Fri. Nov 22nd, 2024

ആലപ്പാട് ഖനന മേഖലയില്‍ ഉണ്ടായ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്.

അമ്പത് വര്‍ഷത്തിലേറെയായി തുടരുന്ന ഖനനം കാരണം ഇരുപതിനായിരം ഏക്കര്‍ പ്രദേശം കടലായി മാറി എന്നാണ് കണക്ക്. അഞ്ഞൂറു കുടുംബങ്ങള്‍ ഭൂരഹിതരായി. നിരവധി പേര്‍ക്ക് വീടൊഴിയേണ്ടി വന്നു. ജീവിതവും തൊഴിലും നഷ്ടമായവര്‍ നിരവധിയാണ്. ശുദ്ധജലം നല്‍കിയിരുന്ന കിണറുകളും കുളങ്ങളും വറ്റി വരണ്ടു. ഖനനത്തിനെതിരെ 70 ദിവസത്തിലധികമായി നാട്ടുകാര്‍ നടത്തുന്ന നിരാഹാര സമരം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നുണ്ട്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കൊല്ലം ജില്ലാ കളക്ടറും ചവറ ഐ. ആര്‍. ഇ ജനറല്‍ മാനേജരും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. ലീഗല്‍ സര്‍വീസ് വളണ്ടിയറായ രാജു മത്തായി നല്‍കിയ പരാതിയിലാണ് നടപടി.

1965 മുതലാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് (ഐ. ആര്‍. ഇ), കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ്‌ (കെ എം എം എല്‍) എന്നീ കമ്പനികള്‍ പ്രദേശത്ത് ഖനനം ആരംഭിക്കുന്നത്. ഖനനം ഈ പ്രദേശത്തെ ദേശീയ ജലപാതയേയും ലക്ഷദ്വീപ് കടലിനെയും വേര്‍തിരിക്കുന്ന ഒരു മണല്‍ വരമ്പ് മാത്രമായി മാറ്റിയിരിക്കുകയാണ്. ഖനനം ആരംഭിക്കുന്നതിന് മുന്‍പ് (1955 ലെ ലിത്തോമാപ്പ് പ്രകാരം) 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് ഗ്രാമത്തിന്റെ ഇപ്പോഴത്തെ ഭൂവിസ്തൃതി കേവലം 7.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

ആലപ്പാട് വിഷയത്തില്‍ മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പതിനാലാം നിയമസഭാ പരിസ്ഥിതി സമിതി നല്‍കിയ റിപ്പോർട്ടിൽ പ്രദേശത്തെ ദുരവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒരു മേല്‍ നോട്ട സമിതിക്ക് രൂപം നല്‍കണം എന്ന നിയമസഭ സമിതി ശുപാര്‍ശ ഇത് വരെയും നടപ്പിലായിട്ടില്ല. ഖനനത്തിന് ശേഷം ചുറ്റുമുള്ള പ്രദേശങ്ങളുടെ ലെവലില്‍ വീണ്ടെടുപ്പ് നടത്തണം എന്ന അനുമതി ഉത്തരവിലെ ചട്ടം കമ്പനികള്‍ ലംഘിച്ചതായി നിയമസഭ സമിതി കണ്ടെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രദേശത്തെ ജനങ്ങള്‍ ആരംഭിച്ച നിരാഹാര സമരത്തിന്‌ സോഷ്യല്‍ മീഡിയ ഉള്‍പ്പടെ വലിയ പിന്തുണ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *