Fri. Dec 27th, 2024

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട് സംഭാലിലുണ്ടായ സംഘര്‍ഷത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്. സംഭാല്‍ സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ട യോഗി സര്‍ക്കാറിനെ കടന്നാക്രമിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, സമൂഹത്തെ ധ്രുവീകരിക്കാനും സംഘര്‍ഷം വര്‍ധിപ്പിക്കാനുമുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ചു.

‘യുപിയിലെ സംഭാലില്‍ നടന്ന അക്രമങ്ങളും കലാപങ്ങളും സമൂഹത്തെ ധ്രുവീകരിക്കാനുള്ള മോദി-യോഗി ‘ഇരട്ട എഞ്ചിന്‍ സര്‍ക്കാറിന്റെ’ വ്യക്തമായ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. സര്‍വേ എന്ന് വിളിക്കുന്ന തിടുക്കത്തില്‍ ഈ പ്രദേശത്തെ ജനങ്ങളില്‍ അസ്ഥിരതയും ഭീതിയും സൃഷ്ടിക്കാനുള്ള ആഴത്തിലുള്ള ഗൂഢാലോചനയാണ് നടന്നത്.

പൊലീസിന്റെ കൊലപാതകങ്ങള്‍ ബോധപൂര്‍വം കാര്യങ്ങള്‍ ഈ നിലയിലേക്ക് എത്തിച്ചെന്ന് ഒന്നിലധികം ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കലാപത്തില്‍ സംസ്ഥാനത്തിന്റെ പങ്കാളിത്തം വ്യക്തമാണ്. സമാധാനം പുനസ്ഥാപിക്കുന്നതിനും ആള്‍ക്കൂട്ട അക്രമത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും നിഷ്പക്ഷവും സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ളതുമായ അന്വേഷണം കാലഘട്ടത്തിന്റെ ആവശ്യമാണ്’, കെസി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.

കോടതി ഉത്തരവിനെ തുടര്‍ന്ന് നവംബര്‍ 19ന് ചരിത്ര പ്രസിദ്ധമായ സംഭാല്‍ ഷാഹി ജുമാ മസ്ജിദിലെ ആദ്യ സര്‍വേക്ക് പിന്നാലെ സംഭാല്‍ സംഘര്‍ഷഭരിതമായിരുന്നു. മസ്ജിദ് നിന്ന സ്ഥലത്ത് ഹരിഹര ക്ഷേത്രം ഉണ്ടായിരുന്നെന്നും 1529ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഇത് തകര്‍ത്തെന്നും ആരോപിച്ചുള്ള പരാതിയിലായിരുന്നു കോടതി സര്‍വേക്ക് ഉത്തരവിട്ടത്.

ഞായറാഴ്ച വീണ്ടും സര്‍വേ ആരംഭിച്ചതോടെയാണ് മസ്ജിദിനു സമീപം തടിച്ചുകൂടിയവരും പൊലീസും തമ്മില്‍ സംഘര്‍ഷം നിയന്ത്രണാതീതമായത്. മരണത്തിനിടയാക്കിയത് തങ്ങളല്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പൊലീസ് വെടിവെക്കുന്ന വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ച വാര്‍ത്തസമ്മേളനം നടത്തി ഇറങ്ങുംവഴി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയെ കസ്റ്റഡിയിലെടുത്ത പൊലീസ്, സംഘര്‍ഷം അഴിച്ചുവിട്ടെന്ന് ആരോപിച്ച് മുസ്ലിം സമുദായക്കാരായ 25 പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭലില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംപി സിയാഉ റഹ്‌മാന്‍ ബര്‍ഖ്, എംഎല്‍എ ഇഖ്ബാല്‍ മഹ്‌മൂദിന്റെ മകന്‍ നവാബ് സുഹൈല്‍ ഇഖ്ബാല്‍ തുടങ്ങിയ ആറുപേര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 2750 പേര്‍ക്കുമെതിരെയും കേസെടുത്തു.

വെടിവെപ്പില്‍ അഞ്ചു പേര്‍ മരണപ്പെടുകയും 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകള്‍ പൊലീസ് സമര്‍പ്പിച്ചു. സംഭാലില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികളടക്കം മറ്റു നാട്ടുകാര്‍ക്ക് പ്രവേശനവും വിലക്കി. അക്രമ സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.