Sat. Dec 28th, 2024

വലിയ ഭൂരിപക്ഷത്തോടെ ജനുവരി ഒമ്പതാം തീയതി മുന്നാക്ക ജാതിക്കാർക്കുള്ള സാമ്പത്തിക സംവരണ ബില്ല് ലോകസഭ പാസ്സാക്കിയിരിക്കുന്നു.

പ്രസ്തുത ബിൽ ലോകസഭയിൽ അവതരിപ്പിച്ചത്, സാമൂഹിക നീതിവകുപ്പിന്റെ ചുമതല വഹിക്കുന്ന, മന്ത്രി താവർചന്ദ് ഗെഹ്ലോട്ടാണ്. അതേ സമയം ജൂനിയർ മന്ത്രിയായ, മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് (MoS) കൃഷ്ണ പാൽ ഗുർജാറിനു ഇങ്ങിനെയൊരു കാര്യം അറിവുണ്ടായിരുന്നില്ല എന്ന് ലോകസഭയിലെ ചോദ്യോത്തര രേഖ (unstarred question) സൂചിപ്പിക്കുന്നു.

ചോദ്യം ഉന്നയിച്ചത് തെലുങ്കാന രാഷ്ട്ര സമിതി നേതാവ് കോതാ പ്രഭാകർ റെഡിയാണ്. ചോദ്യത്തിൽ മുന്നാക്ക ജാതിക്കാർക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ പദ്ധതിയുണ്ടോയെന്നാണ് ആദ്യത്തെ ചോദ്യം.

അതു കൂടാതെ, സർക്കാരിനു മുന്നാക്ക ജാതിക്കാരായ, രാജസ്ഥാനിലെ രാജ്‌പുത്തുകളിൽ നിന്നോ, മഹാരാഷ്ട്രയിലെ മറാത്തകളിൽ നിന്നോ, ഉത്തർപ്രദേശിലെ താക്കൂറുകളിൽ നിന്നോ അത്തരത്തിലുള്ള എന്തെങ്കിലും ശുപാർശയോ അഭ്യർത്ഥനയോ ലഭിച്ചിരുന്നുവോ എന്നും ചോദ്യങ്ങളിലുണ്ട്.

ഈ രണ്ട് ചോദ്യങ്ങൾക്കും ഇല്ല എന്നാണ് ജനുവരി എട്ടാം തീയതി മറുപടി കൊടുത്തിരിക്കുന്നത്.

പിന്നാക്ക ജാതി സംവരണത്തെ അട്ടിമറിക്കപ്പെട്ടേക്കവുന്ന മുന്നാക്ക സാമ്പത്തിക സംവരണ ബിൽ അതീവ രഹസ്യമായി പദ്ധതി ഇട്ടിരുന്നതായി ഈ രേഖകൾ സൂചിപ്പിക്കുന്നുണ്ട്.

ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൾ മുസ്ലിമിൻ നേതാവ് അസദുദ്ദീൻ ഒവൈസി ലോകസഭയിൽ ഉന്നയിച്ച “എന്തു തെളിവു പ്രകാരമാണ് ഭരണഘടനയെ നിഷേധിക്കുന്ന ഇങ്ങനെയൊരു ബിൽ” എന്ന ചോദ്യവും ഈ ബിൽ രഹസ്യമായി അവതരിപ്പിച്ചതിലെ സുതാര്യതയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

സുപ്രീം കോടതിയിൽ ഈ ബിൽ പാസ്സാവാൻ സാധ്യതയില്ല എന്ന് നിയമ വിദഗ്ദ്ധരടക്കം പ്രസ്താവിച്ചിട്ടും എന്തുകൊണ്ട് പെട്ടെന്ന് ഈ ബിൽ അവതരിപ്പിച്ചു എന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. ഇവ വിരൽ ചൂണ്ടുന്നത് 2019 പൊതു തെരഞ്ഞെടുപ്പിലേക്കാണ്.

2019 ൽ മോദി സർക്കാർ പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി സർക്കാർ ദയനീയപരാജയം ഏറ്റു വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *