Fri. Apr 26th, 2024

കോട്ടയം:

വിദ്യാര്‍ത്ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ – എ കെ ആര്‍ എസ് എ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ എം ജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന രാപകല്‍ സമരം ഒരാഴ്ച പിന്നിട്ടു.

എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ഫെല്ലോഷിപ്പ് അനുവദിക്കുക, അര്‍ഹരായ മുഴുവന്‍ ഗവേഷകര്‍ക്കും സര്‍വകലാശാല ഫെല്ലോഷിപ്പ് അനുവദിക്കുക, ഗവേഷണ മേഖലയിലെ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ് എഫ് ഐ യുടെയും ആള്‍ കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ജനുവരി പത്തു മുതല്‍ വിദ്യാര്‍ത്ഥികള്‍ രാപകല്‍ സമരം ആരംഭിച്ചത്. സമരത്തെത്തുടര്‍ന്ന് സര്‍വകലാശാല അധികൃതരുമായി വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായത്തില്‍ എത്താന്‍ സാധിക്കാഞ്ഞതിനാൽ ചര്‍ച്ച അലസി പിരിയുകയാണുണ്ടായത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ മുപ്പത്തിനാലാം സ്ഥാനവും നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷൻ കൌണ്‍സിലിന്റെ എ ഗ്രേഡ് നേടാനും സാധിച്ച തങ്ങളുടെ സര്‍വകലാശാല സംസ്ഥാന ഗവര്‍ണ്ണര്‍ ഏര്‍പ്പെടുത്തിയ ചാന്‍സിലേര്‍സ് അവാര്‍ഡ് രണ്ട് തവണ നേടിയിട്ടുണ്ടെന്നും, എന്നാല്‍ ഇത്തരം നേട്ടങ്ങള്‍ ഉണ്ടാകുമ്പോഴും ഗവേഷകരടങ്ങിയ വിദ്യാര്‍ത്ഥി സമൂഹത്തിന് സര്‍വകലാശാല അധികാരികളില്‍ നിന്ന് നിരന്തരം അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഒരാഴ്ചയായി സമരം ആരംഭിച്ചിട്ടെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിന്‍റെ രീതി മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് എ കെ ആര്‍ എസ് എ സംസ്ഥാന കൺ‌വീനര്‍ വി. ജി ഗോപീകൃഷ്ണ വോക്ക് മലയാളത്തോട് പറഞ്ഞു.

എന്‍ ഐ ആര്‍ എഫ്, എന്‍ എ എ സി എന്നിവയുടെ റിപ്പോര്‍ട്ടില്‍ സര്‍വകലാശാലയിലെ ഗവേഷണ പ്രവര്‍ത്തന മികവ്, പ്രബന്ധങ്ങളുടെ മേന്മ എന്നിവ പ്രത്യേകം പരാമര്‍ശിക്കുന്നതായി സമരവുമായി ബന്ധപ്പെട്ടു വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ ഗവേഷണത്തിന് വളരെയധികം പ്രാമുഖ്യം നല്‍കുമ്പോള്‍ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സര്‍വകലാശാല സാക്ഷര കേരളത്തിന്‌ അപമാനമാവുകയാണ് എന്നാണു വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

മറ്റു സര്‍വകലാശാലകള്‍ ഫെല്ലോഷിപ്പ് പ്രതിമാസം പതിമൂവായിരം മുതല്‍ പതിനയ്യായിരം വരെ കൃത്യമായി വിതരണം ചെയ്യുമ്പോള്‍ എം ജി സര്‍വകലാശാലയില്‍ നാമമാത്രമായ ഫെല്ലോഷിപ്പ് ആണ് നല്‍കി വരുന്നതെന്ന് സമരസമിതി കൺ‌വീനറും എസ് എഫ് ഐ കോട്ടയം ജില്ലാ കമ്മറ്റി അംഗവുമായ വൈശാഖ് ആര്‍ കെ പറയുന്നു. തുച്ഛമായ തുക പോലും കൃത്യമായും സമയ ബന്ധിതമായും വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാന്‍ അധികൃതര്‍ വിമുഖത കാണിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. മറ്റു സര്‍വകലാശാലകള്‍ എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഫെല്ലോഷിപ്പ് നല്‍കി വരുന്നതായും ഇക്കാര്യം നിരന്തരമായി ആവശ്യപ്പെട്ടിട്ടും എം ജി സര്‍വകലാശാല അധികൃതര്‍ അനുകൂല തീരുമാനവും സ്വീകരിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്‍റെ ഉപ സമിതികളില്‍ ഒന്നായ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് കമ്മറ്റി കൃത്യമായ ഇടവേളകളില്‍ യോഗം ചേരാത്തത് മൂലം ഗവേഷകരുടെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നതായും സമര സമിതി ആരോപിക്കുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകലാശാല ബജറ്റിലെ 719 കോടി രൂപയില്‍ മൂന്നു കോടി രൂപ മാത്രമാണ് ഗവേഷക ഫെല്ലോഷിപ്പിന് വേണ്ടി വകയിരുത്തിയത്. ആകെ ബജറ്റിന്റെ 0.41 ശതമാനം മാത്രമാണിത്. ഇത്തരത്തില്‍ വലിയ രീതിയിലുള്ള അവഗണന ഗവേഷക വിദ്യാര്‍ത്ഥികള്‍ നേരിടുന്നതായി സമര സമിതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *