Wed. Jan 22nd, 2025

കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട് ഗ്രാമപഞ്ചായത്ത്. വടക്കുഭാഗത്ത് കായംകുളം പൊഴിയും, കിഴക്കുഭാഗത്ത് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയും പടിഞ്ഞാറുഭാഗം ലക്ഷദ്വീപ് കടലും തെക്ക് വട്ടക്കായലുമാണ്. മത്സ്യ സമ്പത്തു കൊണ്ടും കാര്‍ഷിക സമൃദ്ധി കൊണ്ടും സമ്പന്നമായിരുന്ന കരുനാഗപള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് ഇന്ന് ഒരു പ്രതിസന്ധി ഘട്ടത്തില്‍ ആണ്. മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പതിനാലാം നിയമസഭാ പരിസ്ഥിതി സമിതിയുടെ എട്ടാമത്തെ റിപ്പോർട്ടിൽ (2018 ഫെബ്രുവരി ആറാം തീയതി സഭയില്‍ സമര്‍പ്പിച്ചത്) ആലപ്പാടിന്റെ ദുരവസ്ഥയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ധാതുക്കളുടെ സാന്നിധ്യം

1909 ലാണ്‌ ഷാംബര്‍ഗ്‌ എന്ന ജര്‍മന്‍ വിദേശി ആദ്യമായി കേരളതീരത്തെ വെള്ളനാം തുരുത്തില്‍ ധാതുക്കളായ മോണോസൈറ്റിന്റേയും ഇല്‍മെനേറ്റിന്റെയും സാന്നിദ്ധ്യം മനസ്സിലാക്കിയത്‌. പിന്നീട്‌ 1911 ല്‍ ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ അനുവാദത്തോടെ ജര്‍മന്‍കാര്‍ കരിമണല്‍ കയറ്റുമതി ചെയ്യാൻ തുടങ്ങി. തുടര്‍ന്ന് ഇത് ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു. 1965 മുതല്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് (ഐ ആര്‍ ഇ), കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ്‌ (കെ എം എം എല്‍) എന്നീ കമ്പനികള്‍ നടത്തിവരുന്ന കരിമണല്‍ ഖനനം ഈ പ്രദേശത്തെ ദേശീയ ജലപാതയേയും ലക്ഷദ്വീപ് കടലിനെയും വേര്‍തിരിക്കുന്ന ഒരു മണല്‍ വരമ്പ് മാത്രമായി മാറ്റിയിരിക്കുകയാണ്.

ഖനനത്തിനു മുൻപ്

1962 ല്‍ ദേശീയ ബഹിരാകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന വിക്രം സാരാഭായി, ലോകപ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ എച്ച്.ജെ ഭാഭ, ഡോ. എ.പി.ജെ അബ്ദുല്‍ കലാം, മലയാളി ബഹിരാകാശ ശാസ്ത്രജ്ഞന്‍ പി ആര്‍ പിഷാരടി, ഡോ. വി. ചിറ്റനസ്, കൊല്ലം കളക്ടര്‍ ആയിരുന്ന കൊച്ചുകോശി തുടങ്ങിയവര്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്ത് സന്ദര്‍ശിക്കുകയും ജനവാസ കേന്ദ്രം കഴിഞ്ഞ് വിശാലമായ ഭൂപ്രദേശം വിജനമായി കിടക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

പൊതുമേഖലയെ സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്ന് പറയുന്ന ജനപ്രതിനിധികളും ഭരണവക്താക്കളും സി.എം.ആർ.എൽ എന്ന സ്വകാര്യകമ്പനി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് നിശബ്ദമാകുന്നുണ്ട്

ഖനനം ആരംഭിക്കുന്നതിന് മുന്‍പ് നടന്ന ഈ സാക്ഷ്യപ്പെടുത്തല്‍, ഇന്ന് ആലപ്പാട് പ്രദേശത്ത് അതിജീവനത്തിന് വേണ്ടി സമരം ചെയ്യേണ്ടി വരുന്ന ഒരു ജനതയുടെ മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണ്. ആരാണ് തങ്ങളുടെ ജീവിതത്തെ ഇത്രയും ദുസ്സഹമാക്കിയത് എന്ന ചോദ്യത്തിന് സീ വാഷിംഗ് ഉള്‍പ്പടെ തീര പ്രദേശത്ത് ഖനനം നടത്തുന്ന കമ്പനികളുടെ പേരാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്.

നഷ്ടത്തിന്റെ കണക്കുകൾ

ആലപ്പാട് കരിമണൽ ഖനനം (c) വോക്ക് മലയാളം

ഖനനം ആരംഭിക്കുന്നതിന് മുന്‍പ് (1955 ലെ ലിത്തോമാപ്പ് പ്രകാരം) 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് ഗ്രാമത്തിന്റെ ഇപ്പോഴത്തെ ഭൂവിസ്തൃതി കേവലം 7.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇത് പ്രകാരം ഏതാണ്ട് ഇരുപതിനായിരം ഏക്കര്‍ ഭൂപ്രദേശം കടലെടുത്തതായി കണക്കാക്കപ്പെടുന്നു. പ്രദേശത്തെ ഖനനംകൊണ്ട്‌ കടലെടുത്തതുമൂലം റവന്യൂവകുപ്പ്‌ ഏകദേശം 7200 ഹെക്ടര്‍ സ്ഥലത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും കരടമടയ്ക്കേണ്ട എന്ന്‌ രേഖപ്പെടുത്തിയതായി 1990 ല്‍ ഉത്തരവിറക്കിയിരുന്നു എന്ന്‌ നാട്ടുകാര്‍ ഓർത്തെടുക്കുന്നു.

വര്‍ഷത്തില്‍ മുടങ്ങാതെ മൂന്നുപൂ കൃഷി ചെയ്തിരുന്ന പനക്കടപ്പാടം, മുക്കുമ്പുഴപ്പാടം, പൊന്മനപ്പാടം എന്നീ പേരുകേട്ട മൂന്ന്‌ പാടശേഖരങ്ങള്‍ സംസ്ഥാനത്തിന്‌ ഓര്‍മ്മ മാത്രമാണിന്ന്‌

പന്മന പഞ്ചായത്തിലെ പൊന്മന ഗ്രാമം എന്നെന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. കുന്നുംതറ യുപി സ്കൂള്‍, പൊന്‍മന സര്‍ക്കാര്‍ എല്‍പി സ്കൂള്‍ എന്നിവ ഖനനം മൂലം സമീപഗ്രാമങ്ങള്‍ കടലില്‍ അപ്രത്യക്ഷമായതോടെ അടച്ചുപൂട്ടേണ്ടതായി വന്നു. സജീവമായിരുന്ന ഗ്രാമങ്ങളുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങള്‍ മാത്രമാണ് അവയിന്ന്.

വര്‍ഷത്തില്‍ മുടങ്ങാതെ മൂന്നുപൂ കൃഷി ചെയ്തിരുന്ന പനക്കടപ്പാടം, മുക്കുമ്പുഴപ്പാടം, പൊന്മനപ്പാടം എന്നീ പേരുകേട്ട മൂന്ന്‌ പാടശേഖരങ്ങള്‍ സംസ്ഥാനത്തിന്‌ ഓര്‍മ്മ മാത്രമാണിന്ന്‌. പാടശേഖരങ്ങളാണിവ. പശ്ചിമതീര ദേശീയ ജലപാതക്കും കടലിനും ഇടയില്‍ ഉണ്ടായിരുന്ന വിശാലമായ ഭൂപ്രദേശവും അതിനെ നിലനിര്‍ത്തിയിരുന്ന കരിമണല്‍ കുന്നുകളും വിവിധ കുടിവെള്ള സ്രോതസ്സുകളും നഷ്ടപ്പെട്ടു.

അയ്യായിരത്തോളം കുടുംബങ്ങളാണ് ഖനനം മൂലം ഭൂരഹിതരാവുകയും മറ്റു പ്രദേശങ്ങളിലേക്ക് കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. പരമ്പരാഗതമായി മത്സ്യമേഖല ഉപജീവനമാക്കിയിരുന്നവർ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ത്തത്തിന്‍റെ ഫലമായി അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരത്തോട് ചേര്‍ന്ന് എക്കലും ചെളിയും അടിഞ്ഞു കൂടി കുഴമ്പു രൂപത്തില്‍ കാണുന്നതും മത്സ്യങ്ങളുടെ പ്രജനനത്തിനു ഗുണം ചെയ്യുന്നതുമായ ചാകര എന്ന പ്രതിഭാസം മണല്‍ ഖനനത്തിലൂടെയാണ് ഇല്ലാതായത്. അതിലൂടെ പരമ്പരാഗ മത്സ്യ ബന്ധനം ഇല്ലാതാവുകയും തൊഴിലാളികള്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. പ്രദേശത്തിന് സംഭവിച്ച തീര ശോഷണം പോലെ തന്നെ പ്രധാനമായ കാര്യമാണിത്. ഇതു കൂടാതെ ആലപ്പാടിന്‍റെ തെക്കുംഭാഗം മുതല്‍ വടക്കും ഭാഗം വരെ ഉണ്ടായിരുന്ന സ്വാഭാവിക കണ്ടല്‍ കാടുകള്‍ ആലപ്പാടിന് നഷ്ടമായി.

തീരസംരക്ഷണത്തിന്‍റെ ഭാഗമായി വെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങളും ഖനനത്തിന്റെ ഫലമായി നഷ്ടപ്പെട്ടു. തീരശോഷണത്തിന്‍റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമായി. ശുദ്ധജലം ലഭ്യമായിരുന്ന തണ്ണീര്‍തടങ്ങളും കിണറുകളും ഉറവകളും ഖനനത്തിന്‍റെ ഫലമായി വറ്റി വരണ്ട് നശിച്ച് പോയി. വെള്ളനാതുരുത്തില്‍ റീസര്‍വ്വേ ബ്ലോക്ക് നമ്പര്‍ 170/3 ല്‍ ഒരേക്കര്‍ പതിനെട്ട് സെന്റ്‌ തണ്ണീര്‍ തടാകവും 170/5 ല്‍ 87 സെന്റ്‌ ശുദ്ധജല തടാകവും ഇതിനുദാഹരണമാണ്.

മുമ്പ് ശുദ്ധ ജലത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത ഉണ്ടായിരുന്ന പഞ്ചായത്ത് ഇന്ന് ജലത്തിന് വേണ്ടി സമരം ചെയ്യുകയാണ്. ലക്ഷദ്വീപ് കടല്‍ മേഖലയില്‍ കന്യാകുമാരി കഴിഞ്ഞാല്‍ സുനാമി തിരകള്‍ ഏറ്റവും കൂടുതല്‍ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാക്കിയത് ആലപ്പാട് പഞ്ചായത്തിലാണ്. പഞ്ചായത്തില്‍ ഉണ്ടായിരുന്ന പ്രകൃതി ദത്തമായ മണല്‍ കുന്നുകള്‍ ഖനനം മൂലം ഇല്ലാതാവുകയും ഇത് കടലാക്രമണ പ്രതിരോധ ശേഷി കുറച്ചതുമാണ് ഇത്തരത്തില്‍ സുനാമി തിരകള്‍ക്ക് ഈ പ്രദേശത്ത് കൂടുതല്‍ നഷ്ടം വിതക്കാന്‍ സാധിച്ചതിന്‍റെ ഒരു കാരണം.

പരിസ്ഥിതി ആഘാത പഠനങ്ങൾ

ആലപ്പാട് കരിമണൽ ഖനനം. (c) വോക്ക് മലയാളം

കടൽ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആലപ്പാട് പ്രദേശത്തെയും അതിന് കാരണമായ കരിമണൽ ഖനനത്തെയും കുറിച്ച് നാളിതുവരെ നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. അത്തരം പഠനങ്ങള്‍ എല്ലാം തന്നെ വിരല്‍ ചൂണ്ടുന്നതും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതും പ്രദേശത്തെ കരിമണല്‍ ഖനനം മൂലം ഉണ്ടായ നഷ്ടങ്ങളുടെ കണക്കുകളിലേക്കാണ്.

കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓഷ്യൻ മാനേജ്‍മെന്റ്, ചെന്നൈ നടത്തിയ കേരളാ തീരവ്യതിയാന പഠനത്തിൽ കേരളം ഏറ്റവും കൂടുതൽ ഭൂമി നഷ്ടപ്പെട്ടത് നിലവിലെ കരിമണൽ ഖനന മേഖലയിലാണെന്ന് കണ്ടെത്തിയിരുന്നു. National Institute of Interdisciplinary Science and Technology യും Centre for Earth Science Studies (CESS) ഉം നടത്തിയ പഠനത്തിലും ഖനനം മൂലം ആലപ്പാട് പഞ്ചായത്തിന് ഉണ്ടായ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പറയുന്നുണ്ട്.

കേരളാ യൂണിവേഴ്‌സിറ്റിയുടെ അക്വാട്ടിക് ബയോളജി വിഭാഗത്തിൽ നിന്നും റിട്ടയർ ചെയ്‌ത പ്രൊഫ. സി എം അരവിന്ദന്റെ പഠന റിപ്പോർട്ടിൽ, കരിമണൽ ഖനനവും ബന്ധപ്പെട്ട പ്രവർത്തനങ്ങളും പ്രതികൂലമായ പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്ക് നികത്താനാവാത്ത നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും കടലാക്രമണം മൂലം കടലും കരയും സന്ധിക്കുന്ന രേഖയ്ക്ക് (shore Line) പരിക്കുണ്ടാവുമെന്നും പറയുന്നുണ്ട്

കരിമണൽ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം തീരദേശത്തെയും അവിടുത്തെ ജനങ്ങളെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രത്തെയും ജീവിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കേരളാ സർക്കാർ നിയോഗിച്ച ശ്രീ ടി എം മഹാദേവൻ കമ്മറ്റിയുടെയും പ്രൊഫ. ത്രിവിക്രംജി കമ്മറ്റിയുടെയും നിഗമനം. കേരളാ യൂണിവേഴ്‌സിറ്റിയുടെ അക്വാട്ടിക് ബയോളജി വിഭാഗത്തിൽ നിന്നും റിട്ടയർ ചെയ്‌ത പ്രൊഫ. സി എം അരവിന്ദന്റെ പഠന റിപ്പോർട്ടിൽ, കരിമണൽ ഖനനവും ബന്ധപ്പെട്ട പ്രവർത്തനങ്ങളും പ്രതികൂലമായ പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്ക് നികത്താനാവാത്ത നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും കടലാക്രമണം മൂലം കടലും കരയും സന്ധിക്കുന്ന രേഖയ്ക്ക് (shore Line) പരിക്കുണ്ടാവുമെന്നും പറയുന്നുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലെ പാരിസ്ഥിതിക ആഘാത അനുഭവങ്ങളും അരവിന്ദന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച കെ ബാഹുലേയന്‍റെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് കരിമണൽ ഖനനം കാരണം കടപ്പുറം തകർന്ന് കടലും കരയും ഒന്നായാൽ ഈ പ്രദേശത്ത് തിങ്ങിപ്പാർക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കൽ വലിയ സാമൂഹ്യപ്രശ്‌നമാകും എന്നാണ്. മറ്റു സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും കിണറുകളും മറ്റു കുടിവെള്ള സ്രോതസുകളിലും ഉപ്പുവെള്ളം കയറാനും ഇത് സമീപ പ്രദേശങ്ങളിലെ കൃഷി നശിക്കാനും രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാക്കാനും കാരണമാകും.

1989 – 1991 കാലത്ത് സെസിന്‍റെ (CESS) ഡയറക്ടറായും ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായിരുന്ന ശ്രീ സുബ്രതസിൻഹയും ആലപ്പാട് കരിമണൽ ഖനനത്തെ കുറിച്ച് പഠനം നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ പഠനത്തിൽ കരിമണൽ ഖനനം ഭൂരൂപ വിന്യാസത്തെയും ദൃഢതയേയും തകർക്കുമെന്നും തീരത്തിലെയും തീരക്കടലിലെയും ജൈവജാതികളെ ബാധിക്കുമെന്നും തീരദേശ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഭീകരമായ ജീവിതാഘാതം ഉണ്ടാക്കുമെന്നും പറയുന്നുണ്ട്.

1962 മുതൽ 1998 വരെ സെസ്സിലെ ഡോ. എ എസ് കെ നായർ നടത്തിയ ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് സാറ്റലൈറ്റ് ഡാറ്റയും കെഡസ്റ്റൽ ഭൂപടത്തിലെ നമ്പറുകളും നോക്കിയാൽ കരിമണൽ ഖനനം നടക്കുന്ന കടൽ തീരത്ത് ഒന്നര കിലോമീറ്റർ മുതൽ രണ്ടര കിലോമീറ്റർ വീതിയിൽ കര നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്. അത് വ്യക്തമാക്കുന്ന ലിക്തോ ഭൂപടങ്ങളും അദ്ദേഹത്തിസാ കൈവശമുണ്ട്.

ഖനനം തുടര്‍ന്നാല്‍ എന്ത് സംഭവിക്കും?

 

നാഷണല്‍ മിനറല്‍ പോളിസി, മൈന്‍സ് ആന്‍റ് മിനറല്‍സ് (ഡെവലപ്പ്മെന്‍റ് ആന്‍ഡ്‌ റെഗുലേഷന്‍ ആക്റ്റ്), മിനറല്‍സ് കണ്‍സർ‌വേഷൻ ആന്‍ഡ്‌ ഡെവലപ്മെന്‍റ് റൂള്‍സ്, കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (CRZ), എന്‍വയേണ്മെന്റ് പ്രൊട്ടക്ഷന്‍ ആക്റ്റ്, കേരള കണ്‍സര്‍വേഷന്‍ ഓഫ് പാഡി ലാന്‍ഡ്‌ ആന്‍ഡ്‌ വെറ്റ് ലാന്ഡ് ആക്റ്റ് 2008, മൈന്‍ ആന്‍ഡ്‌ ജിയോളജി ഡെവലപ്മെന്‍റ് നിര്‍ദ്ദേശങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്‍റെ മൈനിംഗ് ലീസ് സ്പെഷല്‍ കണ്ടീഷന്‍സ് തുടങ്ങി രാജ്യത്ത് നിലനില്‍ക്കുന്നതും പാലിക്കേണ്ടതുമായ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ആലപ്പാട് ഖനന മേഖലയില്‍ നടക്കുന്നത്.

തീരദേശ പരിപാലന നിയമത്തിലെ ദൂരപരിധി പാലിച്ചു കൊണ്ടല്ല ഇവിടെ ഖനനം നടക്കുന്നത്. ടി എസ് കനാലില്‍ നിന്നും 25 മീറ്റര്‍ പോലും ദൂരം പാലിക്കാതെയാണ് ഖനനം നടക്കുന്നത്. ഐ ആര്‍ ഇ നിലവില്‍ ഖനനം നടത്തുന്ന സ്ഥലത്ത് ആലപ്പാട് വില്ലേജില്‍ റീസര്‍വ്വേ ബ്ലോക്ക് എട്ടില്‍ ഉള്‍പ്പെട്ട നിലം/നെല്‍വയലുകള്‍ ഉള്‍പ്പടെയുള്ള കൃഷിഭൂമി ഖനനം ചെയ്ത് ഇല്ലാതാക്കി. തണ്ണീര്‍ തടങ്ങള്‍/ചിറകള്‍/നീരൊഴുക്കുള്ള കനാലുകള്‍ തുടങ്ങിയവ ഖനനത്തിന്റെ ഫലമായി നശിച്ചു. ആലപ്പാട് പഞ്ചായത്തിലെ മൂന്നു കിലോമീറ്റര്‍ വീതിയില്‍ 17 കിലോമീറ്റര്‍ നീളത്തിലുള്ള ഭൂപ്രദേശം നാളിത് വരെ നഷ്ടപ്പെട്ടതായി പ്രദേശത്ത് സമരം നടത്തുന്നവര്‍ പറയുന്നു.

ഏകദേശം നൂറു കിലോമീറ്റര്‍ നീളത്തില്‍ വരമ്പ് പോലെ സ്ഥിതി ചെയ്യുന്ന ആലപ്പാട്, ആറാട്ട്‌പുഴ, തൃക്കുന്നപുഴ, പുറക്കാട് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ഇല്ലാതാവുന്നതോടെ പശ്ചിമതീര ദേശീയ ജലപാത ഇല്ലാതാവുകയും ഒരു ലക്ഷത്തിലധികം വരുന്ന തീരദേശ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുകയും ചെയ്യുമെന്നാണ് ‘സേവ് ആലപ്പാട്’ എന്ന പേരില്‍ നിലവില്‍ ശക്തിയാര്‍ജിച്ച സമരത്തിന്‍റെ മുന്നില്‍ നിക്കുന്നവര്‍ പറയുന്നത്.

ഒരു കാലത്ത് പതിനേഴ്‌ കിലോ മീറ്റര്‍ നീളവും ഒരു കിലോ മീറ്ററിലധികം വീതിയും ഉണ്ടായിരുന്നതായും ഇപ്പോള്‍ ചിലയിടങ്ങളില്‍ നൂറുമീറ്റര്‍ പോലും ഇല്ലാതായതായും മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി സംബന്ധിച്ച നിയമ സഭ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ച നിവേദനങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആലപ്പാട് പഞ്ചായത്തില്‍ മാത്രം ഇരുപത്തി അയ്യായിരത്തില്‍ പരം ജനങ്ങളുടെ ജീവിതത്തെയാണ് ഖനനം നേരിട്ട് ബാധിക്കുന്നത്. 24 ക്ഷേത്രങ്ങള്‍, 2 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, 9 വിദ്യാലയങ്ങള്‍, പത്ത് വായനശാലകള്‍, ആറായിരത്തില്‍ പരം വീടുകള്‍, കായംകുളം-അഴീക്കല്‍ മത്സ്യബന്ധന തുറമുഖം തുടങ്ങിയവ എല്ലാം ഖനനം തുടര്‍ന്നാല്‍ ഇല്ലാതാകും എന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു.

ഏകദേശം നൂറു കിലോമീറ്റര്‍ നീളത്തില്‍ വരമ്പ് പോലെ സ്ഥിതി ചെയ്യുന്ന ആലപ്പാട്, ആറാട്ട്‌പുഴ, തൃക്കുന്നപുഴ, പുറക്കാട് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ഇല്ലാതാവുന്നതോടെ പശ്ചിമതീര ദേശീയ ജലപാത ഇല്ലാതാവുകയും ഒരു ലക്ഷത്തിലധികം വരുന്ന തീരദേശ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുകയും ചെയ്യുമെന്നാണ് ‘സേവ് ആലപ്പാട്’ എന്ന പേരില്‍ നിലവില്‍ ശക്തിയാര്‍ജിച്ച സമരത്തിന്‍റെ മുന്നില്‍ നിക്കുന്നവര്‍ പറയുന്നത്.

മാത്രമല്ല പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ജനവിഭാഗം തിങ്ങി പാര്‍ക്കുന്ന പ്രദേശത്തിന്‍റെ 80 ശതമാനവും ഇല്ലാതായതായും ഖനനം തുടര്‍ന്നാല്‍ ദേശീയ ജലപാതക്ക് കിഴക്ക് ഭാഗത്തുള്ള ഭൂപ്രദേശങ്ങളായ ഓണാട്ടുകരയും അപ്പര്‍ കുട്ടനാടും വരെയുള്ള കാര്‍ഷിക ജനവാസമേഖലയിലേക്ക് സമുദ്ര ജലം ഇരച്ചു കയറുകയും ചെയ്യുമെന്നും ഇവിടുത്തെ ജനങ്ങള്‍ ആശങ്കപ്പെടുന്നതായി മുല്ലക്കര രത്നാകരന്‍ അദ്ധ്യക്ഷനായ പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതിയുടെ എട്ടാമത് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരം ആശങ്കകള്‍ ഏതാനും ചില സമര പ്രവര്‍ത്തകരുടെത് മാത്രമല്ല. ഈ അന്വേഷണാത്മക റിപ്പോർട്ടിനു തയ്യാറാക്കുന്നതിനു വേണ്ടി വോക്ക് മലയാളത്തിനോട് സംസാരിച്ച ആലപ്പാട് പഞ്ചായത്തിലെ മഹാ ഭൂരിപക്ഷം പേരും ഇതേ ആശങ്ക പങ്കു വെക്കുന്നവരാണ്.

ചെറിയഴീക്കല്‍ പ്രദേശത്ത് താമസിക്കുന്ന 74 വയസ്സുള്ള സത്യദേവന്‍ എന്നയാള്‍ക്ക് പറയാനുള്ളത് ഇപ്പോള്‍ താമസിക്കുന്ന കടലിനോട് ചേര്‍ന്ന വീട്ടില്‍ നിന്ന് ഒന്നോ രണ്ടോ മൈല്‍ ദൂരത്തുള്ള കടല്‍ തീരത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ്. കടൽ കയറിയത് കാരണം നാലോ അഞ്ചോ തവണ വീട് മാറേണ്ടി വന്നത് അമ്മ കുഞ്ഞ് എന്ന് പേരുള്ള സത്യ ദേവന്‍റെ 90 വയസ്സുള്ള ഭാര്യാ മാതാവിന്റെ ഓര്‍മ്മകളില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നുണ്ട്. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും തീവ്രമായ സ്വരങ്ങളാണ് പ്രദേശത്ത് നിന്ന് കേള്‍ക്കുന്നത്. അത്തരം ശബ്ദങ്ങളുടെ കൂടി ചേരലാണ് ആലപ്പാട് ചെറിയഴീക്കലില്‍ 2018 നവംബര്‍ മാസം ഒന്നാം തീയതി മുതല്‍ സമര പന്തലായി ഉയര്‍ന്നത്.

ആലപ്പാടിനെ പിടിച്ചു നിറുത്തുന്ന ജനകീയ സമരങ്ങൾ

ആലപ്പാട് കരിമണൽ ഖനനം. (c) വോക്ക് മലയാളം

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യത്തോട് വിയോജിക്കുകയും അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാട് ഉയര്‍ത്തി പിടിക്കുകയുമാണ് ജനപ്രതിനിധികളും ഭരണവക്താക്കളും. സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചത്. തീരമിടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാകില്ലെന്നും നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് കമ്പനി പാലിക്കണം എന്നുമാണ് മേഴ്സിക്കുട്ടിയമ്മയുടെ നിലപാട്. ഖനനം പൂര്‍ണമായി നിര്‍ത്തുന്നതു പ്രയോഗികമല്ലെന്നും എന്നാല്‍ കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്നുമാണ് ഇക്കാര്യത്തില്‍ കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ പറയുന്നത്. അതേ സമയം സമരം ആനാവശ്യമാണെന്നാണ് ഐആര്‍ഇയിലെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട്.

ഖനനം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്‍ഇയെ തകര്‍ക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്നു തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു. വാര്‍ത്ത സംബന്ധമായ ആവശ്യങ്ങള്‍ക്കായി ആലപ്പാട് എത്തിയ വോക്ക് മലയാളം മാധ്യമപ്രവർത്തകനു മുന്നില്‍ സിഐടിയു നേതാവ് ശ്രീഷകുമാര്‍ കമ്പനിക്ക് അനുകൂലമായ നിലപാടുകള്‍ നിരത്തുകയും ചെയ്തു. അതെ സമയം പൊതുമേഖലയെ സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്ന് പറയുന്ന ജനപ്രതിനിധികളും ഭരണവക്താക്കളും സി.എം.ആർ.എൽ എന്ന സ്വകാര്യകമ്പനി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് നിശബ്ദമാകുന്നുണ്ട്.

1995 മുതൽ സി. എം. ആർ. എൽ സ്വകാര്യമേഖലാ ഖനനത്തിനായി ശ്രമിക്കുന്നതിന് തെളിവുകളുണ്ട്. കെ. ആർ. എം. എൽ എന്ന സ്വകാര്യ-പൊതു സംയുക്ത സംരംഭം ആരംഭിച്ച് ഖനനത്തിനുള്ള അനുമതി നേടുന്നതിനും 1997 ൽ അവർ ശ്രമിച്ചിരുന്നു. അന്ന് കേന്ദ്രനയം മാറിയതും (ധാതുമണൽ വ്യവസായത്തിൽ സംയുക്തമേഖലയിൽ സ്വകാര്യവത്കരണം ആകാം എന്ന് നയം മാറി) ഇത്തരം ശ്രമങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ആറാട്ടുപുഴ-തൃക്കുന്നപ്പുഴ പ്രദേശങ്ങളിൽ നിന്നുള്ള തീരദേശവാസികളുടെ ശക്തമായ പ്രക്ഷോഭം കാരണമാണ് അന്നത് നടക്കാതെ പോയത്. വി.എം. സുധീരൻ മാത്രമായിരുന്നു പ്രധാനമായും സമരത്തിനൊപ്പം ഉണ്ടായിരുന്നത്. ലോക്സഭാ അംഗമായിരുന്ന അദ്ദേഹം അടുത്തതവണ ഇലക്ഷനിൽ തോൽക്കുകയും ചെയ്തു. (സുധീരന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അദ്ദേഹം എടുത്ത നിലപാട് വലിയ സ്വാധീനം ചെലുത്തിയതായി അന്നത്തെ പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു).

ഇടത്-വലത് രാഷ്ട്രീയകക്ഷികളെല്ലാം സി.എം.ആർ.എല്ലിനൊപ്പം അന്ന് ഒരുമിച്ചു നിന്നു. എന്നിട്ടും ജനകീയ സമരം വിജയിച്ചു. അന്ന് ആ സമരത്തിനൊപ്പം ഉണ്ടായിരുന്നവരിൽ പലരുമാണ് ഇപ്പോൾ ‘സേവ് ആലപ്പാട്’ സമരത്തിലുമുള്ള തദ്ദേശീയർ. സമരം ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഉണ്ടായതല്ല എന്ന് വ്യക്തം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ പ്രദേശത്ത് നടന്ന അനുബന്ധ സമരങ്ങളെ കുറിച്ചും അന്ന് മണലെടുക്കാന്‍ വന്ന വള്ളം നാട്ടുകാര്‍ തകര്‍ത്തതും ചെറിയഴീക്കല്‍ സ്വദേശിയായ സത്യദേവന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. അത്തരം ഓര്‍മ്മകളുടെ തുടര്‍ച്ച മാത്രമാണ് നിലവില്‍ ചെറിയഴീക്കല്‍ പ്രദേശത്ത് നടക്കുന്ന സമരം.

സ്വകാര്യമേഖല സംരംഭം ഖനനത്തിലേക്ക് വരാതിരിക്കാൻ ഒരിക്കൽ സമരം ചെയ്തവര്‍ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നു എന്ന വാദം സമരത്തെ തകര്‍ക്കാനുള്ള കള്ള പ്രചരണങ്ങളില്‍ ഒന്ന് മാത്രമാണെന്ന് വ്യക്തം. ആലപ്പാട് സമരസമിതി സ്വകാര്യമേഖലയിലെ സമരത്തിന് തീർത്തും എതിരാണ് എന്നത് വ്യക്തമാണ്. മാത്രമല്ല, ഒരിക്കൽ ആലപ്പാടിനോട് ചേർന്നുള്ള ആറാട്ടുപുഴ-തൃക്കുന്നപ്പുഴ പ്രദേശത്ത് സ്വകാര്യഖനനം അനുവദിച്ചപ്പോൾ അതിനെ എതിർത്തു തോൽപ്പിച്ച ജനകീയ സമരത്തിനൊപ്പം നിന്നവരാണ് നിലവില്‍ സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും.

വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കാവുന്ന പ്രകൃതി വിഭവങ്ങളുടെ ലാഭക്കണക്കുകള്‍ക്ക് പുറത്ത് ആലപ്പാട് പഞ്ചായത്തില്‍ വിലയിടാന്‍ പറ്റാത്ത ചിലതുണ്ട്. പഞ്ചായത്തില്‍ നിന്ന് നഷ്ടമായ മത്സ്യ സമ്പത്തും ആളുകളുടെ ഉപജീവന മാര്‍ഗവും അവയില്‍ ചിലതാണ്. ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുത്തതിൽ നമ്മുടെ തീരപ്രദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന മത്സ്യ സമ്പത്തിന് വലിയ പങ്കുണ്ട്.

ഇതിനേക്കാള്‍ വലുതല്ല വ്യാവസായ ‌അസംസ്കൃത വസ്തുക്കൾ വഴി വരുന്ന ലാഭക്കണക്കുകൾ. പരിസ്ഥിതിയെയും സൂക്ഷ്മമായ ജൈവബന്ധങ്ങളേയും പരിഗണിക്കാതെയുള്ള നിർമ്മാണ-വികസന പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ഉണ്ടാക്കുന്ന നഷ്ടം എത്ര കരിമണലെടുത്ത് വിറ്റാലും നികത്താൻ കഴിയില്ലെന്ന് മഹാപ്രളയ കാലത്ത് മലയാളികള്‍ തിരിച്ചറിഞ്ഞതാണ്.

ജൈവവൈവിധ്യത്തിന്റെ മൂല്യത്തെക്കൂടി പരിഗണിച്ചുകൊണ്ട് വികസനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു കാലത്തെക്കുറിച്ചാണ് എല്ലാ പരിസ്ഥിതി-വിഭവ സംരക്ഷണ സമരങ്ങളും സംസാരിക്കുന്നത്. അതിനെ സ്വകാര്യലോബിയുടെ താത്പര്യങ്ങളായി മാത്രം വിലയിരുത്തി കാണുന്നത് പരിഷത്ത് അടക്കമുള്ള പ്രസ്ഥാനങ്ങളും ജനകീയ സമരങ്ങളും കേരളത്തിൽ തുറന്നിട്ട പരിസ്ഥിതി സംവാദങ്ങളിൽ നിന്നുള്ള മുഖം തിരിക്കലാവും.

By റിയാസ് ആമി അബ്ദുള്ള

വോക്ക് മലയാളം മാധ്യമപ്രവർത്തകൻ

Leave a Reply

Your email address will not be published. Required fields are marked *