ങളും ഉയരുമ്പോൾ അറിയില്ലെന്ന് പറഞ്ഞു കൈകഴുകുക എന്നതാണ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകരുടെ സ്ഥിരം രീതി.
മിഖായേലിനെക്കുറിച്ച് വീണ്ടും ഓർത്തെടുത്ത് ഇരുന്ന് എഴുതുക എന്നത് ഒരുതരത്തിൽ അവനവനോട് തന്നെ ചെയ്യുന്ന ശിക്ഷയാണ്. മാത്രമല്ല ഇത്തരം ചിത്രങ്ങളെക്കുറിച്ച് ഒന്നും എഴുതാതിരിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് ആർക്കെങ്കിലും തോന്നിയാൽ അതിൽ തെറ്റു പറയാനുമാവില്ല. മിഖായേലിനെ വിമർശിച്ച് എഴുതുന്നവരോട് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള അസഹിഷ്ണുത നിലനിൽക്കുന്ന നിലവിലെ സാഹചര്യം മാത്രമാണ് എഴുതാനുള്ള ഏക പ്രചോദനം.
ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിനു ശേഷം നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഖായേൽ’. മമ്മൂട്ടി തന്നെ നായകനായി ഷാജി പാടൂർ സംവിധാനം ചെയ്ത ‘അബ്രഹാമിന്റെ സന്തതികൾ’ക്കു ശേഷം ഹനീഫ് അദേനി തിരക്കഥയെഴുതുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ആദ്യം മുതൽ അവസാനം വരെ ഹൈപർ മാസ്ക്ക്യുലിനിറ്റിയുടെ (Hyper Masculinity – അതി പൗരുഷം) പ്രകടനമായ ഈ ചിത്രം മുഴുവൻ കണ്ട് തീർക്കുക എന്നത് പലർക്കും ദുഷ്കരമായേക്കാവുന്ന കാര്യമാണ്.
പത്തുവയസുള്ള തന്റെ മകളെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ കണ്ടെത്താനുള്ള ഒരു അച്ഛന്റെ അന്വേഷണവും പ്രതികാരവുമാണ് മമ്മൂട്ടി അച്ഛനായി അഭിനയിച്ച ‘ദി ഗ്രേറ്റ് ഫാദറി’ന്റെ കഥ. ‘അബ്രഹാമിന്റെ സന്തതികളിൽ’ അനുജന് രക്ഷകനായെത്തുന്ന ചേട്ടന്റെ കഥാപാത്രമാണ് മമ്മൂട്ടി ചെയ്തത്. ഏതാണ്ട് ഇതേ അച്ചുകളിൽ വാർത്ത സിനിമായാണ് മിഖായേലും. സ്കൂൾ വിദ്യാർത്ഥിനിയായ സഹോദരിക്ക് മാനസികപീഡ ഉണ്ടാക്കുകയും അവളെ ഉപദ്രവിക്കാൻ/കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കെതിരെ പ്രതികാരം ചെയ്യുന്ന സഹോദരന്റെ കഥയാണ് ഈ ചിത്രം.
പീഡനങ്ങൾക്കിരയാവുന്ന സ്ത്രീക്ക് രക്ഷകനായി മാറുന്ന പുരുഷൻ, അയാളുടെ വീരസ്യങ്ങൾ പ്രകടിപ്പിക്കാനുള്ള സന്ദർഭങ്ങൾ, ഇതാണ് ‘ദി ഗ്രേറ്റ് ഫാദറി’ന്റെയും മിഖായേലിന്റെയും ഒക്കെ കാതൽ.
കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ സൽമാൻ ഖാന്റെ ഒരു വീഡിയോ വൈറൽ ആയിരുന്നു. സൽമാൻ ഖാൻ ‘ജെറായ് ഫിറ്റ്നസ്സു’മായി ചേർന്ന് വിവിധ തരം ഫിറ്റ്നസ് ഉപകരണങ്ങൾക്കായി ‘ബീയിങ് സ്ട്രോങ്ങ്’ എന്ന പേരിൽ തുടങ്ങിയ തന്റെ ബ്രാൻഡിന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് എടുക്കപ്പെട്ടതാണ് ഈ വീഡിയോ. സൽമാൻ ഖാൻ കിടന്നുകൊണ്ട് തവണ എണ്ണി വെയ്റ്റ് ലിഫ്റ്റിങ് നടത്തുന്നതും അതിന്റെ ഒടുവിൽ ചുറ്റുമുള്ളവർ സൽമാന്റെ കരുത്തിൽ ആവേശം കൊണ്ട് കൈയ്യടിക്കുന്നതും ആയിരുന്നു പ്രസ്തുത വീഡിയോ. ഈ വീഡിയോ കാണുമ്പോൾ ഒരുവന് അവന്റെ ഭാവുകത്വത്തിന് അനുസരിച്ച് എന്താണോ കിട്ടുന്നത് അത് തന്നെയാണ് മിഖായേൽ കണ്ടാലും കിട്ടുക. സൽമാന്റെ വീഡിയോ കണ്ട് ആവേശം കൊള്ളാനും കയ്യടിക്കാനും ഒരുവന് തോന്നുന്നുണ്ടെങ്കിൽ ഒരുപക്ഷെ ‘മിഖായേൽ’ കണ്ടാലും അത് തോന്നിയേക്കാം.
മലയാളത്തിലെ ‘ന്യൂ ജനറേഷൻ’ സിനിമകൾ എന്ന് വിളിക്കപ്പെടുന്ന സിനിമകളിൽ ചിലതിന്റെയെങ്കിലും പ്രത്യേകത എന്ന് പറയുന്നത് ആ സിനിമകളിലെ കഥാസന്ദർഭങ്ങളുടെ യുക്തി ഭദ്രതയാണ്, അല്ലെങ്കിൽ അതിനുവേണ്ടിയുള്ള ശ്രമം കൂടിയാണ് അത്തരം സിനിമകളുടെ ഒരു പ്രത്യേകത. എന്നാൽ ഹനീഫ് അദേനിയുടെ ചിത്രങ്ങൾ ഇത്തരത്തിലുള്ള യുക്തികൾക്കൊന്നും ഇണങ്ങി നിൽക്കുന്ന സിനിമകളല്ല. അങ്ങനെ നോക്കുമ്പോൾ അദേനിയുടെ ചിത്രങ്ങൾ ‘ന്യൂ ജനറേഷൻ’ സിനിമകൾക്കും മുൻപുള്ള ജോഷി, ഷാജി കൈലാസ് തുടങ്ങിയവരുടെ കാലഘട്ടത്തിലെ ‘ഇടിപ്പട’ങ്ങളുമായിട്ടാണ് സാമ്യത. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതം, ക്ലോസ് അപ്പ് ഷോട്ടുകളുടെ ആധിക്യം, അന്തരീക്ഷ ശബ്ദങ്ങളുടെ അഭാവം, സ്ലോ മോഷൻ എന്നിവ ഇത്തരം ചിത്രങ്ങളുടെ പ്രത്യേകതയാണ്.
അസ്വാഭാവികമായ കഥാസന്ദർഭങ്ങൾ, ലൊക്കേഷനുകൾ, സംഭാഷണങ്ങൾ തുടങ്ങി സിനിമയിലെ ഒരുവിധം കാര്യങ്ങൾക്കൊന്നും യാഥാർഥ്യവുമായി ബന്ധം ഇല്ല. സ്ഥിരം ഹോളിവുഡ് പോലീസ്/ക്രൈം സിനിമകളിലെ കേട്ടുപഴകിയ പ്രയോഗങ്ങൾ ഒക്കെയാണ് ഹനീഫ് അദേനിയുടെ കേരള പോലീസും ഉപയോഗിക്കുന്നത്. “അവരുടെ കൂട്ടത്തിൽ ഒരു Rat (ചാരൻ) ഉണ്ട്”, “I feel something fishy” തുടങ്ങിയവയൊക്കെയാണ് ഈ പ്രയോഗങ്ങൾ. പ്രേക്ഷകരെ ത്രസിപ്പിക്കാൻ നായകനെക്കൊണ്ടും പ്രതിയോഗികളെ കൊണ്ടുമൊക്കെ നിരവധി ഒറ്റവരി സംഭാഷണങ്ങൾ സംവിധായകൻ പറയിപ്പിക്കുന്നുണ്ടെങ്കിലും സ്ഥലകാല ബന്ധമില്ലാത്ത വെറും അനുകരണങ്ങൾ മാത്രമായ ഇത്തരം ചില ഭാഷണങ്ങൾ മാത്രമാണ് പടം കണ്ടിറങ്ങുമ്പോൾ ഓർമ്മയിൽ നിൽക്കുന്നത്.
അദേനിയുടെ ചിത്രങ്ങളിലെ ബൈബിൾ നാമങ്ങളും, ചിഹ്നങ്ങളും പെട്ടന്ന് ശ്രദ്ധയിൽ പെടുന്ന പൊതുവായ ഘടകങ്ങൾ ആണ് എന്നാൽ അദേനി സംവിധാനം ചെയ്ത രണ്ട് സിനിമകളിലും പ്രധാനമായി കണ്ട പൊതുവായ മറ്റൊരു ഒരു ഘടകം അതിലെ മുഖ്യ പെൺ കഥാപാത്രങ്ങളായ സ്കൂൾ കുട്ടികളാണ്. ‘ദി ഗ്രേറ്റ് ഫാദറി’ൽ പത്തു വയസ്സുകാരിയാണുള്ളതെങ്കിൽ മിഖായേലിൽ ടീനേജ് പ്രായത്തിലുള്ള പെൺകുട്ടിയാണ് കഥാപാത്രം. ഈ രണ്ട് കഥാപാത്രങ്ങൾക്കും, പ്രധാനമായും മിഖായേലിലെ സ്കൂൾഗേൾ കഥാപാത്രത്തിന് ജനപ്രിയ ദൃശ്യകലകളിലെ പ്രത്യേകിച്ച് മാംഗ കോമിക്സ്, അനിമേ, ജാപ്പനീസ് സിനിമകൾ, മ്യൂസിക് വീഡിയോകൾ, പോർണോഗ്രാഫിക് വീഡിയോകൾ തുടങ്ങിയവയിൽ കാണാറുള്ള സ്കൂൾഗേൾ യൂണിഫോമിലുള്ള കഥാപാത്രങ്ങൾ അഥവാ അതിനോടുള്ള ഫെറ്റിഷുമായി/fetish(ആസക്തി) വിദൂരമല്ലാത്ത സാമ്യത ഉണ്ട്.
സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി അല്ലെങ്കിൽ സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടി സിനിമയിൽ കഥാപാത്രമായി വരുന്നു എന്നതുകൊണ്ട് മാത്രം ഈ താരതമ്യം സാധ്യമല്ല. ഇത്തരം കഥാപാത്രങ്ങളിൽ പൊതുവായി കണ്ടുവരാറുള്ള ഒരു പ്രത്യേകത ഈ കഥാപാത്രങ്ങൾക്ക് സാഹസികതകളോടുള്ള താല്പര്യമോ ബന്ധമോ (സാന്ദർഭിക) ഒക്കെ ആണ്. സ്കൂളിൽ തോക്കുമായി വരുന്ന ‘ദി ഗ്രേറ്റ് ഫാദറി’ ലെ പെൺകുട്ടി സാറയും, ആയോധനകല പരിശീലിക്കുന്ന ‘ചാമ്പ്യൻ’ ആയ മിഖായേലിലെ പെൺകുട്ടി ജെന്നിയും ഉദാഹരണം. മിക്ക സമയവും/ അല്ലെങ്കിൽ പ്രധാന രംഗങ്ങളിൽ എല്ലാം സ്കൂൾയൂണിഫോം ധരിച്ചുതന്നെ ആയിരിക്കും ഈ കഥാപാത്രങ്ങൾ സ്ക്രീനിൽ എത്തുക ‘ദി ഗ്രേറ്റ് ഫാദറി’ലെ സാറ അപകടത്തിൽപ്പെടുമ്പോളാവട്ടെ, മിഖായേലിലെ ക്ലൈമാക്സ് രംഗത്തിൽ ജെന്നി പ്രത്യക്ഷപെടുന്നതാവട്ടെ എല്ലാം സ്കൂൾ യൂണിഫോമിൽ ആണ്. ഇങ്ങനെ യൂണിഫോമിൽ വരുന്നതിന് പ്രത്യേകിച്ച് യുക്തി ഒന്നും ഉണ്ടായിക്കൊള്ളണമെന്നുമില്ല. ഇത്തരത്തിലാണ് നേരത്തെ പറഞ്ഞ യൂണിഫോം ധരിച്ച പെൺകുട്ടി എന്ന വളരെ ഗ്ലോബലായ ബിംബം(image) അല്ലെങ്കിൽ അതിനോടുള്ള ഫെറ്റിഷ്/ഒബ്സെഷൻ (അമിത താല്പര്യം) അദേനി സിനിമയിൽ അനുമാനിക്കപ്പെടുന്നത്. മിഖായേലിലെ ക്ലൈമാക്സ് രംഗത്തിൽ പ്രതിയോഗിയോട് സംഘട്ടനത്തിലേർപ്പെടുന്ന ജെന്നിയും എടുത്തുപറയാവുന്ന ഒരു കാര്യമാണ് (trait).
സ്കൂൾഗേൾ യൂണിഫോം ധരിച്ച കഥാപാത്രങ്ങൾ ജനപ്രിയ കലകളിൽ ധാരാളമായി ഉണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ, ക്വെന്റിൻ ടറന്റീനോയുടെ ചിത്രം ‘കിൽ ബിൽ-വോളിയം 1’ എന്ന സിനിമയിൽ സ്കൂൾ യൂണിഫോം വേഷത്തിൽ എത്തുന്ന ഗോഗോ യൂബരി എന്ന പതിനേഴ് വയസ്സുകാരി കൊലയാളിയുടെ കഥാപാത്രം അത്തരത്തിൽ പ്രശസ്തമായ ഒന്നാണ്. ‘ബാറ്റിൽ റോയേൽ’ എന്ന ജാപ്പനീസ് ചിത്രത്തിൽ നിന്നുമാണ് ഈ കഥാപാത്രം പ്രചോദനം ഉൾക്കൊണ്ടത്. ‘ബേബി വൺ മോർ ടൈം’ എന്ന മ്യൂസിക് വിഡിയോയിൽ സ്കൂൾ യൂണിഫോമിൽ ഉള്ള ബ്രിട്നി സ്‌പിയേഴ്സിന്റെ പ്രത്യക്ഷപ്പെടൽ പോപ്പുലർ കൾച്ചറിൽ എടുത്തു പറയാവുന്ന ഒന്നാണ്. ഇങ്ങനെ പോപ്പുലർ കൾച്ചറിൽ സ്കൂൾയൂണിഫോം ധരിച്ച പെൺകുട്ടിയോടുള്ള ഫെറ്റിഷ് ഒട്ടനേകം കാണാൻ സാധിക്കും. മേൽ നിരീക്ഷിച്ച കാര്യങ്ങൾ അദേനിയുടെ ദൃശ്യങ്ങളിൽ ബോധപൂർവ്വമോ അല്ലാതെയോ ഒക്കെ കടന്നുകേറിയതാവാം. അതിന് അദേനിയെ സ്വാധീനിച്ചത് എന്തെല്ലാം ഘടകങ്ങൾ ആണെന്ന് അറിയുന്നത് കൗതുകകരമായിരിക്കും.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും അദേനി തന്റെ അടുത്ത ചിത്രമെങ്കിലും പഴകിത്തേഞ്ഞ സ്ഥിരം അച്ചിൽ നിന്നും മാറ്റി പരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിഖായേലിലെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയാതിരിക്കുന്നത് ശരിയാവില്ല. ചിത്രത്തിലുടനീളം നിവിൻ പോളിയുടെ പുരുഷത്വ പ്രകടനങ്ങളുടെ ഒടുവിൽ കേൾക്കുന്ന ‘ഉലക്ക ചക്ക ചക്ക’ എന്ന പശ്ചാത്തല സംഗീതം ഇടക്കൊക്കെ രസമുണ്ടായിരുന്നു/പലപ്പോഴും നർമ്മ രസത്തിനും വഴിയൊരുക്കി. അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘ബിഗ്.ബി’ എന്ന ചിത്രത്തിലെ ഗോപി സുന്ദർ തന്നെ ചെയ്ത തീം മ്യൂസിക്കായ ‘ഫോർ റിയൽ ബ്രദേഴ്സ്’ നെയും ഇത് അനുസ്മരിപ്പിച്ചു.
നവനി ദേവാനന്ദ്, സിദ്ധിഖ്, ജെ.ഡി. ചക്രവർത്തി, ‘പറവ’ യിൽ ബാലതാരമായി വന്ന അമൽ ഷാ, സുരാജ് വെഞ്ഞാറമ്മൂട്, ശാന്തി കൃഷ്ണ, അശോകൻ, മഞ്ജിമ മോഹൻ, കെ.പി.എ.സി. ലളിത, സുദേവ് നായർ, കലാഭവൻ ഷാജോൺ, ബാബു ആന്റണി, വി. ജയപ്രകാശ്, ബൈജു,വിഷ്ണു പ്രേംകുമാർ, വി. കെ പ്രകാശ്, അഞ്ജലി, കിഷോർ, റേബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിച്ച മിഖായേലിന്റെ ഛായാഗ്രഹണം വിഷ്ണു പണിക്കർ ആണ് നിർവഹിച്ചിരിക്കുന്നത്. മഹേഷ് നാരായണൻ ആണ് എഡിറ്റിംഗ്.