Mon. Dec 23rd, 2024

ഡൽഹി:

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ല് ഇന്നലെയാണ് ലോകസഭ ചര്‍ച്ചക്കെടുത്തത്. ചര്‍ച്ചയില്‍ എതിര്‍ത്ത് സംസാരിച്ചത് മുസ്ലീം ലീഗിലെ പി. കെ. കുഞ്ഞാലിക്കുട്ടി, ഇ. ടി. മുഹമ്മദ് ബഷീര്‍, ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നീ മൂന്ന് എം. പി മാർ മാത്രമാണ്. ഇവർ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.

താൻ ബില്ലിനെ എതിർക്കുന്നുവെന്നും, എന്തുകൊണ്ടെന്നാൽ, ഇത് ഭരണഘടനയോടുള്ള ചതിയാണെന്നും ഒവൈസി ലോകസഭയിൽ പറഞ്ഞു. സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ബില്ല് ഭരണഘടനാശില്പി ബാബാസാഹേബ് അംബേദ്‌കറിനോടുള്ള അവഹേളനമാണ്, എന്തെന്നാൽ സംവരണത്തിന്റെ ശരിയായ ഉദ്ദേശ്യം സാമൂഹിക നീതി ഉറപ്പുവരുത്തുക എന്നതായിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയെ ഇല്ലാതാക്കുവാൻ ഉദ്ദേശിച്ച് ഉള്ളതായിരുന്നു സംവരണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ഭരണഘടന പരിഗണിക്കുന്നില്ല. അത് ഭരണഘടനയുടെ ആദര്‍ശത്തിന് എതിരാണ്. ഭരണഘടനയുടെ ചട്ടക്കൂടിന് വിപരീതമാണത്. ഭരണഘടനയുടെ ചട്ടക്കൂടിനേക്കാൾ ജ്ഞാനം ഈ സർക്കാരിന് ഉണ്ടാവാൻ സാധ്യത ഇല്ല.

നീതി നടപ്പാക്കുന്നതിനെ ഉദ്ദേശിച്ചുള്ളതാണ് സംവരണം എങ്കിൽ; ജന്മി – സവർണ്ണ വിഭാഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ, അടിച്ചമർത്തൽ, വിവേചനം, ഏറ്റുമുട്ടലുകൾ, പോലീസ് പീഡനം, വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥ, ഉന്നത വിദ്യാഭ്യാസം നേടാനാവാത്ത സാഹചര്യം എന്നിവ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്ന് ഈ സർക്കാരിൽ നിന്നും താൻ അറിയാൻ ആഗ്രഹിക്കുന്നു എന്നും, ഈ പറഞ്ഞ ദുരവസ്ഥകൾ അനുഭവിക്കേണ്ടി വരുന്നവരാണ് നിർഭാഗ്യവശാൽ ഈ രാജ്യത്തെ ദളിതരും പട്ടിക ജാതി വിഭാഗക്കാരും, മുസ്ലീം സമുദായത്തിലെ പിന്നോക്കക്കാരും എന്നും ഒവൈസി പറഞ്ഞു.

സവർണ്ണ വിഭാഗം പിന്നോക്കാവസ്ഥ നേരിടുന്നു എന്നതിന് വസ്തുതാപരമായ തെളിവുകൾ ഇല്ല. ഈ തെളിവ് കാണിക്കാൻ സർക്കാരിന് ബാധ്യസ്ഥതയുണ്ട്. അതില്ലാത്തിടത്തോളം സാമ്പത്തിക സംവരണം എന്നത് തട്ടിപ്പാണ്. സച്ചാർ കമ്മിറ്റി, മിശ്ര കമ്മീഷൻ, കുണ്ടു കമ്മിറ്റി, 2011 ലെ സെൻസസ് എന്നിവയിലാണ് വസ്തുതാപരമായ വിവരങ്ങൾ കാണാൻ കഴിയുക. ഇതിൽ മുസ്ലീം സമുദായത്തിലെ കുറഞ്ഞ സാക്ഷാരത നിരക്ക്, സ്കൂളുകളിൽ മുസ്ലീം വിഭാഗങ്ങളുടെ കുറഞ്ഞ നിരക്ക്, വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന മുസ്ലീങ്ങളുടെ കൂടിയ തോത്, ഉന്നതവിദ്യാഭ്യാസം ലഭിക്കാത്ത മുസ്ലീങ്ങൾ, എന്നിവയെല്ലാം കാണാം.

ഈ ബില്ല് സംസ്ഥാനങ്ങൾക്ക് ഭാരമായിത്തീരും എന്ന് താൻ എന്തു കൊണ്ട് പറയുന്നു എന്നാൽ, വസ്തുതാപരമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി മുസ്ലീങ്ങളിലെ പിന്നോക്കക്കാർക്ക് പത്തു ശതമാനവും പട്ടിക വിഭാഗക്കാർക്ക് പന്ത്രണ്ട് ശതമാനവും സംവരണം ആവശ്യപ്പെട്ടുകൊണ്ട് ഒരു ആക്ട് തന്റെ സംസ്ഥാനമായ തെലുങ്കാന പാസ്സാക്കിയിരുന്നു. എന്നാൽ ഇത് കഴിഞ്ഞ ആറു മാസമായി സർക്കാർ നിരസിച്ചിരിക്കുകയാണ്. മറാഠകളുടെ സംവരണത്തിന് എന്ത് സംഭവിക്കുമെന്ന് താൻ സർക്കാരിനോട് ചോദിക്കുന്നു. കേന്ദ്രം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനത്തിലാണോ മറാഠകൾക്ക് സംവരണം നൽകാൻ പോകുന്നതെന്ന് ഒവൈസി ചോദിച്ചു.

ആർട്ടിക്കിൾ 15 ലും 16 ലും ഒരു തരത്തിലും സാമ്പത്തിക സംവരണം കൊണ്ടുവരാൻ സാധിക്കില്ല. “എല്ലാവരുടേയും കൂടെ, എല്ലാവരുടേയും വികസനം” എന്ന മുദ്രാവാക്യം സർക്കാർ ഗൗരവമായി എടുക്കുന്നു എങ്കിൽ താൻ വെല്ലുവിളിക്കുന്നു, 1950 പ്രസിഡൻഷ്യൽ ഉത്തരവിന് എന്തു സംഭവിക്കും? ഇത് സമത്വത്തിനുള്ള അവകാശത്തിന്റെയും ആർട്ടിക്കിൾ 21 ന്റെയും ലംഘനമല്ലേ എന്നും ഒവൈസി ചോദിച്ചു. സർക്കാരിന് ഇന്ന് വേണമെങ്കിൽ ദീപാവലി ആഘോഷിക്കാം എന്ന് പരിഹസിച്ച ഒവൈസി, ഈ ബില്ല് പാസാക്കാൻ സാധിക്കില്ലെന്നും, നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇത് തടയപ്പെടുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *