Mon. Dec 23rd, 2024

കോഴിക്കോട്:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസി (ഐ പി എം)ന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യൂരിയോസ് കാർണിവലിന് കോഴിക്കോട് ഇന്ന് തുടക്കം കുറിച്ചു. പാലിയേറ്റീവ് കെയറിനെക്കുറിച്ചും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാനും, പാലിയേറ്റീവ് കെയർ ആവശ്യമായ രോഗികളുടെ ചികിത്സക്കായി ധനം സമാഹരിക്കാനുമാണ് ജനുവരി 18 മുതൽ ഇരുപതാം തീയതി വരെ നീണ്ടു നിൽക്കുന്ന ഈ ത്രിദിന പരിപാടികൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്.

പ്രശസ്ത ഗസൽ ഗായകൻ ഷഹബാസ് അമൻ, അഭിനേതാക്കളായ സുരഭി, വിനോദ് കോവൂർ തുടങ്ങിയ നിരവധി കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകളും ക്യൂരിയോസ് കാർണിവലിന്റെ ആകർഷണമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പത്തേക്കർ കാടിന് നടുക്കുള്ള മനോഹരമായ സ്ഥലത്താണ് ഐ. പി. എം സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ചാണ് ക്യൂരിയോസ് കാർണിവൽ നടക്കുക.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ലോകത്തു തന്നെ അറിയപ്പെടുന്ന പാലിയേറ്റീവ് സംരംഭങ്ങളിൽ ഒന്നാണെന്നും, ജീവിതത്തിന്റെ അവസാനനാളുകളിൽ എത്തിനിൽക്കുന്നവരുടേയും, കിടപ്പിലായ രോഗികളുടേയും ശാരീരിക, മാനസിക, സാമ്പത്തിക, ആത്മീയ പ്രശ്നങ്ങൾ ജനങ്ങളുടെ കൂട്ടായ്മയിലൂടെ പരിഹരിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം എന്നും ഐ. പി. എം ഡയറക്ടർ ഡോക്ടർ അൻവർ ഹുസ്സൈൻ പറഞ്ഞു.

ഔട്ട് പേഷ്യന്റ്, ഇൻ പേഷ്യൻറ്റ്, രോഗികളുടെ വീട്ടിൽ ചെന്നുള്ള സേവനങ്ങൾ, കിടപ്പിലായ രോഗികളുടെ പുനരധിവാസം തുടങ്ങിയ മേഖലകളിലാണ് തങ്ങൾ പ്രവർത്തിക്കുന്നത്. നൽകുന്ന എല്ലാ സേവനങ്ങളിലും അത് രോഗികളുടെ മരുന്നുകളായാലും, ഡോക്ടർമാരുടെ സേവനമായാലും, ഹോം കെയർ ആയാലും, അവരുടെ വീടുകളിൽ പോയുള്ള ചികിത്സകളായാലും, ഭക്ഷണമായാലും അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ കാര്യമായാലും എല്ലാം തികച്ചും സൗജന്യമായിട്ടാണ് ചെയ്യുന്നത്. ഒരു വർഷം ഏതാണ്ട് രണ്ടു കോടിയോളം രൂപ ഇതിനെല്ലാം കൂടെ ചിലവ് വരുന്നുണ്ടെന്ന് അൻവർ പറഞ്ഞു.

“ജനുവരി 15 എന്നത് പാലിയേറ്റിവ് കെയർ ദിനമാണ്. സാധാരണ ആ ദിവസം ഞങ്ങൾ ചെറിയ തോതിൽ പരിപാടി നടത്താറുണ്ട്. ഇത്തവണ അത് കാർണിവൽ ആക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഐ. പി. എമ്മിനെക്കുറിച്ചും, പാലിയേറ്റിവ് കെയറിന്റെ പ്രാധാന്യത്തെക്കുറിച്ചും, പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നൽകുക എന്നതാണ് ലക്ഷ്യം. രോഗികളുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണവും ക്യൂരിയോസ് കാർണിവലിന്റെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഒരുപാട് വളണ്ടിയർമാർക്കും മറ്റ് അഭ്യുദയകാംക്ഷികൾക്കും സന്തോഷകരമായ കുറച്ചു നിമിഷങ്ങൾ സമ്മാനിക്കുക എന്നതും കാർണിവലിന്റെ ലക്ഷ്യമാണ്.

ഏകദേശം അറുപതോളം കോളേജുകളിൽ നിന്നും രണ്ടായിരത്തോളം വരുന്ന വിദ്യാർത്ഥികളായ വളണ്ടിയർമാരാണ് ഈ കാർണിവലിന്റെ നടത്തിപ്പിൽ സഹായിക്കുന്നത്. മൂന്നു ദിവസം നീണ്ട് നിൽക്കുന്ന (ജനുവരി 18, 19, 20) കാർണിവലിൽ 2 മണി മുതൽ 9 മണി വരെ ആയിരിക്കും പരിപാടികൾ നടക്കുക. കാർണിവലുമായി ബന്ധപ്പെട്ട് ഒരുപാടു പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. രോഗികളുടെയും അവരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തികൊണ്ടുള്ള വിവിധ പരിപാടികൾ-അവരുടെ കഥപറച്ചിലുകൾ, വിവിധയിനം കളികൾ, ഡെത്ത് കഫേ എന്ന പേരിൽ മരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന പരിപാടി, ഭക്ഷണ ശാലകൾ, ഫ്ളീ മാർക്കറ്റ്, ചിത്ര പ്രദർശനം മാജിക് ഷോ, തെരുവ് നാടകങ്ങൾ, സാഹിത്യ കഫേ ശില്പ ശാല എന്നിവയും വൈകുന്നേരങ്ങളിൽ സംഗീത നിശ(ഷഹബാസ് അമൻ, റാസ-ബീഗം മെഹ്ഫിലെ സമ), വിനോദ് കോവൂർ, സുരഭി എന്നിവർ നയിക്കുന്ന കോമഡി ഷോ എന്നിവയൊക്കെ ഉണ്ടാവും,” ഡോ. അൻവർ പറഞ്ഞു.

തെക്കുകിഴക്കൻ ഏഷ്യയിലെ പാലിയേറ്റീവ് കെയറിനു (സാന്ത്വന ചികിത്സ) വഴിയൊരുക്കിയ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ. ലോക ശ്രദ്ധ പിടിച്ചുപറ്റിയ പാലിയേറ്റീവ് കെയറിന്റെ ‘കേരള മോഡൽ’ വികസിപ്പിക്കുന്നതിൽ ഐ. പി. എം ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2004 ൽ സ്ഥാപിതമായ ഐ പി എം 1993 ൽ രജിസ്റ്റർ ചെയ്യപ്പെട്ട പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ (പി. പി. സി. എസ്) പരിശീലന ഗവേഷണ വിഭാഗമാണ്. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി ഏതാണ്ട് അമ്പതിനായിരം രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സേവനവും ആശ്വാസവും പി. പി. സി. എസ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *