കൊച്ചി:
കുഞ്ഞു വിരലുകള്‍കൊണ്ട് വര്‍ണവിസ്മയം തീര്‍ത്ത് കടന്നുപോയ നിറങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് എം ടി ജോസഫ് അന്തരിച്ചു. ഇന്ന് വൈകിട്ട് കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം.
മുപ്പത്തിനാലു വര്‍ഷം മുന്‍പ് വിടപറഞ്ഞ കുരുന്നു പ്രതിഭയുടെ ഓര്‍മയില്‍ കൊച്ചി കലൂരിലുള്ള വസതിയില്‍ കഴിയുകയായിരുന്നു എം ടി ജോസഫ്. ഏഴാം വയസ്സില്‍ ലോകത്തോടു വിടപറഞ്ഞ എഡ്മണ്ട് തോമസ് ക്ലിന്റ് അപ്പോഴേക്കും വരച്ച് തീര്‍ത്തിരുന്നത് ഇരുപത്തിയയ്യായിരം ചിത്രങ്ങളാണ്. ഏകമകനായിരുന്ന ആ അത്ഭുത ചിത്രകാരന്റെ ഒരിക്കലും പ്രായമാവാത്ത നിറങ്ങളുടെ ഓര്‍മ്മയിലാണ് മാതാപിതാക്കളായ എം. ടി. ജോസഫും ചിന്നമ്മയും കഴിഞ്ഞിരുന്നത്.
മൂന്നാം വയസ്സില്‍ കിഡ്നിയെ ബാധിച്ച രോഗം ഏഴാം വയസ്സില്‍ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുംവരെ ചോക്കും ചാര്‍ക്കോളും പെന്‍സിലും ക്രെയോണ്‍സും വാട്ടര്‍ കളറും എണ്ണച്ചായവുമൊക്കെ ഉപയോഗിച്ച് അനവധി അനശ്വരചിത്രങ്ങള്‍ക്ക് ക്ലിന്റ് ജീവന്‍ നല്‍കി. ഒന്നര വയസ്സില്‍ത്തന്നെ ക്ലിന്റ് മലയാളം സംസാരിക്കാനും ചിത്രങ്ങള്‍ വരയ്ക്കാനും തുടങ്ങിയിരുന്നു.
ലാളിച്ച് മതിയാവാത്ത നിറങ്ങളുടെ കുഞ്ഞു ചക്രവര്‍ത്തിയുടെ കഥ പിന്നീട് സംവിധായകന്‍ ഹരികുമാര്‍ സിനിമയാക്കിയിരുന്നു. തൃശൂർ സ്വദേശി മാസ്റ്റർ അലോകാണ് ക്ലിന്റ് ആയി വെള്ളിത്തിരയിലെത്തിയത്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളായി എത്തിയത്. 1976 മേയ് 19 ന് ജനിച്ച ക്ലിന്റ് വൃക്കകൾക്കു സംഭവിച്ച ഗുരുതരമായ രോഗം മൂലം തന്റെ ഏഴാമത്തെ ജന്മദിനത്തിനു മുമ്പായി 1983 ഏപ്രിൽ 15 നാണ് മരിക്കുന്നത്. ക്ലിന്റിനോടുള്ള സ്മരണാര്‍ത്ഥം എറണാകുളം തേവരയിലെ ഇടവഴിക്ക് ക്ലിന്റ് റോഡ് എന്നു പേരു നല്‍കിയിരുന്നു.
ക്ലിന്റിനെക്കുറിച്ചുള്ള ചലച്ചിത്രം കണ്ട് വിസ്മയിച്ചവരിൽ ഹോളിവുഡിന്റെ ഇതിഹാസനായകന് സാക്ഷാൽ ക്ലിന്റ് ഈസ് വുഡുമുണ്ട്. അദ്ദേഹം തന്റെ ചിത്രത്തിൽ കൈയൊപ്പിട്ട് ജോസഫിന്റെയും ചിന്നമ്മയുടെയും പേരിൽ സന്ദേശമയച്ചിരുന്നു. ക്ലിന്റ് ഈസ്റ്റ് വുഡിനോടുള്ള കടുത്ത ആരാധനകൊണ്ടാണ് ജോസഫ് തന്റെ ഏകപുത്രന് ആ പേര് നല്കിയത്.
കലൂർ ജഡ്ജസ് അവന്യൂവിലെ 138-ാം നമ്പർ വീട്ടിലാണ് ജോസഫും ചിന്നമ്മയും താമസിച്ചത്. ക്ലിന്റ് ജീവിച്ചിരുന്നകാലത്ത് ഇവര് തേവരയിലെ ഓഫീസ് ക്വാർട്ടേഴ്സിലായിരുന്നു. സെന്റ്രൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ അക്കൗണ്ടന്റായിരുന്നു ജോസഫ്. മോഹനൻ എന്ന പേരിൽ ജോസഫിന് ഒരു സുഹൃത്തുണ്ടായിരുന്നു. ഉറ്റമിത്രം. സിഫ്റ്റിലെ സഹപ്രവർത്തകൻ. ചിത്രകാരൻ. പ്രിയങ്ക ഗാന്ധിയുടെ വിവാഹവേദി ഡിസൈൻ ചെയ്ത കലാകാരൻ. അകാലത്തിൽ പൊലിഞ്ഞുപോയ മോഹനനാണ് ക്ലിന്റിലെ ചിത്രകാരനെ ഏറെ പ്രോത്സാഹിപ്പിച്ചത്. വാട്ടർ കളറിലേക്ക് ക്ലിന്റിനെ നയിച്ചതും മോഹനനാണ്. 2522 ദിവസം മാത്രം ജീവിച്ചിരുന്ന്, ഇരുപത്തിഅയ്യായിരത്തിലധികം ചിത്രങ്ങള്‍ വരച്ച ക്ലിന്റിന്റെ ചിത്രങ്ങളുടെ വലിയ ശേഖരം ബാക്കി വെച്ചാണ് ജോസഫ് യാത്രയാകുന്നത്.