തളിക്കുളം, തൃശ്ശൂർ:
ദളിത് യുവാവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എസ്. ഐക്കും പോലീസുകാരനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ജില്ലാ കോടതി ഉത്തരവിട്ടു. വലപ്പാട് എസ്. ഐയായിരുന്ന ഇ. ആർ ബൈജുവിനും, സി. പി. ഒ രഞ്ജിത്തിനും എതിരെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തു പീഡിപ്പിച്ച കേസിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം എഫ്. ഐ. ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ എസ്. സി/എസ്. ടി പ്രത്യേക കോടതിയുടെ ചുമതല വഹിക്കുന്ന തൃശ്ശൂർ പ്രിൻസിപ്പൽ ജില്ലാക്കോടതിയാണ് ഉത്തരവിട്ടത്. തളിക്കുളം കൊപ്രക്കളത്ത് കാളകൊടുവത്ത് പ്രഭാകരന്റെ മകൻ ആഞ്ജലോയെ മർദ്ദിച്ച സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. 2017 ജൂൺ 12 നാണ് ആഞ്ജലോയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചത്.
സംഭവം നടക്കുമ്പോൾ 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന തന്നെ, എസ്. ഐ സ്റ്റേഷനിൽ വിളിച്ചു വരുത്തി അനധികൃതമായി തടഞ്ഞുവെച്ച് അസഭ്യം പറയുകയും, ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും, ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു എന്നാരോപിച്ചാണ് ആഞ്ജലോ തൃശ്ശൂർ സെഷൻസ് കോടതിയിൽ അഭിഭാഷകരായ കെ. എൻ പ്രശാന്ത്, ഐശ്വര്യ പ്രശാന്ത് എന്നിവർ മുഖേന സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ആർ. എം. പി നേതാക്കളുടെ പ്രേരണയെത്തുടർന്നാണ് പോലീസ് തന്നെ മർദ്ദിച്ചതെന്നാണ് ആഞ്ജലോ ആരോപിക്കുന്നത്. മുമ്പ് ആർ. എം. പി പ്രവർത്തകനായിരുന്ന ആഞ്ജലോ രാഷ്ട്രീയമായ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിടുകയായിരുന്നു.
പരാതി ഫയലിൽ സ്വീകരിച്ച കോടതി ക്രിമിനൽ നടപടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന് പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡി. വൈ. എസ്. പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. സംഭവത്തിൽ പരിക്കുപറ്റിയതിനെത്തുടർന്ന്, ആഞ്ജലോ, തൃശ്ശൂർ ജില്ലാ ആശുപത്രിയിലും, ആയുർവേദ ആശുപത്രിയിലും ദിവസങ്ങളോളം ചികിത്സ തേടിയിരുന്നു. സംഭവത്തിനു ശേഷം എസ്. പിക്കും എസ്. സി/ എസ്. ടി കമ്മീഷനും ആഞ്ജലോ പരാതി നൽകിയിരുന്നു. ഇതിൽ സമാന്തരമായി അന്വേഷണം നടക്കുന്നുണ്ട്.
സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ആഞ്ജലോയുടേത്. അച്ഛൻ ഹൃദ്രോഗിയാണ്. അമ്മ ഒരു സ്റ്റേഷനറി കടയിൽ ജീവനക്കാരിയാണ്. ആഞ്ജലോയും അനിയനും പന്തൽ പണിക്ക് പോയാണ് കുടുംബം നോക്കുന്നത്.
2017 ജൂൺ 12 ന് ഗുരുവായൂരിൽ, മേമയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു താനെന്നും അന്ന് രാവിലെ വീട്ടിൽ പോലീസ് അന്വേഷിച്ച് വരുകയും തുടർന്ന് വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് ചെല്ലണമെന്ന് അറിയിച്ചു കൊണ്ട് വിളിച്ചു പറയുകയുമായിരുന്നുവെന്ന് ആഞ്ജലോ വോക്ക് ജേർണലിനോട് പറഞ്ഞു. താൻ വീട്ടിൽ വന്ന് അച്ഛനും അനിയനും ഒപ്പം സ്റ്റേഷനിൽ പോയി. അയൽപക്കത്തെ വീട്ടിലെ പെൺകുട്ടിയെ ജൂൺ പതിനൊന്നിന് രാത്രി ഒളിഞ്ഞു നോക്കി എന്നൊരു വിഷയമുണ്ട് അത് താനാണെന്ന് പറഞ്ഞു പരാതി കിട്ടിയതിനെ തുടർന്നാണ് വിളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സി. പി. ഒ രഞ്ജിത് തന്നെ പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറുകളും മറ്റും വച്ചിരിക്കുന്ന മുറിയിൽ കൊണ്ടുപോയി വയറ്റിലും മറ്റും ഇടിച്ചു, അസഭ്യം പറയുകയും ചെയ്തു. അരമണിക്കൂർ കഴിഞ്ഞ് എസ്. ഐ വന്നു അയാളുടെ റൂമിൽ കൊണ്ടുപോയി വിരലിൽ ലാത്തി കൊണ്ട് അടിച്ചു. പിന്നെ കുനിച്ചു നിർത്തി മുട്ടുകൈ കൊണ്ട് മുതുകത്ത് മർദ്ദിച്ചു. പെൺകുട്ടിയുടെ സഹോദരന്റേയും ശൈലേഷിന്റേയും മുന്നിൽ വച്ചാണ് പോലീസ് തന്നെ മർദ്ദിച്ചതെന്നും ആഞ്ജലോ പറഞ്ഞു.
താൻ ആർ. എം. പി യിൽ പ്രവർത്തിച്ചിരുന്നെന്നും, അതിൽ നിന്നും കുറച്ചുനാളായി വിട്ട് നിൽക്കുകയായിരുന്നുവെന്നും അതിന്റെ വൈരാഗ്യത്തിൽ ആർ. എം. പി ക്കാരാണ് പോലീസിൽ സമ്മർദ്ദം ചെലുത്തി തന്നെ മർദ്ദിച്ചതെന്നും ആഞ്ജലോ പറഞ്ഞു. തന്നെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച ദിവസം ആർ. എം. പി പ്രാദേശിക കമ്മറ്റി അംഗം ശൈലേഷ് ദിവാകരൻ സ്റ്റേഷനിൽ വന്നിരുന്നു. “പെൺകുട്ടിയുടെ ചേട്ടനാണ് പരാതി നൽകിയിരുന്നത്, ശൈലേഷ് ഇവരുടെ ബന്ധു കൂടിയാണ്, ഇവര് രണ്ടുപേരുമാണ് സ്റ്റേഷനിൽ വന്നിരുന്നത്” ആഞ്ജലോ പറഞ്ഞു. അതുമാത്രമല്ല ആർ. എം. പി യുടെ സംസ്ഥാന ചെയർമാൻ ടി. എൽ സന്തോഷിന്റെ മകൻ രണ്ട് മാസം മുൻപ് വീടിന്റെ അടുത്തുള്ള പാടത്ത് വച്ച് കളിക്കുന്നതിനിടെ തന്നെ മർദ്ദിച്ചിരുന്നു എന്നും, താൻ ആർ. എം. പി യിൽ നിന്നും മാറി എന്നുള്ളതായിരുന്നു ഇതിന് കാരണമെന്നും അതിന്റെ തുടർച്ചയായിട്ട് ഉണ്ടായതാണ് ഈ സംഭവങ്ങൾ എന്നും ആഞ്ജലോ പറഞ്ഞു.
“ഞങ്ങളുടേത് ആർ. എം. പി ഭരിക്കുന്ന വാർഡാണ്. തളിക്കുളത്തു ആർ. എം. പി ഭരിക്കുന്ന ഒരു വാർഡ് മാത്രമേ ഉള്ളൂ. അതിനാൽത്തന്നെ ആർ. എം. പി യുടെ ശക്തി കേന്ദ്രമാണെന്ന് പറയാം. അതിന്റെ ഒരു പ്രതിഫലനം കൂടിയാണ് ഇത്. ചെറുപ്പം തൊട്ടേ ആർ. എം. പി അനുഭാവിയാണ് താൻ. ഇവരുടെ രാഷ്ട്രീയ പൊള്ളത്തരം മനസ്സിലായപ്പോൾ ആണ് അതിൽ നിന്നും മാറിയത്. ഒളിഞ്ഞു നോക്കി എന്നുപറയുന്ന ദിവസം പെൺകുട്ടിയുടെ ചേട്ടൻ വീട്ടിൽ വന്ന് അച്ഛനോട് സംസാരിക്കുകയും, ആരാ ഒളിഞ്ഞു നോക്കിയതെന്ന് നോക്കാൻ, അച്ഛന്റെ കയ്യിൽ നിന്നും ടോർച്ച് വാങ്ങിച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു അവരുമായിട്ട്. എന്നാൽ അപ്പോഴൊന്നും അവർ ഒന്നും പറഞ്ഞിരുന്നില്ല. ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നെങ്കിൽ അവർക്ക് അന്ന് പറയാമായിരുന്നു. അന്ന് രാത്രി ആർ. എം. പി ക്കാർ പെൺകുട്ടിയുടെ വീട്ടിൽച്ചെന്ന് ചർച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് തന്റെ പേരിൽ പരാതി വന്നത്. ശൈലേഷ് ഈ വീട്ടുകാരുടെ അടുത്ത ബന്ധുവാണ്. അപ്പോൾ അയാളുടെ സമ്മർദ്ദം ഇവർക്ക് ഉണ്ടായിട്ടുണ്ട്,” ആഞ്ജലോ പറഞ്ഞു.
കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്ന ഇ. ആർ ബൈജു മുമ്പ് കോടതി ജീവനക്കാരനായിരുന്നുവെന്നും, ഇപ്പോൾ കൊടുങ്ങല്ലൂർ എസ്. ഐ ആയി ജോലി ചെയ്യുകയാണെന്നും ആഞ്ജലോയുടെ അഭിഭാഷകൻ കെ. എൻ പ്രശാന്ത് വോക്ക് ജേർണലിനോട് പറഞ്ഞു. “പോലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സാധാരണ നിലയിൽ പറയാറില്ല. സാക്ഷി മൊഴി എടുത്ത് ആവശ്യമുണ്ടെങ്കിൽ മാത്രമേ സാധാരണ കോടതി സമൻസ് അയക്കുകയും മറ്റും ചെയ്യുകയുള്ളൂ. എന്നാൽ ഇതിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പറഞ്ഞു” പ്രശാന്ത് പറഞ്ഞു. ആഞ്ജലോയെ ക്രൂരമായി മർദ്ദിച്ചു എന്ന് മാത്രമല്ല ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ ഇയാൾക്കെതിരെ ഒരു കേസും ഉണ്ടായിരുന്നില്ല. ഇതിന്റെയെല്ലാം തെളിവുകൾ കോടതിക്കുമുന്നിൽ ഹാജരാക്കിയിരുന്നു.
2017 ജൂൺ 12 നാണ് ആഞ്ജലോയെ പോലീസ് വിളിച്ചുവരുത്തി മർദ്ദിക്കുന്നത്. അന്നു രാത്രി ആഞ്ജലോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിമൂന്നിന് പോലീസ് മർദ്ദനത്തിനെതിരെ എസ്. പി ക്ക് പരാതി നൽകി. 14 ന് ന്യൂനപക്ഷ കമ്മീഷൻ അടക്കമുള്ള അധികാരികൾക്ക് രജിസ്റ്റേർഡ് ആയി പരാതി അയച്ചു. പരാതി അയച്ചതിന് ശേഷം പതിനഞ്ചാം തീയതി മാത്രമാണ് ആഞ്ജലോയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആഞ്ജലോയ്ക്ക് എതിരെയുള്ള എഫ്. ഐ. ആർ കോടതിയിൽ എത്തുന്നത് പതിനേഴാംതീയതിയും.
നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചതിന് പരാതി കൊടുത്തു എന്നു കണ്ടപ്പോൾ മാത്രമാണ് പോലീസ് ആഞ്ജലോയ്‌ക്ക് എതിരെ കേസ് എടുക്കുന്നത്. കസ്റ്റഡിയിൽ എടുത്തതുതന്നെ നിയമവിരുദ്ധമായിട്ടാണ്. നിലവിൽ പോലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുവാനാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 326 പ്രകാരം ജാമ്യം ലഭിക്കാത്ത കേസാണ് ഇതെന്നും പ്രശാന്ത് പറഞ്ഞു.
ഈ വിഷയത്തിൽ തന്റെ അഭിപ്രായത്തിന് എന്താണ് പ്രസക്തി ഉള്ളത് എന്നാണ് വോക്ക് ജേർണലിന്റെ ചോദ്യങ്ങളോട് ആർ. എം. പി സംസ്ഥാന ചെയർമാൻ ടി. എൽ സന്തോഷ് പ്രതികരിച്ചത്. കുട്ടികൾ കളിക്കുന്നിടത്തു വഴക്കുണ്ടാക്കിയത് ഒക്കെ താൻ അന്വേഷിക്കേണ്ട കാര്യമാണോ എന്നായിരുന്നു തന്റെ മകനെതിരെ ആഞ്ജലോയുടെ ആരോപണത്തോടുള്ള സന്തോഷിന്റെ പ്രതികരണം. ഒളിഞ്ഞു നോക്കിയതിന് വീട്ടുകാർ കൊടുത്ത പരാതി ആണെന്നും തനിക്ക് ആ വീട്ടുകാരുമായും, ഈ കേസിന് പാർട്ടിയുമായും യാതൊരു ബന്ധമില്ലെന്നും സന്തോഷ് പറഞ്ഞു.