ചെന്നൈ:
ചലച്ചിത്ര സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈയിലെ തന്റെ വസതിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. സിദ്ദിഖ്-ലാലിന്റെ സംവിധായക കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക് സംഗീതം നൽകിയാണ് ബാലകൃഷ്‌ണൻ മലയാളികളുടെ ശ്രദ്ധയാകർഷിക്കുന്നത്. എൺപതുകളുടെ അവസാനവും, തൊണ്ണൂറുകളുടെ ആദ്യവും പുറത്തിറങ്ങിയ നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി.
പാലക്കാട് ജില്ലയിലെ ചിറ്റലഞ്ചേരിയിലാണ് ബാലകൃഷ്ണൻ ജനിച്ചത്. കോയമ്പത്തൂരിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. പിന്നീട് സിനിമകളിൽ അവസരം തേടി അന്നത്തെ മദ്രാസിലേക്ക് പുറപ്പെട്ടു. 1975 ൽ ലണ്ടൻ ട്രിനിറ്റി കോളേജ് നടത്തിയ പാശ്ചാത്യ ക്ലാസിക്കൽ മ്യൂസിക് പരീക്ഷയിൽ മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. ഇതേവർഷം തന്നെ ഗുണ സിങ്ങിനും രാജൻ-നാഗേന്ദ്രയ്ക്കും സഹ-സംഗീത സംവിധായകനായി ബാലകൃഷ്ണൻ സിനിമയിലെ തന്റെ സംഗീത ജീവിതം ആരംഭിച്ചു. ഇളയരാജയെ പോലുള്ള പ്രശസ്ത സംഗീത സംവിധായകർക്കു വേണ്ടി വെസ്റ്റേൺ ഫ്ലൂട്ട് ഉൾപ്പെടെയുള്ള പാശ്ചാത്യ സംഗീത ഉപകരണങ്ങൾ അദ്ദേഹം ഇതേ കാലത്ത് വായിച്ചിരുന്നു.
ബാലകൃഷ്‌ണന്റെ കഴിവു മനസ്സിലാക്കിയ സംവിധായകൻ ഫാസിൽ, താൻ നിർമ്മിക്കുന്ന സിദ്ദിഖ്-ലാൽ സംവിധാനം ചെയ്യുന്ന രാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിന് ബാലകൃഷ്ണനെ സംഗീത സംവിധായകനായി നിർദ്ദേശിക്കുകയായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങൾ ജനപ്രിയമായതോടെ സിദ്ദിഖ്-ലാലിന്റെ വിയറ്റ്നാം കോളനി വരെ ഉള്ള ചിത്രങ്ങളുടെ സംഗീത സംവിധായകനായി ബാലകൃഷ്ണനെ നിശ്ചയിക്കുകയായിരുന്നു. രാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളുടെ വിജയത്തിന് പിന്നിൽ അതിന്റെ ഗാനങ്ങൾക്കും പ്രത്യേകിച്ച് പശ്ചാത്തല സംഗീതത്തിനും വലിയ പങ്കുണ്ട്. ഇൻ ഹരിഹർ നഗറിലേയും ഗോഡ്‌ഫാദറിലേയും പശ്ചാത്തല സംഗീതങ്ങൾ ‘ട്രെൻഡ് സെറ്ററായി മാറി. പ്രശസ്ത സംഗീത ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജിന്റെ ഗോഡ്‌ഫാദർ & കോ എന്ന ട്രിബ്യൂറ്റ് സംഗീത അവതരണത്തിൽ ബാലകൃഷ്ണന്റെ പശ്ചാത്തല സംഗീതങ്ങൾ ഇടം പിടിച്ചത് അദ്ദേഹത്തിന് പുതിയ കാലത്തും ലഭിക്കുന്ന ജനപ്രിയതയുടെ തെളിവാണ്. കിലുക്കാംപെട്ടി, മഴവിൽകൂടാരം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
ഭാര്യ: രാജലക്ഷ്മി. മക്കൾ: ശ്രീവത്സൻ, വിമല്‍ ശങ്കർ
ചിത്രത്തിനു കടപ്പാട്: Shaji Chen