Mon. Dec 23rd, 2024

അഡ്വ. ബിന്ദു അമ്മിണി (42 വയസ്സ്), കനകദുർഗ്ഗ (44 വയസ്സ്) എന്നീ യുവതികൾ 2019 ജനുവരി 2 ന് ശബരിമല ക്ഷേത്ര സന്നിധാനത്ത് പ്രവേശനം നടത്തി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. തുടർന്ന് ശബരിമലയിലെ സ്ത്രീപ്രവേശനം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന് 97 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ശബരിമലയിൽ സ്ത്രീപ്രവേശനം എന്ന ചരിത്രപരമായ മുന്നേറ്റം ബിന്ദു, കനകദുർഗ്ഗ എന്നിവരിലൂടെ സാധ്യമാവുന്നത്.

അതീവ രഹസ്യമായി നിലയ്ക്കലിൽ നിന്നും പമ്പയിൽ എത്തിയ ഇവർ പോലീസ് സഹായത്തോടെ പുലർച്ചെ 3.45 ഓടെ സന്നിധാനത്തു പ്രവേശിക്കുകയായിരുന്നു. മഫ്തിയിലുണ്ടായിരുന്ന ആറു പൊലീസുകാർ മാത്രമാണ് ബിന്ദുവിനെയും കനകദുർഗ്ഗയെയും അനുഗമിച്ചത്. മുൻ അനുഭവങ്ങൾ വച്ച് ആളുകളുടെ ശ്രദ്ധ ആകർഷിക്കത്തക്ക വിധത്തിൽ വലിയ സുരക്ഷാ സന്നാഹങ്ങൾ പോലീസ് ഒരുക്കിയിരുന്നില്ല. കറുത്ത വസ്ത്രങ്ങൾ ധരിച്ചു മുഖം മാത്രം കാണത്തക്ക വിധമായിരുന്നു യുവതികളുടെ വേഷം. സന്നിധാനത്തെത്തിച്ച ഇവരെ വി.ഐ.പികളെ കടത്തിവിടുന്ന പ്രത്യേക ഗേറ്റിലൂടെയാണ് തിരുമുറ്റത്തെത്തിച്ചത്. തുടർന്ന് സാധാരണ ഭക്തർ പോകുന്ന ഫ്ളൈ ഓവറിലേക്കു പോകാതെ മുൻഭാഗത്തെ വാതിലിലൂടെ യുവതികൾ ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുകയായിരുന്നു.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനക ദുർഗ്ഗയും, തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ പത്തനംതിട്ട സ്വദേശി ബിന്ദുവും 2018 ഡിസംബർ 24 ന് ശബരിമല പ്രവേശത്തിനായി എത്തിയിരുന്നു. എന്നാൽ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേർന്ന് തടയുകയും ചെയ്തു. തുടർന്ന് ഇവരെ പോലീസ് തിരിച്ചു അയക്കുകയുമായിരുന്നു.

തിരിച്ചുവരാൻ തന്നെയാണ് മടങ്ങിപ്പോകുന്നതെന്ന് അന്ന് ബിന്ദു മാധ്യമങ്ങളോട് പ്രസ്താവിച്ചിരുന്നു. ശബരിമലയിൽ തീർച്ചയായും പ്രവേശിച്ചിരിക്കുമെന്ന് ഡിസംബർ 26 ന് തന്റെ ഫേസ്ബുക്ക് പേജിൽ ബിന്ദു കുറിച്ചിരുന്നു. ഇവർക്ക് മുമ്പ് രെഹ്ന ഫാത്തിമ, ലിബി സി.എസ്, ബിന്ദു തങ്കം കല്യാണി തുടങ്ങി 17 ഓളം സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിനായി ശ്രമിച്ചിരുന്നു.

വഴിത്തിരിവായി സുപ്രീംകോടതി വിധി

കഴിഞ്ഞ സെപ്റ്റംബർ 28 നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. നേരത്തെ പത്തു വയസ്സിന് താഴെയും അമ്പതു വയസ്സിന് മുകളിലുമുള്ള സ്ത്രീകൾക്ക് മാത്രമേ ശബരിമലയിൽ പ്രവേശനമുണ്ടായിരുന്നുള്ളു. എന്നാൽ ഈ വിലക്കാണ് സുപ്രീംകോടതി വിധിയോടെ നിയമപരമായി ഇല്ലാതായത്.

വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്നും സ്ത്രീകളെ ദൈവമായി കണ്ട് ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും, സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണെന്നും, ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്ററ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടന ബെഞ്ചിലെ നാലുപേർ വ്യക്തമാക്കി. വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ യുക്തിയുടെ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങളെ വിലയിരുത്തരുതെന്ന അഭിപ്രായമാണ് ഭൂരിപക്ഷവിധിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച ബെഞ്ചിലെ ഏക അംഗം ജസ്റ്റിസ് ഇന്ദു മൽഹോത്രക്ക് ഉണ്ടായിരുന്നത്. 2006-ൽ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ലോകശ്രദ്ധ നേടിയ വിധിയുണ്ടായത്. ആർത്തവകാലത്ത് സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം വിലക്കാൻ നിയമപിൻബലം നല്കുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം(ബി) വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്റെ സെക്രട്ടറി ഭക്തി പസ്രീജ സേത്തിയാണ് ഹർജി നൽകിയത്.

വിധിയെത്തുടർന്ന് സെപ്റ്റംബർ 30 ന് ശബരിമലയിൽ ദർശനം നടത്താൻ തയ്യാറാവുന്ന സ്ത്രീകൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം ബോർഡിന് നിർദേശം നൽകുകയും ഇതുസംബന്ധിച്ച നടപടികളെക്കുറിച്ച് ചർച്ചചെയ്യാൻ ഉന്നതതല യോഗം ചേരുകയും ചെയ്തു. സുപ്രീം കോടതി വിധിയെത്തുടർന്ന് ബി. ജെ. പി, ശബരിമല സംരക്ഷണ സമിതി, തുടങ്ങിയ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള സമരങ്ങളും പ്രതിഷേധ പരിപാടികളും സംസ്ഥാനത്ത് അരങ്ങേറി.

തുലാംമാസ പൂജകൾക്ക് മുന്നോടിയായി ഒക്ടോബർ പതിനാലിന് സംഘപരിവാറിന്റെ നേതൃത്വത്തിൽ പന്തളത്തു നിന്നും തിരുവനന്തപുരം വരെ ‘സേവ് ശബരിമല’ ലോങ്ങ് മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. സ്വാതന്ത്യ്രത്തിനു മുൻപുണ്ടായിരുന്ന ‘പന്തളം കൊട്ടാരത്തിന്റെ’ പ്രതിനിധി ശശികുമാര വർമ്മയാണ് ഈ മാർച്ചിന് നേതൃത്വം നൽകിയത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ നിന്നും പിന്മാറാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതിനായാണ് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചത്.

ബിന്ദുവിനും കനക ദുർഗയ്ക്കും വഴിവെട്ടിയവർ

ഒക്ടോബർ 16 ന് ചെന്നൈയിൽ നിന്ന് ശബരിമല ദർശനം നടത്താനെത്തിയ പഴനി (45), ഭാര്യ പഞ്ചവർണം (40) എന്നീ ദമ്പതികളെ സംഘപരിവാർ നിലയ്ക്കലിൽ തടയുകയും സംഘർഷം ഉടലെടുക്കുകയും ചെയ്തിരുന്നു. വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് എത്തിയ ദമ്പതികൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു ബസ് മാർഗ്ഗം യാത്ര തിരിക്കാൻ ഒരുങ്ങവേയാണ് പ്രതിഷേധക്കാർ തടഞ്ഞത്.

ഒക്ടോബർ 17 ന് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന ദിവസം ശബരിമല പ്രവേശനത്തിന് എത്തിയ ചേർത്തല സ്വദേശി ലിബിയെ പ്രതിഷേധക്കാർ തടഞ്ഞു. പത്തനംതിട്ട ബസ്സ്റ്റാൻഡിൽ വച്ചാണ് പ്രതിഷേധക്കാർ ലിബിയെ തടഞ്ഞത്. അതേസമയം ക്ഷേത്രപ്രവേശനത്തിൽ നിന്നും പിന്മാറില്ലെന്ന് പറഞ്ഞ ലിബിയെ പോലീസ് വാഹനത്തിൽ പത്തനംതിട്ട ബസ്സ്റ്റാൻഡിൽ നിന്നും മാറ്റുകയായിരുന്നു.

അതേദിവസം തന്നെ ആന്ധ്രാപ്രദേശിൽ നിന്നും മാധവി എന്ന 45 വയസ്സുകാരി ശബരിമല ദർശനത്തിനായി തന്റെ രണ്ട് കുട്ടികളോടൊപ്പം വന്നിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്നും പോലീസ് സുരക്ഷ ലഭ്യമാവാതെ സന്നിധാനത്തെത്താൻ സാധ്യമല്ല എന്നതിനാലും മടങ്ങേണ്ടി വന്നു. പ്രതിഷേധക്കാരെ മറികടന്ന് സ്വാമി അയ്യപ്പൻ റോഡ് വരെ മാധവിയും കുട്ടികളും എത്തിയിരുന്നെങ്കിലും അതിനപ്പുറത്തേക്ക് പോകുവാൻ മാധവിയെ പ്രതിഷേധക്കാർ സമ്മതിച്ചില്ല.

18 ന് നിലയ്ക്കലിലെ സംഘർഷ സാഹചര്യത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. അന്നേ ദിവസം രാവിലെ മല കയറാൻ ഒരുങ്ങി ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് എത്തുകയും പൊലീസ് സംരക്ഷണത്തിൽ മുന്നോട്ടു നീങ്ങുകയും ചെയ്തു എന്നാൽ സുഹാസിനിക്ക് അധികം ദൂരം മുന്നോട്ട് പോവാൻ സാധിക്കാത്ത വിധം അയ്യപ്പഭക്തർ ശരണം വിളികളുമായി തടസ്സം സൃഷ്ടിച്ചു. തുടർന്ന് സംഘർഷം ഒഴിവാക്കുന്നതിനായി സുഹാസിനിക്ക് തിരിച്ചിറങ്ങേണ്ടി വന്നു.

ഒക്ടോബർ 19 ന് നടിയും ആക്ടിവിസ്റ്റും കൊച്ചിയിലെ ബി.എസ്.എൻ.എൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ പ്യാരിജാൻ സുലൈമാൻ, ഹൈദരാബാദിൽ നിന്നുമുള്ള മോജോ ടിവി റിപ്പോർട്ടർ കവിത ജക്കാൽ, എന്നിവർ സന്നിധാനത്ത് പ്രവേശിക്കാൻ ശ്രമം നടത്തി. പോലീസിന്റെ സഹായം തേടിയ ഇവരെ സുരക്ഷാകവചങ്ങൾ അണിയിച്ചു പോലീസ് അകമ്പടിയോടെ യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു, ഭക്തരുടെ പ്രതിഷേധം കാരണം ഐ. ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അവസാനനിമിഷം ഈ ശ്രമം ഉപേക്ഷിക്കുകയും ഇവരെ തിരിച്ചയക്കുകയും ചെയ്തു. പമ്പയിൽനിന്നു മലകയറിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ (46) കുറച്ചു ദൂരം നടന്നപ്പോഴേക്കും പ്രതിഷേധക്കാർ തടഞ്ഞു. തുടർന്ന് ഇവർക്കും തിരികെ പോകേണ്ടതായി വന്നു.

കേരളാ ദളിത് മഹിളാ ഫെഡറേഷന് നേതാവും കൊല്ലം കൊട്ടിയം സ്വദേശിയുമായ എസ്. പി മഞ്ജു ഒക്ടോബർ 20 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ശബരിമല സന്നിധാനത്ത് പ്രവേശിക്കണമെന്ന ആവശ്യവുമായി പോലീസിനെ സമീപിക്കുകയുണ്ടായി. ഇവർക്കൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. പോലീസ് പിന്തിരിപ്പിച്ചതിനെത്തുടർന്ന് രണ്ടാമത്തെ സ്ത്രീ തിരിച്ചു പോകാൻ തയ്യാറായി. എന്നാൽ ശബരിമലയിൽ പ്രവേശിക്കാതെ തിരിച്ചുപോവില്ലെന്ന നിലപാടിൽ മഞ്ജു ഉറച്ചുനിന്നു. തുടർന്ന് മഞ്ജുവിന്റെ പേരിൽ വിവിധ ജില്ലകളിലായി പതിനഞ്ചു കേസുകളുണ്ടെന്നും ഇവയുമായി ബന്ധപ്പെട്ട് ചില അന്വേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും അതിനു ശേഷമേ മല കയറാൻ അനുവദിക്കൂ എന്നുമുള്ള വാദം പോലീസ് മുന്നോട്ടു വച്ചു.

സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ കേസുകൾ ഉണ്ടാവുക എന്നത് സ്വാഭാവികമാണെന്ന ന്യായം ഐ ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണക്കിലെടുത്തില്ല. അതേസമയം മഞ്ജു ശബരിമലയിൽ പ്രവേശിക്കുന്ന വാർത്ത അറിഞ്ഞ് നീലിമലയിലും മറ്റും ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു തുടർന്ന് ശബരിമല പ്രവേശനം നടത്തുവാൻ സാധിക്കാതെ മഞ്ജു മടങ്ങുകയായിരുന്നു. ശബരിമലയിലേക്കു പോകാൻ താത്പര്യമില്ലെന്ന് എഴുതിവാങ്ങിച്ചതിന് ശേഷമാണ് ഇവരെ പോലീസ് മടക്കി അയച്ചത് എന്നും സൂചനയുണ്ടായിരുന്നു.

ഒക്ടോബർ 22 ന് എരുമേലി സ്വദേശിയായ ബിന്ദു തങ്കം കല്യാണി എന്ന തൂലികാ നാമം സ്വീകരിച്ച ബിന്ദു ടി.വിയും ശബരിമലയിലെത്തിയത് ശബരിമല പ്രവേശനം എന്ന ലക്ഷ്യത്തോടെയാണ് പക്ഷേ അയ്യപ്പഭക്തരെന്ന് അവകാശപ്പെടുന്ന ആൾകൂട്ടത്തിന്റെ കടുത്ത ആക്രമത്തെ തുടർന്ന് അവർക്ക് മടങ്ങേണ്ടി വന്നു. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോൾ എരുമേലി സ്വദേശിയായ ബിന്ദു രണ്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മലകയറാൻ എത്തിയത്. ഇതിനായി ബിന്ദുവും സംഘവും പോലീസ് സംരക്ഷണവും തേടി. എന്നാൽ ബിന്ദുവിന് ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ലെന്നതിനാൽ സംരക്ഷണം നല്കാനാവില്ലെന്നായിരുന്നു പോലീസ് നിലപാട് എടുത്തത്. ബിന്ദു എരുമേലിയിൽ എത്തിയപ്പോൾത്തന്നെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് പൊലീസ് ഇവരെ മുണ്ടക്കയത്തേക്കും പിന്നീടു കണമലയിലേക്കും മാറ്റി. ഇവിടെയെല്ലാം ബിന്ദുവിനെതിരെ സംഘപരിവാറിന്റെ പ്രതിഷേധവുമുണ്ടായി.

കണമലയിൽനിന്നു 3 പൊലീസുകാർക്കൊപ്പം പമ്പ കെ.എസ്.ആർ. ടി സി ബസിൽ തിരികെ പോന്നെങ്കിലും വട്ടപ്പാറയിൽ 2 ബൈക്കുകളിലായെത്തിയ 4 പേർ ഇവരെ തടഞ്ഞിരുന്നു. കോഴിക്കോട് ചേവായൂർ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയായിരുന്നു ദളിത് വിഭാഗത്തിൽപ്പെട്ട ബിന്ദു. ശബരിമല പ്രവേശത്തിന് ശ്രമിച്ചെന്ന ഒറ്റ കാരണത്താൽ നാട്ടിലും വീട്ടിലും സ്വൈരമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ ബിന്ദു തങ്കത്തിനുണ്ടായി. ജോലി സ്ഥലത്തും താമസസ്ഥലത്തും നിരന്തരമായ കടുത്ത ആക്രമണമാണ് ബിന്ദുവിന് നേരിടേണ്ടി വന്നത്.

വാടകയ്ക്ക് താമസിക്കുകയായിരുന്ന ബിന്ദുവിനെ ശബരിമലയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ചേവായൂരിലെ വാടക വീട്ടിൽ നിന്നും വീട്ടുടമ പുറത്താക്കി. ഒരറിയിപ്പ് ഉണ്ടാകും വരെ സ്കൂളിലേക്ക് വരേണ്ടെന്നായിരുന്നു സ്കൂൾ അധികൃതരുടെ നിലപാട്. ഇതിന് പിന്നാലെ ബിന്ദുവിന് അഗളി സർക്കാർ സ്കൂളിലേക്ക് സ്ഥലമാറ്റം ലഭിച്ചിരുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപികയായ ബിന്ദു സ്വാഭാവിക സ്ഥലം മാറ്റത്തെത്തുടർന്നാണ് അഗളിയിലെത്തിയത്. എന്നാൽ അയ്യപ്പ സേവാ സമിതിക്കാർ അവിടെയുമെത്തി ബിന്ദുവിനെതിരെ നാമജപസമരം നടത്തി പ്രതിഷേധിച്ചു. ഇത് കൂടാതെ കുട്ടികളെ ഉപയോഗിച്ചും ബിന്ദുവിനെതിരെ പ്രതിഷേധം തീർക്കാൻ സംഘപരിവാർ സംഘടനകൾ ശ്രമം നടത്തി.

സ്കൂളിൽ പോവുമ്പോൾ കുട്ടികളെ കൊണ്ട് ശരണം വിളിപ്പിച്ചും മറ്റുമായിരുന്നു പ്രതിഷേധം. സംഭവം അസഹനീയമായതോടെ പി.ടി.എയും അധ്യാപകരും ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും അവിടം കൊണ്ട് കാര്യങ്ങൾ അടങ്ങിയില്ല. കുട്ടികൾ പ്രശ്നം അവസാനിപ്പിച്ചപ്പോൾ സ്കൂളിലെ സമാധാന അന്തരീക്ഷം തകർക്കാൻ ബിന്ദു കാരണമാകുമെന്ന് പറഞ്ഞ് കുറച്ച് രക്ഷിതാക്കളെ ഇറക്കി പ്രതിഷേധിക്കാനും സംഘപരിവാർ ശ്രമിച്ചു. അതുകൂടാതെ ബിന്ദുവും മകളും ഒറ്റയ്ക്ക് കഴിയുന്ന വീട്ടിലെത്തി തെറി വിളിക്കാനും ആക്രമിക്കാനും ശ്രമിച്ചു. രാത്രിയിൽ സംഘടിച്ചെത്തിയ അക്രമികൾ അഗളിയിൽ ബിന്ദു താമസിക്കുന്ന വീടിന്റെ ഗേറ്റ് തകർക്കാനും ശ്രമിക്കുകയും തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്.

ശബരിമലയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഒക്ടോബർ 23 ന് എ.കെ. മായ കൃഷ്ണൻ, എസ്. രേഖ, ജലജമോൾ, ജയമോൾ എന്നീ സ്ത്രീകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മണ്ഡല–മകരവിളക്കു തീർഥാടനത്തിനായി നട തുറന്ന നവംബർ 16 ന് ശബരിമലയിലേക്കു പോകാൻ പുലർച്ചെ 4.40 നു കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉൾപ്പെടെ 6 വനിതകൾക്ക് പുറത്തുകടക്കാനാവാത്ത തരത്തിൽ സംഘപരിവാർ നേത്രത്വത്തിലുള്ള ശബരിമല കർമ സമിതിയുടെ പ്രതിഷേധക്കാർ വിമാനത്താവളത്തിനുമുന്നിൽ സമരം നടത്തി.

പ്രതിഷേധക്കാർ തടിച്ചുകൂടിയതിനാലും പോകാൻ വാഹനം കിട്ടാത്തതിനാലും രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ തൃപ്തി ദേശായിയും സംഘവും 17 മണിക്കൂറിനു ശേഷം മുംബൈയിലേക്ക് വിമാനത്തിൽ മടങ്ങി. അതേസമയം ആന്ധ്രപ്രദേശിൽനിന്നു ദർശനത്തിനെത്തിയ സംഘത്തിലെ നവോജമ്മ (32), കൃപാവതി (42) എന്നീ യുവതികളെ മരക്കൂട്ടത്തിനു സമീപം പ്രതിഷേധക്കാർ തടഞ്ഞുവയ്ക്കുകയും പിന്നീട് ഇവർ തിരിച്ചുപോവുകയും ചെയ്തു. ഡിസംബർ 16 ന് ശബരിമല ദർശനത്തിനെത്തിയ തൃപ്തി ഷെട്ടി, അവന്തിക, രഞ്ജു, അനന്യ എന്നീ ട്രാൻസ്‍‌ജെൻഡേഴ്സിനെ എരുമേലിയിൽ വച്ച് പൊലീസ് തടഞ്ഞതും തിരിച്ചയച്ചതും വിവാദമായി. കൊച്ചിയിൽ വച്ച് കെട്ട് നിറച്ചപ്പോൾ മുതൽ ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് ഡിസംബർ 18ന് കനത്ത പോലീസ് സുരക്ഷയിൽ ഇവർ ശബരിമല ദർശനം നടത്തി. തിരുവനന്തപുരത്തു പോയി പ്രത്യേക അനുമതി വാങ്ങിയതിന് ശേഷം മാത്രമാണ് ഇവർക്ക് മലകയറാനായതും ദർശനം നടത്താൻ സാധിച്ചതും.

തമിഴ് നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടന ‘മനീതി’യുടെ നേതൃത്വത്തിൽ ഡിസംബർ 22 ന് ശബരിമലയിലേക്കു തിരിച്ച 11 യുവതികളടങ്ങുന്ന സംഘം കമ്പംമെട്ട് ചെക്പോസ്റ്റ് വഴി കേരളത്തിൽ പ്രവേശിച്ചു. പിറ്റേദിവസം ‘മനീതി’ സംഘത്തിനുനേരെ പമ്പയിൽ വച്ച് പ്രതിഷേധക്കാർ അക്രമാസക്തരാവുകയും അവർ  ശബരിമല പ്രവേശനം എന്ന ദൗത്യത്തിൽ നിന്നും പിന്തിരിയുകയും ചെയ്തു. പോലീസ് മതിയായ സുരക്ഷ തങ്ങൾക്കു നൽകാതെ തിരിച്ചയച്ചതാണെന്നും വീണ്ടും വരുമെന്നും പറഞ്ഞാണു ആ സംഘത്തിലെ 11 പേരടങ്ങിയ സ്ത്രീകൾ മടങ്ങിയത്.

അതേസമയം ശബരിമല ദർശനത്തിനു വയനാട് നിന്നെത്തിയ ആദിവാസി വനിതാ നേതാവ് കെ. അമ്മിണി (44) പമ്പയ്ക്കുള്ള വഴിയിൽ കണമലയ്ക്കു സമീപം മുട്ടപ്പള്ളിയിൽ യാത്ര മതിയാക്കി മടങ്ങി. എരുമേലിയിൽനിന്ന് പമ്പയ്ക്കുള്ള വഴിയിൽ എട്ടു കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ഇവർ യാത്ര ഉപേക്ഷിച്ചത്. ശബരിമല ദർശനത്തിന് ഡിസംബർ 30ന് പമ്പയിലെത്തിയ 50 വയസ്സിൽ താഴെയുള്ള 2 സ്ത്രീകളെ പൊലീസ് പിന്തിരിപ്പിച്ചു. വിശാഖപട്ടണത്തു നിന്ന് എത്തിയ 49 വയസ്സുള്ള സ്ത്രീയെയും കർണ്ണാടകയിൽ നിന്നു വന്ന മുപ്പതുകാരിയെയുമാണ് പോലീസ് സന്നിധാനത്തേക്കുള്ള യാത്രയിൽ നിന്ന് പിന്തിരിപ്പിച്ചത്.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനു ശേഷം

ശബരിമല പ്രവേശം നടത്തിയ ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ട് കോഴിക്കോട് നടന്ന പരിപാടിയിൽ പങ്കെടുത്തവരുടെ നേർക്ക് സംഘപരിവാറുകാരുടെ മർദ്ദനമുണ്ടായി. ഓ പി രവീന്ദ്രൻ, ഷാഹിറ്റ, യമുന ചുങ്കപ്പള്ള, അമൃത, റെനോയർ, ആദിത്യൻ, സന്ധ്യ സജി, അഖിൽ, സനീഷ് കുന്നമംഗലം, ശ്രീകാന്ത്, ശ്രീജിത്ത്, ഉഷ, ജിഷാദ്, ദിനേശൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചിയിലും മറ്റനവധി ഇടങ്ങളിലും ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും അഭിവാദ്യം അർപ്പിക്കാൻ സാംസ്കാരിക പ്രവർത്തകർ കൂടിയിരുന്നു. ഇവിടെയെല്ലാം സംഘ പരിവാർ അനവധി ആക്രമണങ്ങൾ അഴിച്ചിവിട്ടു. തുടർന്ന്, ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ജനുവരി 2019 നാലാം തീയതി, സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ സംഘപരിവാർ അനുകൂലികൾ ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താലിൽ ആക്രമണം അഴിച്ചുവിടുകയും വലിയതോതിൽ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. പന്തളത്തു ശബരിമല കർമ്മ സമിതി വൈകിട്ട് നടത്തിയ പ്രകടനത്തിന് നേരെ ഉണ്ടായ കല്ലേറിൽ പരുക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ (55) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടയുകയും അക്രമത്തിന്റെ  കാഠിന്യം അതേത്തുടർന്ന് വർദ്ധിക്കുകയും ചെയ്തു.

ഹർത്താൽ ദിവസത്തെ സംഘപരിവാർ ആക്രമണങ്ങളിൽ സംസ്ഥാനത്തുടനീളം പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനോടകം പത്ത് സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബിന്ദുവും കനക ദുർഗ്ഗയും ഇപ്പോഴും പോലീസ് സംരക്ഷണയിൽ തുടർന്നു. അവരുടെ നേർക്കും അവരുടെ കുടുംബത്തിനും ഇപ്പോഴും ജീവനു ഭീഷണികൾ തുടരുന്ന സാഹചര്യത്തിലാണിത്.

Leave a Reply

Your email address will not be published. Required fields are marked *